പോകേണ്ടത് ഇതിനുമപ്പുറത്താണ്. ഗംഗ, വാമകം, നന്ദനവനം, ഭാഗീരഥീശിഖരം, ശിവലിംഗ പര്‍വതത്താല്‍ ചുറ്റപ്പെട്ട തപോവനം… ഇവിടമാണ് ഹിമാലയത്തിന്റെ ഹൃദയം. ഈ ഹൃദയത്തില്‍, അജ്ഞാതരായി വസിക്കുന്ന എത്രയോ ഉന്നതാത്മാക്കള്‍ ലോകോദ്ധാരണാര്‍ത്ഥം ആവശ്യമായ ശക്തി സംഭരിക്കുന്ന ശ്രമത്തിലാണ്. അതേപ്പറ്റി ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്നുതന്നെയല്ല, അതിന്റെ ആവശ്യവുമില്ല. സമയോചിതമല്ലെന്ന കാരണത്താലും അതിലേയ്‌ക്ക് വെളിച്ചം വീശുന്നത് ശരിയല്ല.
എന്റെ മാര്‍ഗ്ഗദര്‍ശകന്‍ ഇവിടെനിന്നും മുമ്പോട്ടുള്ള വഴി കാണിച്ചു നടന്നു. അനേകം മൈല്‍ ദുര്‍ഘടമായ കയറ്റം കടന്നു കഴിഞ്ഞു തപോവനം കാണുമാറായി. ചുറ്റും വിശ്വോത്തര സൗന്ദര്യം വിതറി ഹിമാഛാദിതമായ പര്‍വതശൃംഖലകള്‍ നാലുവശവും നില്പുണ്ടായിരുന്നു. മുമ്പിലെ ശിവലിംഗപര്‍വതത്തിലെ ദൃശ്യം കണ്ടാല്‍ വിശാലകായനായ സര്‍പ്പം ഫണം നിവര്‍ത്തി നില്ക്കുകയാണെന്നുതന്നെ തോന്നുമായിരുന്നു. ഭാവനാശക്തിയുള്ളവര്‍ക്ക് ഭുജംഗധാരിയായ ശിവന്റെ ദര്‍ശനം ചര്‍മ്മചക്ഷുക്കളാല്‍ സാദ്ധ്യമാണിവിടെ. വലതുഭാഗത്ത് അരുണിമയാര്‍ന്ന സുമേരു പര്‍വതമാണ്. നീലിമയാര്‍ന്ന മറ്റു ചില പര്‍വതശൃംഗങ്ങളുമുണ്ട്. അവ ബ്രഹ്മപുരി എന്നു വിളിക്കപ്പെടുന്നു. ഇതിനല്പം പിന്നിലായി ഇടതുവശത്തു ഭഗീരഥപര്‍വതം സ്ഥിതിചെയ്യുന്നു. ഗംഗാവതരണാര്‍ത്ഥം ഭഗീരഥന്‍ തപസ്സുചെയ്തത് ഇവിടെ ഇരുന്നാണെന്നു പറയപ്പെടുന്നു.
ഗംഗോത്രിയില്‍ ഗൗരികുണ്ഡത്തിനടുത്ത്, ഭഗീരഥശില എന്നപേരില്‍് ഒരു പാറയുണ്ട്. ഇതിനെ സംബന്ധിച്ചും ഭഗീരഥന്റെ തപസ്സിന്റെ കാര്യം പറയപ്പെടുന്നുണ്ട്. ഈ സ്ഥലം വാസ്തവത്തില്‍ മഞ്ഞുമൂടിയ ഭഗീരഥ പര്‍വതമാണ്. ഈ പര്‍വതത്തില്‍ ്‌നിന്നു ഗംഗ ഉത്ഭവിച്ചതായിട്ടാണ് എഞ്ചിനീയര്‍മാര്‍ കണക്കാക്കുന്നത്.
ഭഗീരഥ പര്‍വതത്തിന്റെ പിന്നിലായിട്ടാണ് നീലഗിരി എന്ന പര്‍വതം ഉള്ളത്. നീലജലമുള്ള നീലനദി ഇവിടെ നിന്നും പ്രവഹിക്കുന്നു. വര്‍ണ്ണശബളമായ ഈ പര്‍വതങ്ങളുടെ സ്വര്‍ഗ്ഗീയ സൗന്ദര്യം ഉയര്‍ന്ന ഒരിടത്തുനിന്നു കാണാവുന്നതാണ്. മഞ്ഞുരുകുമ്പോള്‍ ഭഗീരഥ പര്‍വതത്തിന്റെ വിസ്തൃതമായ മൈതാനം ദുര്‍ഗമമായിത്തീരുന്നു. മഞ്ഞുപൊട്ടി വലിയ വിള്ളലുകള്‍ ഉണ്ടാകുന്നു. അതിന്റെ വായില്‍ ആരെങ്കിലും അകപ്പെട്ടുപോയാല്‍ തിരിച്ചെത്തുമെന്ന് ആശിക്കേണ്ട. ശ്രാവണഭാദ്രപദ മാസത്തില്‍ (ചിങ്ങംകന്നി) മഞ്ഞുരുകി തീരുമ്പോള്‍ ഇത് യഥാര്‍ത്ഥത്തില്‍ നന്ദനവനമായിതോന്നും. നന്ദനവനമെന്നു പേരു മാത്രമല്ല, ഇവിടുത്തെ അന്തരീക്ഷവും അപ്രകാരമാണ്. ആ സമയത്ത് പച്ചപ്പട്ടു വിരിച്ചതുപോലെ പുല്ലുകള്‍ എഴിക്കും. ദുര്‍്ല്ലഭമായ പച്ചമരുന്നുകളുടെ മണം ഈ പ്രദേശം മുഴുവന്‍ സുഗന്ധപൂരിതമാക്കുന്നു. ഭൂമീദേവി പുഷ്പിണിയായി നില്ക്കുന്നതായി കാണപ്പെടുന്നു. ഇത്തരം സൗന്ദര്യത്തിന്റെ ഉറവിടമായ ഭൂമിയില്‍ ദേവന്മാര്‍ വസിക്കുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? പാണ്ഡവര്‍ സ്വര്‍ഗാരോഹണത്തിനായി ഇവിടെ വന്നുവെന്ന് പറയുന്നതില്‍ അതിശയോക്തി തോന്നേണ്ടതില്ല.
ഹിമാലയത്തിന്റെ ഹൃദയത്തിലുള്ള ഈ തപോവനം എത്രമാത്രം മനോഹരമാണോ, അത്രതന്നെ ദുര്‍്ഘടവുമാണ്. പൂജ്യത്തിലും താഴെ ഉറഞ്ഞുകൂടുന്ന തണുപ്പില്‍ ഈ സൗന്ദര്യം കാണാന്‍വേണ്ടി ഇവിടെ താമസിക്കാനുള്ള കഴിവ് ചുരുക്കം ചിലര്‍ക്കേ കാണുകയുള്ളു. ബദരീനാഥം, കേദാര്‍നാഥം എന്നിവ ഈ തീര്‍ത്ഥതപോവനത്തിന്റെ പരിധിയില്‍ പെടുന്നു. ഇപ്പോഴത്തെ വഴിയിലൂടെ ഗോമുഖത്തുനിന്നും കേദാര്‍നാഥത്തിലേക്കുള്ള ദൂരം ഏതാണ്ട് 250 മൈലാണ്. (400 കി.മി) എന്നാല്‍ ഇവിടെ തപോവനത്തില്‍ നിന്നും ‘മാണാ’ താഴ്‌വരയിലൂടെ പോയാല്‍ വെറും 20 മൈലേ ഉള്ളൂ. ആ കണക്കിന് കേദാര്‍നാഥം ഇവിടെനിന്നും 12 മൈല്‍ മാത്രം ദൂരെയാണ്. പക്ഷേ മഞ്ഞുകട്ടകള്‍ വിരിച്ച വഴിയിലൂടെയുള്ള യാത്ര എല്ലാവരാലും സാദ്ധ്യമല്ല.
ഈ തപോവനത്തെ സ്വര്‍ഗ്ഗമെന്നു വിളിക്കുന്നു. ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗത്തില്‍ വന്നു നില്ക്കുകയാണെന്ന അനുഭവമാണ് എനിക്കുണ്ടായത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണോ, ഈ ശരീരം നിമിത്തമാത്രമാക്കി, പാവയെപ്പോലെ നടന്നുകൊണ്ടിരിക്കുന്നത്, ആ പരാശക്തിയുടെ കാരുണ്യത്തിന്റെ ഫലമാണിതെല്ലാം.
വിജനതയിലെ കുടില്‍
ഈ കുടിലിനുചുറ്റും നിശ്ശബ്ദത പരന്നിരിക്കയാണ്. പ്രകൃതി സ്തംഭിച്ചു നില്ക്കയാണ്. വിജനതയിലെ ശൂന്യത അരോചകമായനുഭവപ്പെടുന്നു. പകല്‍ കഴിഞ്ഞു, രാത്രിയായി. അപരിചിതമായ ചുറ്റുപാടായതിനാല്‍ ഉറക്കവും വരുന്നില്ല. ഹിംസ്രജന്തുക്കളോ, കള്ളന്മാരോ, സര്‍പ്പങ്ങളോ ഭൂതങ്ങളോ അല്ല പക്ഷേ ഏകാകിത്വമാണ് ഭയം ഉളവാക്കിയത്. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതൊഴികെ ശരീരത്തിന് ജോലിയൊന്നുമില്ലായിരുന്നു. മസ്തിഷ്‌കം വെറുതെ ഇരിക്കുകയായിരുന്നു. പഴയ ചിന്താശീലം പ്രവര്‍ത്തനത്തിലേര്‌പ്പെട്ടു. ഏകാന്തതയില്‍ എന്തുകൊണ്ടാണ് ഭയം തോന്നുന്നത് എന്നാലോചിക്കാന്‍ തുടങ്ങി.
ഒരു ചിന്ത ഉള്ളിലുദിച്ചു. മനുഷ്യന്‍ സമഷ്ടിയുടെ ഒരംശമാണ്. സമഷ്ടിയാണ് അവനെ വളര്‍ത്തിയതും. ജല തത്ത്വവുമായി ചേര്‍ക്കപ്പെട്ട മത്സ്യത്തിന്റെ ശരീരത്തിന് ജലത്തില്‍ മാത്രമേ ജീവിക്കാന് പറ്റൂ എന്നപോലെ സമഷ്ടിയുടെ ഒരംശംസമുദായത്തിന്റെ ഒരു ഘടകംവിസ്തൃതമായ ചൈതന്യത്തിന്റെ ഒരു സ്ഫുലിംഗംആയിതിനാല്‍ അവനു സമൂഹത്തില്‍ മാത്രമേ സുഖം ലഭിക്കുകയുള്ളൂ. തനിയെ ആവുമ്പോള്‍ വിശാല ചേതനാസമൂഹത്തില്‍നിന്നും ഒറ്റപ്പെടുന്നത് നിമിത്തം ആന്തരിക പോഷണം നിലച്ചുപോകുന്നു. ഈ അഭാവത്താലുള്ള അസ്വസ്ഥതയാവാം ഏകാന്തതയിലെ ഭയമായി തീരുന്നത്.
ഭാവനാശക്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രസ്ഥാപിതവിശ്വാസങ്ങളെ പുഷ്ടിപ്പെടുത്തുന്ന അനേകം ഓര്മ്മകള്‍ ജീവിതത്തില്‍നിന്നും തുടച്ചെടുത്തു. ഏകാന്തതയുടെ… ഏകാന്ത യാത്രയുടെ പല സന്ദര്‍ഭങ്ങളും ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. അവയില്‍ രസമൊന്നുമില്ലായിരുന്നു. സമയം പോക്കുക മാത്രമായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത്, തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന മുറിയില്‍ താമസിച്ച ദിവസങ്ങള്‍ ഓര്‍മവന്നു. ആ മുറിയില് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. ഏകാന്തതമൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദമാണുണ്ടായിരുന്നത്. ഒരു മാസത്തിനുശേഷം മോചനം കിട്ടി പുറത്തുവന്നപ്പോള്‍ ശരീരം മാമ്പഴംപോലെ മഞ്ഞിച്ചിരുന്നു. നില്ക്കുമ്പോള്‍്, കണ്ണില്‍ ഇരുട്ടുകയറുകയായിരുന്നു.
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: