കാഞ്ഞിരപ്പള്ളി: വന്യജീവി അക്രമണവും മനുഷ്യഹത്യയും തുടര്‍ക്കഥയാകുമ്പോള്‍ വയനാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയാകുകയാണെന്ന് പി.സി. ജോര്‍ജ്. വനവിസ്തൃതി കൂട്ടുന്നതിനുള്ള ഗൂഢനീക്കമാണിത്. കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടിനായി ജനങ്ങളെ കുടിയിറക്കാനാണ് വനംവകുപ്പും സര്‍ക്കാരും ശ്രമിക്കുന്നത്. ഇതിന്റ ഭാഗമായാണ് മലയോര മേഖലയില്‍ നിര്‍മാണ നിരോധനവും കൃഷിഭൂമി ഏറ്റെടുക്കുന്ന വനംവകുപ്പിന്റെ പദ്ധതിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനം രൂപീകരിക്കുമ്പോള്‍ 29% വനവിസ്തൃതി ഉണ്ടായിരുന്നത് ഇന്ന് 33 ആയി ഉയര്‍ന്നത് ഘട്ടം ഘട്ടമായി ജനങ്ങളെ കുടിയിറക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വന്യമൃഗങ്ങളെ വ്യാപകമായി ജനവാസ മേഖലയിലേക്കിറക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.
ഒന്നര മാസത്തിനുള്ളില്‍ ആറ് മനുഷ്യ ജീവനാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. അടിയന്തര നടപടികള്‍ സ്വീകരിക്കാനോ മതിയായ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയാറാകാത്തത് കര്‍ഷകരെ വഞ്ചിക്കുന്ന സമീപനമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
വയനാട്ടില്‍ പ്രതിഫലിച്ച ജനങ്ങളുടെ പ്രതിഷേധത്തെപ്പോലും ഇടത് – വലത് മുന്നണികള്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കുകയാണ്. ഇതിനെതിരെ മനസാക്ഷിയുള്ളവര്‍ ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: