വാഷിങ്ടണ്‍: കഴിഞ്ഞദിവസം ചന്ദ്രനിലിറങ്ങിയ അമേരിക്കയുടെ സ്വകാര്യ പേടകം ഒഡീസിയസ് ലാന്‍ഡിങ്ങിനിടെ മറിഞ്ഞു വീണതായി റിപ്പോര്‍ട്ട്. പേടകം ചന്ദ്രോപരിതലത്തില്‍ ഒരുവശം ചരിഞ്ഞാണ് കിടക്കുന്നതെന്ന് പേടകം നിര്‍മിച്ച ഇന്‍ട്യൂറ്റീവ് മെഷീന്‍സ് അറിയിച്ചു. അതേസമയം പേടകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നാണ് ഒഡീസിയസ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയത്. ലാന്‍ഡിങ്ങിന്റെ അവസാന നിമിഷങ്ങളില്‍ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാവുകയും ബാക്ക് അപ്പ് ഗൈഡന്‍സ് സംവിധാനത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ലാന്‍ഡിങിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് പേടകവുമായി ബന്ധം പുനഃസ്ഥാപിക്കാനായത്.
പേടകവുമായുള്ള ആശയവിനിമയം സാധ്യമാക്കിയ ശേഷം ശരിയായ രീതിയില്‍ കുത്തനെ തന്നെയാണ് ലാന്‍ഡിങ് നടന്നതെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ പി
ഴവ് പറ്റിയെന്ന് പിന്നീട് സിഇഒ സ്റ്റീവ് ആള്‍ടിമസ് തിരുത്തി. സോളാര്‍ പാനലുകളെല്ലാം മുകളിലേക്ക് തിരിഞ്ഞാണുള്ളത്. പേടകത്തിലെ ആന്റിനകള്‍ താഴേക്കും. അതിനാല്‍ ശാസ്ത്ര ഉപകരണങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഭൂമിയിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല, ആള്‍ടിമസ് കൂട്ടിച്ചേര്‍ത്തു.
ലാന്‍ഡിങ്ങിനിടെ പേടകം ഒരുകാലില് ഊന്നി ഒരുവശത്തേക്ക് ചരിയുകയായിരുന്നു. പേടകത്തിന്റെ മുകള്ഭാഗം പാറയില്‍ തട്ടി നില്‍ക്കുകയാണ്. ദക്ഷിണധ്രുവത്തിലെ മലാപെര്‍ട്ട്-എ ഗര്‍ത്തത്തിലാണ് പേടകമിറക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഷൂംബെര്‍ഗര്‍ ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങിയത്. ഇവിടെ നിന്ന് പകര്‍ത്തിയ ചിത്രം കമ്പനി പുറത്തുവിട്ടു. അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ഉപയോഗിച്ച് ഒഡീസിയസിന്റെ ചിത്രം പകര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിലൂടെ പേടകം ഇറങ്ങിയ കൃത്യമായ സ്ഥലം കണ്ടെത്താന്‍ സാധിക്കും.
50 വര്‍ഷത്തിനു ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യത്തെ അമേരിക്കന്‍ നിര്‍മിത സ്പേസ്ക്രാഫ്റ്റ് ആണ് ഒഡീസിയസ്. ഫെബ്രു. 15നാണ് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഒഡീസിയസ് വിക്ഷേപിച്ചത്. 14 അടി ഉയരമുള്ള ലാന്‍ഡര്‍ ആറ് ദിവസം കൊണ്ട് 9,97,793.28 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തിയത്.
1972 ലെ അപ്പോളോ 17 ആണ് ഇതിന് മുമ്പ് ചന്ദ്രനിലെത്തിയ അമേരിക്കന്‍ പേടകം. ജനുവരിയില്‍ ചേന്ദ്രാപരിതലത്തിലേക്ക് പെരെഗ്രിന് ബഹിരാകാശ പേകടം വിക്ഷേപിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദൗത്യം പരാജയപ്പെട്ടു. യുഎസിലെ ആസ്ട്രൊബോട്ടിക് ടെക്നോളജീസ് എന്ന സ്വകാര്യ കമ്പനിയാണ് പെരെഗ്രിന് നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: