താമസിക്കുന്ന ചുറ്റുപാടുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ് മനുഷ്യന്റെ അത്ഭുതാവഹമായ ഒരു പ്രത്യേകതയാണ്. ഈ വിജനമായ വനത്തിലെ ഏകാന്തമായ കുടിലില്‍ ഞാന്‍ പ്രവേശിച്ചപ്പോള്‍ ഏകാന്തതയുടെ നടുവില്‍ നില്ക്കുന്നതായിട്ടാണ് അനുഭവപ്പെട്ടത്. ഉള്ളിലെ ഏകാന്തത പുറത്തുവന്നുകഴിയുമ്പോള്‍ എല്ലായിടത്തും ഏകാന്തതയാണു കാണുക. എന്നാലിപ്പോള്‍ ഉള്ളിലെ ലഘുത്വം പതുക്കെപ്പതുക്കെ വിശാലമാകാന്‍ തുടങ്ങി. നാലുപാടും സ്വന്തപ്പെട്ടവര്‍ ചിരിച്ചും പറഞ്ഞും കാണപ്പെട്ടാല്‍ പിന്നെവിടെയാണ് ഏകാന്തത? ഇപ്പോള്‍ ഇരുട്ടിലും ആരെ പേടിക്കാനാണ്? എന്തിനെയാണ് ഭയക്കേണ്ടത്?
കറുത്തവാവുനാളിലെ രാത്രി ആയിരുന്നു. മേഘാവൃതമായ ആകാശം, ചെറിയ ചെറിയ മഴത്തുള്ളികള്‍, കമ്പിളി തുളച്ച് അകത്തുകയറാനുള്ള തണുത്ത കാറ്റിന്റെ ശ്രമം. കുടിലിനുള്ളിള് ഇലകള്‍കൊണ്ടുണ്ടാക്കിയ വിരിപ്പില്‍ കിടന്ന് ഈ ശരീരത്തിന് ഇന്ന് വീണ്ടും അസുഖകരമായ വല്ലായ്മ അനുഭവപ്പെടാന്‍ തുടങ്ങി. ഉറക്കം വീണ്ടും മാറ്റിനിന്നു. ചിന്താപ്രവാഹം പാഞ്ഞുവന്നു. സ്വജനങ്ങളും സഹചരന്മാരും നിറഞ്ഞ സമൃദ്ധമായ വീടിനെയും, ഈ കൂരിരുട്ടില്‍ പൊതിഞ്ഞ ശീതക്കാറ്റേറ്റു വിറങ്ങലിക്കുന്ന, വെള്ളംചോര്്ന്നുവീണു നനഞ്ഞ ഈ കുടിലിനെയും താരതമ്യപ്പെടുത്താന്‍ തുടങ്ങി, രണ്ടിന്റെയും ഗുണദോഷങ്ങള്‍ എണ്ണാന്‍ തുടങ്ങി.
സുഖസൗകര്യങ്ങളുടെ അഭാവത്തില്‍ ശരീരത്തിന് വല്ലായ്മ തോന്നുകയായിരുന്നു. മനസ്സും അതിന്റെ കൂട്ടാളി അല്ലേ? അസൗകര്യങ്ങള്‍ നിറഞ്ഞ സ്ഥിതി അതിനിഷ്ടപ്പെടുന്നതെങ്ങനെയാണ്. രണ്ടിന്റെയുംകൂടുള്ള ഒത്തുകളിയാണ്. ആത്മാവിനെതിരായി ഇവരണ്ടും ഒറ്റക്കെട്ടാണ്. ബുദ്ധി, ഇവര്‍ വിലയ്ക്കുവാങ്ങിയ വക്കീലാണ്. ഇവയുടെ ഇഷ്ടാനിഷ്ടങ്ങളെ ന്യായീകരിക്കുകയാണ് ഇതിന്റെ തൊഴില്‍. കാറ്റിന്റെ ഗതിക്കൊത്തുവശം പറയാനുള്ള രാജസേവകന്മാരുടെ കഴിവുപോലെ, രാജാവിനെ പ്രീതിപ്പെടുത്താന്‍ രാജാവ് പറയുന്നതെന്തും സ്തുതിച്ചുപറയുന്നതില് അവര്‍ നിപുണരായിരിക്കുന്നത് പോലെയാണ് ഈ മസ്തിഷ്ക്കവും. മനസ്സിന്റെ ഇഷ്ടത്തിനനുകൂലമായി ചിന്താപ്രവാഹം തുറന്നുവിടും. ന്യായീകരിക്കാന്‍വേണ്ടി അനവധി കാരണങ്ങളും, പ്രയോജനങ്ങളും, പ്രമാണങ്ങളും, തെളിവുകളും ഹാജരാക്കുക അനായാസകരമായ കാര്യമാണിതിന്. സുഖസൗകര്യങ്ങള്‍ നിറഞ്ഞ വീടിന്റെ ഗുണങ്ങളും, കഷ്ടപ്പാടുകള്‍ നിറഞ്ഞ നിര്ജനതയിലെ ദോഷങ്ങളും എണ്ണിയെണ്ണിപ്പറയുന്നതില് അവന് ബാരിസ്റ്റര്‍മാരെ കടത്തി വെട്ടി. പാഞ്ഞടിച്ചുവരുന്ന കാറ്റുപോലെ അവന്റെ അഭിഭാഷണം നടന്നുകൊണ്ടിരുന്നു.
അപ്പോഴേയ്ക്കും തലവച്ചിരുന്ന ഭാഗത്തുനിന്നും ചെറിയ ദ്വാരത്തിലൂടെ ചീവിടു സംഗീതമാലപിക്കാന് തുടങ്ങി. ഒന്നില്‍നിന്നു പ്രോത്സാഹനം ലഭിച്ചു രണ്ടാമത്തേയും പാടാന്‍ തുടങ്ങി. തുടര്‍ന്ന് മൂന്നാമത്തേയും നാലാമത്തേതും അങ്ങനെ താന്താങ്ങളുടെ ദ്വാരത്തിലിരുന്നു കുടിലിലാകെ ചീവിടുകള്‍ ഒന്നിച്ചു പാടാന്‍ തുടങ്ങി. ചീവിടുകളുടെ പാട്ട് അശ്രദ്ധയോടെ പല തവണ മുമ്പു കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ അത് കര്‍ക്കശവും, വ്യര്്ത്ഥവും, ഭോഷത്തവുമായി കരുതിയിരുന്നു. എന്നാല്‍ ഇന്ന് മനസ്സിനുപണിയൊന്നുമില്ലാതിരുന്നതിനാല് പാട്ടിന്റെ ആരോഹണവും അവരോഹണവും ശ്രദ്ധാപൂര്‍വം പരീക്ഷിച്ചു നോക്കാന്‍ തുടങ്ങി. മനസ്സു വിജനതയെ നിന്ദിച്ചു തളര്‍ന്നിരുന്നു. ഈ ചഞ്ചലമായ കുരങ്ങിന്(മനസ്സിന്) എപ്പോഴും പുതിയ പുതിയ പണികള്‍ വേണം. ചീവിടുകളുടെ പാട്ടു കച്ചേരി മൂത്തപ്പോള്‍ അത് രസിക്കാന്‍ തുടങ്ങി.
ചീവിടു നല്ല പാട്ടാണ് പാടിയത്. അതിന്റെ കവിത മനുഷ്യന്റെ ഭാഷയിലല്ലായിരുന്നു. എന്നാല്‍ അതിന്റെ ആശയം മാനവ വിചാരങ്ങള്പോലെയായിരുന്നു. അവന് പാടി: നമുക്കെന്തുകൊണ്ട് നിസ്സീമത്വം കൈവരിച്ചുകൂടാ? നിസ്സീമത്വത്തിന്റെ ആനന്ദം എന്തുകൊണ്ടനുഭവിച്ചുകൂടാ? സീമ ബന്ധനമാണ്. നിസ്സീമതയില്് മുക്തിയുടെ തത്ത്വം നിറഞ്ഞിരുന്നു. ഇന്ദ്രിയങ്ങളില്‍ മാത്രം സുഖം പരിമിതപ്പെടുത്തിയവരും ഏതാനും വസ്തുക്കളും വ്യക്തികളും മാത്രം സ്വന്തമായി കണക്കാക്കുന്നവരും തുച്ഛമായ അഭിലാഷങ്ങളില്‍ തങ്ങളുടെ സ്വാര്‍ത്ഥത ക്ലിപ്തപ്പെടുത്തിയവരുമായ പാവം ക്ഷുദ്രജീവികള്‍ക്ക് എങ്ങനെയാണ് പരമാത്മാവിന്റെ നീസ്സീമമായ ലോകത്തിലെ അപരിമിതമായ ആനന്ദം അനുഭവിക്കാന്‍ കഴിയുന്നത്? അല്ലയോ ജീവീ, നീ നിസ്സീമനാകൂ, ആത്മാവിനെ വിസ്തൃതമാക്കൂ, ആനന്ദം സര്‍വത്ര ചിതറിക്കിടക്കുകയാണ്. അത് അനുഭവിക്കൂ, അനശ്വരമാകൂ.
ഒറ്റക്കമ്പിനൂല് വാദ്യമുപയോഗിച്ചു വീതരാഗ മുനിമാര്‍ നിര്വാണപദമാലപിക്കുന്നതുപോലെ, ചിവീടുകളും നിര്‍ബാധം പാടിക്കൊണ്ടിരുന്നു. ആരെയും കേള്‍പ്പിക്കാനല്ല, സ്വന്ത സുഖാര്‍ത്ഥം അവയുടെ ഈ ശ്രമം നടന്നുകൊണ്ടിരുന്നു. ഞാനും അതില്‍ നിര്‍വൃതിപൂണ്ടു. മഴപെയ്തു ക്ഷതിഗ്രസ്തമായ കുടിലിലെ അസൗകര്യങ്ങള്‍ വിസ്മൃതമായി. വിജനതയില്‍ ശാന്തിഗീതമാലപിക്കുന്ന സഹചരന്മാര് ഉദാസീനത അകറ്റി ഉല്ലാസ പൂര്‍ണമായ അന്തരീക്ഷം സംജാതമാക്കി, പഴയ പതിവുകള്‍ മാറിത്തുടങ്ങി. മനുഷ്യനില്‍ മാത്രം പരിമിതപ്പെടുത്തിയിരുന്ന ആത്മീയഭാവം സകല പ്രാണികളിലേയ്ക്കും വിസ്തൃതമാക്കാന്‍ ശ്രമിച്ചപ്പോള്് ലോകം വളരെ വിശാലമായി. മനുഷ്യനുമായുള്ള സഹവാസത്തിന്റെ സുഖാനുഭൂതി വളര്‍്ന്നു മറ്റു പ്രാണികളുമായും അനുഭവവേദ്യമാകുന്ന പ്രക്രിയ സ്വതഃസിദ്ധമായി. ഇപ്പോള്‍ നിര്‍ജ്ജനമായ ഈ വനത്തിലും എങ്ങും ഏകാകിത്വം ദൃഷ്ടിഗോചരമാകുന്നില്ല.
ഇന്ന് കുടിലിനു പുറത്തുവന്ന് അങ്ങിങ്ങു ചുറ്റിക്കറങ്ങിയപ്പോള്‍ നാലുപാടും സഹചരന്മാര് കാണപ്പെടാന്‍ തുടങ്ങി. വിശാലമായ വൃക്ഷങ്ങള്‍ അച്ഛന്മാരും മുത്തച്ഛന്മാരും ആയി കാണപ്പെട്ടു. കാഷായ വല്ക്കലം ധരിച്ച ഭോജപത്രവൃക്ഷങ്ങള് കാവിമുണ്ടുടുത്ത് തപസ്സു ചെയ്തുനില്ക്കുന്ന മഹാത്മാക്കളായി വീക്ഷിക്കപ്പെട്ടു. നീണ്ടു നിവര്്ന്നുനില്ക്കുന്ന ദേവദാരുവൃക്ഷങ്ങളും ചീഡ(ചീരം) വൃക്ഷങ്ങളും പാറാവുകാരായിനിന്നു. അതുകണ്ടാല്‍, മനുഷ്യരില്‍ പ്രചരിച്ചിരിക്കുന്ന ദുര്‍ബുദ്ധിയെ തങ്ങളുടെ ഇടയിലേയ്ക്കു കടക്കാന്‍ സമ്മതിക്കാതെ അതിനെ ചെറുത്തുനില്ക്കുവാന് ദൃഢപ്രതിജ്ഞ ചെയ്തു നില്ക്കുകയാണെന്നേ തോന്നുകയുള്ളൂ.
ചെറിയ ചെറിയ ലതകളും വല്ലരികളും പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ വരിവരിയായി ഇരിപ്പായിരുന്നു. പുഷ്പങ്ങളാല്‍ അവയുടെ ശീര്ഷാലങ്കാരം നടത്തിയിരുന്നു. മന്ദമാരുതന്റെ തലോടലേറ്റു തലയാട്ടുന്നത് കണ്ടാല്‍ പ്രാഥമിക പാഠശാലകളിലിരുന്നു ചെറിയ കുട്ടികള്‍ തലയാട്ടിക്കൊണ്ടു കണക്കുപട്ടിക പഠിക്കുകയാണെന്ന് തോന്നുമായിരുന്നു. ഇളം ചില്ലികളിലിരുന്നു പക്ഷികള്‍ ശബ്ദിക്കുന്നതു കേട്ടപ്പോള്‍ യക്ഷഗന്ധര്വഗണങ്ങളുടെ ആത്മാക്കള്‍ സുന്ദരമായ കളിപ്പാവകളുടെ രൂപത്തില്‍ ഈ വനശോഭയുടെ ഗുണഗാനങ്ങള്‍ ആലപിക്കാനും അഭിനന്ദിക്കാനുമായി സ്വര്‍ഗ്ഗത്തില്‍നിന്നും അവതരിച്ചിരിക്കുകയാണെന്നുതോന്നി. മാന്കുട്ടികള് കിശോരന്മാരെപ്പോലെ തുള്ളിച്ചാടി നടക്കുന്നുണ്ടായിരുന്നു. വനത്തിലെ ചെമ്മരിയാടുകള്‍ തങ്ങളാണ് ഈ വനാന്തരത്തിന്റെ ഗൃഹലക്ഷ്മി എന്നു തോന്നിപ്പിക്കുമാറ് നിശ്ചിന്തരായി സഞ്ചരിക്കുന്നുണ്ടായിരുന്നു. കൊച്ചുകുട്ടികളുടെ വിനോദത്തിനായി സ്പ്രിംഗുവച്ചുള്ള കളിപ്പാവകളെപ്പോലെ ചെറിയ ചെറിയ പുഴുക്കള്‍ നിലത്തുനടന്നു കളിക്കുന്നുണ്ടായിരുന്നു. അവയുടെ നിറവും ആകൃതിയും നടപ്പുമെല്ലാം കാണേണ്ടതായിരുന്നു. തങ്ങളില്‍ ആര്്ക്കാണു കൂടുതല്‍് സൗന്ദര്യം എന്നതിനെപ്പറ്റി പന്തയമായിരുന്നു.
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: