വയനാട്: വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ അക്രമസംഭവങ്ങളില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസ്.
വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് പുല്‍പ്പള്ളി പൊലീസ് കേസെടുത്തത്.
കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പിലെ തത്കാലിക ജീവനക്കാരന് പോള്‍ കൊല്ലപ്പെട്ടതാണ് വയനാട്ടില്‍ ജനരോഷം അണപൊട്ടാന്‍ കാരണം. മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചപ്പോഴേയ്ക്കും നഗരം ജനസമുദ്രമായി. കടുവ കടിച്ച് കൊന്ന പശുവിനെ കൂടി നഗരത്തില്‍ എത്തിച്ചതോടെ നാട്ടുകാര്‍ നിയന്ത്രണങ്ങളെല്ലാം ഭേദിച്ച് വനം വകുപ്പിനും പൊലീസിനുമെതിരെ തിരിഞ്ഞു.
വനം വകുപ്പിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍ ടയറിലെ കാറ്റഴിച്ചുവിട്ടു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. വാഹനത്തിന് റീത്ത് വച്ച്, കടുവ പാതി തിന്ന പശുവിന്റെ ശരീരം ജീപ്പിന് മുകളില്‍ കെട്ടിവച്ച് പ്രദര്‍ശിപ്പിച്ചു. സ്ഥലത്തെത്തിയ എം എല്‍ എമാര്‍ക്ക് നേരെയും ജനരോഷമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: