പോത്തന്‍കോട്: ആംബുലന്‍സുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ ടാര്‍ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയില്‍. എംസി റോഡിനെയും എന്എച്ചിനെയും ബന്ധിപ്പിക്കുന്ന വെഞ്ഞാറമൂട് തൈക്കാട് നിന്ന് ആരംഭിച്ച് കഴക്കൂട്ടം വെട്ടുറോഡില്‍ അവസാനിക്കുന്ന ബൈപ്പാസ് റോഡിലാണ് ടാര്‍ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്.
കാട്ടായിക്കോണം കൂനയില്‍ ക്ഷേത്രത്തിനു സമീപമാണ് റോഡ് പൊട്ടിപ്പൊളഞ്ഞിരിക്കുന്നത്. കഴക്കൂട്ടം ഭാഗത്തുനിന്നും കാട്ടായിക്കോണം ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവരുമ്പോഴാണ് റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നതെന്നതിനാല് വേഗത്തില്‍ വരുന്ന വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് ഈ ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെടാറില്ല.
എംസി റോഡിലൂടെ മെഡിക്കല്‍കോളജിലേക്ക് അത്യാസന്നനിലയിലുള്ള രോഗികളുമായി വേഗത്തില്‍ വരുന്ന അംബുലന്‍സുകളും വിമാനത്താവളത്തിലേക്ക് വരുന്ന ദീര്‍ഘദൂര വാഹനങ്ങളും പൊട്ടിപ്പൊളിഞ്ഞ ഭാഗം ശ്രദ്ധയില്‍പ്പെടാതെ കടന്നുപോകുന്നതിനാല്‍ അപകടസാധ്യതയും വളരെക്കൂടുതലാണ്. അപകസൂചന നല്കുന്ന യാതൊരു മുന്നറിയിപ്പും സ്ഥലത്ത് സ്ഥാപിച്ചിട്ടില്ല.
ബൈപ്പാസ് റോഡായാണ് നിര്‍മിച്ചതെങ്കിലും കഴക്കൂട്ടം-അടുര്‍ മാതൃകാ സുരക്ഷാ ഇടനാഴിയില്പ്പെടുത്തി. 2020 ല്‍ നവീകരിച്ചിരുന്നു. ഇതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ഒരാഴ്ചക്കിടെ കാറുകളും ബൈക്കും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെട്ടത്. റോഡിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞ് റീ ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയില്‍ ആവുകയാണ്.
കോടികള്‍ ചെലവഴിച്ച മാത്യകാ സുരക്ഷാ റോഡാണ് ഇന്ന് അപകട കെണിയൊരുക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കലും അഞ്ചുവര്‍ഷത്തെ റോഡ് പരിപാലനവും ഈ പദ്ധതിയുടെ കരാറിന്റെ ഭാഗമാണ്. എന്നാല്‍ വേണ്ടത്ര രീതിയില്‍ റോഡിന്റെ പരിപാലനം നടക്കാത്തതാണ് റോഡിന്റെ ശോചനീയ അവസ്ഥയ്ക്ക് കാരണമാകുന്നത്. അശാസ്ത്രിയ നിര്‍മാണമാണ് റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു. അപകടങ്ങള്‍ പതിവായിട്ടും വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങളും അധികൃതര്‍ ഒരുക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: