കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എന്‍.കെ. പ്രേമചന്ദ്രനെ യുഡിഎഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇത്തവണ യുഡിഎഫിന് 20 സീറ്റുകളും നേടാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഷിബു ബേബി ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആർഎസ്പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളുടെ ഭയം മുതലാക്കി വോട്ട് നേടാനുള്ള തരംതാണപ്രചാരണങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് അഞ്ചാം വട്ടമാണ് പ്രേമചന്ദ്രന് കൊല്ലത്ത് മത്സരത്തിനിറങ്ങുന്നത്. 1996, 1998, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം വിജയം പ്രേമചന്ദ്രനൊപ്പമായിരുന്നു. മികച്ച ഭൂരിപക്ഷം നേടാനും കഴിഞ്ഞിരുന്നു.
അഞ്ചാം തവണയാണ് ലോക്സഭയിലേക്ക് പാർട്ടി അവസരം നൽകുന്നതെന്നും തന്നെപ്പോലെ പരിഗണന ലഭിച്ച ഒരാളും ഈ പാർട്ടിയിൽ ഉണ്ടാവില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. താൻ ഓരോ സ്ഥലത്തും ജയിച്ചത് ആർഎസ്പി എന്ന ലേബലിലാണ്. പാർട്ടിയുടെ തീരുമാനത്തിൽ 100 ശതമാനം കടപ്പാട് അറിയിക്കുന്നു. തീക്ഷ്ണമായ മത്സരം തന്നെ ഇടതുപക്ഷം കൊണ്ടുവരും. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും രാഷ്ട്രീയ മത്സരം ആയി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നല്ല ആത്മവിശ്വാസത്തോടെയാണ് കൊല്ലത്ത് വീണ്ടും മത്സരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിന് ആധാരമല്ലാത്ത വിഷയത്തെ പർവതീകരിക്കുകയാണ് സിപിഎം. ന്യൂനപക്ഷ വോട്ടുകളാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തിയായി ആ ആരോപണം ഉണ്ടാകും എന്നും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: