ഗാന്ധിനഗര്‍: ഗുജറാത്തില്‍ 60,000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മെഹ്സന, നവ്സാരി എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു. റോഡ്, റെയില്‍, ഊര്‍ജം, ആരോഗ്യം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, നഗരവികസനം, ജലവിതരണം, വിനോദസഞ്ചാരം, പെട്രോളിയം-പ്രകൃതിവാതകം, ഗുജറാത്തിലുടനീളമുള്ള ഗോത്രവര്‍ഗത്തിന്റെ വികസനം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.45ന് മെഹ്സനയിലെത്തിയ പ്രധാനമന്ത്രി വാലിനാഥ് മഹാദേവക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതിന് ശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുത്തത്. മെഹ്സനയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 13,500 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. രാഷ്ട്രം അതിന്റെ വികസനയാത്രയുടെ അത്ഭുതപരമായ കാലഘട്ടത്തിലാണ് ഇപ്പോള്‍. സമൂഹത്തിലെ അവസാനത്തെയാളുടെ ജീവിതരീതിയിലും മാറ്റമുണ്ടാക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണ്. ഒരുവശത്ത് ക്ഷേത്രങ്ങള്‍ പണിയുന്നു. മറുവശത്ത് കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നു, വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
ഈശ്വരസേവയും രാഷ്ട്രസേവയും ഒന്നാണ്. രണ്ടും ദ്രുതഗതിയില്‍ നടക്കുന്നു. കോണ്‍ഗ്രസ് ഭഗവാന് ശ്രീരാമന്റെ നിലനില്പിനെ ചോദ്യം ചെയ്തു. അവരുടെ ആകെയുള്ള ആശങ്ക വോട്ട് ബാങ്കിനെ കുറിച്ചാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകിട്ട് നവ്സാരിയില്‍ റാലിയില്‍ പങ്കെടുത്ത അദ്ദേഹം അവിടെ 47,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മൂന്ന് പരിപാടികളില്‍ പങ്കെടുത്തു. ഇപ്പോള്‍ നവ്സാരിയിലാണ് ഈ വികസനത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ജനങ്ങളോട് മൊബൈല്‍ ഫോണുകളുടെ ഫഌഷ് ലൈറ്റുകള്‍ ഓണാക്കി ഉത്സവത്തിന്റെ ഭാഗമാകാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ കര്‍ഷകര്‍ക്ക് 350 കോടിയിലധികം രൂപ സഹായം ലഭിച്ചു. അടുത്ത 25 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ വികസന മാര്‍ഗരേഖ നിലവില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സി.ആര്. പാട്ടീല്‍ എംപി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: