സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധത എത്രത്തോളമുണ്ടെന്നതിന്റെ ഭീകരമായ ചിത്രമാണ് വയനാട്ടിലെ മാനന്തവാടി വരച്ചുകാട്ടുന്നത്. അടുത്തടുത്ത ദിവസങ്ങളിലായി വന്യജീവികളുടെ ആക്രമണത്തില്‍ രണ്ട് ജീവനുകള്‍ പൊലിയുകയും, ഒരാള്‍ മാരകമായി പരിക്കേറ്റ് മരണത്തോട് മല്ലടിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും അവിടേക്ക് തിരിഞ്ഞുനോക്കാത്ത ഒരു ഭരണസംവിധാനമാണ് സംസ്ഥാനത്തുള്ളത്. കര്‍ണാടക വനപ്രദേശത്തുനിന്ന് വന്ന കാട്ടാനയുടെ ആക്രമണത്തില്‍ അനീഷ് എന്നയാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കടുവയുടെ ആക്രമണത്തില്‍ വനപാലകനായ പോളും മരണമടഞ്ഞിരുന്നു. കാട്ടാന ആക്രമിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന ശരത് എന്ന ഗോത്രവര്‍ഗ വിദ്യാര്‍ത്ഥിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോളിന് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ചയാണ് മരണത്തിനിടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തില്‍ രോഷാകുലരായ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങുകയും, മാനന്തവാടിയില്‍ കടുവയുടെ കടിയേറ്റ് മരിച്ച ഒരു പോത്തിന്റെ മൃതദേഹവുമായി പ്രകടനം നടത്തുകയും ചെയ്തു. ആയിരക്കണക്കിനാളുകളാണ് ജാതിമത രാഷ്ട്രീയത്തിനതീതമായി ഈ പ്രതിഷേധത്തിലണിചേര്ന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും സ്ഥലം സന്ദര്‍ശിക്കാനോ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കാനോ അവരെ ആശ്വസിപ്പിക്കാനോ വനംവകുപ്പ് മന്ത്രി തയ്യാറാവാത്തത് തദ്ദേശവാസികളുടെ മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ നവകേരള സദസ്സുകള്‍ സംഘടിപ്പിച്ചവരുടെ തനിനിറമാണ് ഇവിടെ തെളിയുന്നത്.
പ്രശ്നപരിഹാരത്തിന് സംഭവസ്ഥലം സന്ദര്‍ശിക്കേണ്ടതില്ലെന്ന് വനംവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞത് തികഞ്ഞ ധാര്‍ഷ്ട്യമാണ്. വന്യജീവികളുടെ ആക്രമണം ഭയന്ന് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞുകൂടുന്നവര്ക്കൊപ്പം നില്‍ക്കേണ്ടത് ജനപ്രതിനിധിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ഈ മന്ത്രിയുടെ കടമയാണ്. ഇങ്ങനെ ചെയ്യാതിരുന്ന മന്ത്രി ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ മനോഭാവം തന്നെയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സംഭവസ്ഥലത്തു പോകാതെയും പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന മന്ത്രിയുടെ അവകാശവാദം പൊള്ളയാണ്, ആത്മാര്‍ത്ഥത ഇല്ലാത്തതാണ്. ജനങ്ങള്‍ നേരിടുന്ന ഒരു പ്രശ്നത്തില്‍ സാധ്യമായ പരിഹാരം കാണാനോ, അവര്‍ക്ക് ആശ്വസിക്കാവുന്ന വിധത്തില്‍ ഉറപ്പുനല്കാനോ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കുമെന്നുമൊക്കെ വാഗ്ദാനമുണ്ടെങ്കിലും ഇതൊക്കെ എന്നുനടക്കും എന്ന കാര്യത്തില്‍ ഉറപ്പില്ല. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴതന്നെയാണല്ലോ ഇടതുമുന്നണി ഭരണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം കര്‍ണാടക സര്‍ക്കാര്‍ ഈ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത് പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് ഇത്രയും ധനസഹായം നല്കുന്ന പതിവ് കര്‍ണാടകയിലുണ്ട്. ഇങ്ങനെയൊരു സ്ഥിരം സംവിധാനം കേരളത്തിലുണ്ടെന്നു തോന്നുന്നില്ല.
അയല്‍ജില്ലയായ കോഴിക്കോട് സന്ദര്‍ശിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് വയനാട് സന്ദര്‍ശിക്കാതിരുന്നതും കടുത്ത പ്രതിഷേധത്തിനിടയാക്കി. കോഴിക്കോട് സര്‍ക്കാരിന്റെ ഇഷ്ടക്കാരനായ ഒരു വ്യവസായിയുടെ പുസ്തകപ്രകാശനം നടത്തുകയും മതസമ്മേളനത്തില്‍ പങ്കെടുക്കുകയും, കോളജ് വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിക്ക് നിന്നുകൊടുക്കുകയും ചെയ്ത മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കാതിരുന്നത് പലരെയും ഞെട്ടിച്ചു. അധികാരമേറ്റ് അധികം കഴിയും മുന്‍പ് ഓഖി ചുഴലിക്കാറ്റ് ദുരന്തം നേരിട്ട പൂന്തുറയിലെ ജനങ്ങളില്‍നിന്നുണ്ടായ പ്രതിഷേധം മുഖ്യമന്ത്രിയെ ഇപ്പോഴും ഭയപ്പെടുത്തുന്നുണ്ടാവാം. അഴിമതിയാരോപണങ്ങൡപ്പെട്ട് നട്ടംതിരിയുന്ന കുടുംബത്തെ രക്ഷിക്കാന്‍ പരക്കംപായുന്ന ഒരു ഭരണാധികാരിക്ക് ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ എവിടെ സമയം? ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്കെതിരെ ഇതേ മുഖ്യമന്ത്രിയുടെ അറിവോടെ കേസെടുക്കുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ മണ്ഡലമാണ് വയനാട്. ഒരിക്കല്‍ക്കൂടി ഇവിടെനിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്ന രാഹുല്‍ ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചുപോയി. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു കിടക്കുന്ന ഗോത്രവര്‍ഗ വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കാന്‍പോലും ഈ നേതാവ് തയ്യാറാവാതിരുന്നത് കോണ്‍ഗ്രസ്സിന്റെ മുഖംമൂടിയും വലിച്ചുകീറിയിരിക്കുന്നു. പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാവണം ജനപ്രതിനിധികള്‍. അതിന് തയ്യാറാവാതെ സ്വന്തം സുഖസൗകര്യങ്ങളിലും സുരക്ഷയിലും മാത്രം ശ്രദ്ധവയ്ക്കുന്നവരെ പാഠം പഠിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. അതവര് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: