മാനന്തവാടി: വയനാട്ടില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ ജനങ്ങള്‍ തുടരെ തുടരെ മരിയ്‌ക്കുന്നതിനെതുടര്‍ന്ന് വലിയ ജനരോഷം അണപൊട്ടുമ്പോഴും വയനാട്ടിലെ എംപിയെ കാണാനില്ല. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് ഒപ്പം നിന്ന് പരിഹാരം കാണാനാണ് എംപി എന്നിരിക്കെ, രാഹുല്‍ഗാന്ധി രംഗത്തെവിടെയുമില്ല. വോട്ടുവാങ്ങാനും ജയിക്കാനും മാത്രമായി എന്തിനാണ് ഇങ്ങിനെ പേരിന് ഒരു എംപി എന്ന ചോദ്യവും ഉയരുന്നു. പി.സീതിഹാജിയുടെ പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം നവമ്പറിലാണ് ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നത്.
ശനിയാഴ്ച പുല്‍പ്പള്ളിയില്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വാഹനത്തിന്റെ മേല്‍ക്കൂര തകര്‍ക്കുകയും ടയറിന്റെ കാറ്റൊഴിച്ച് വിടുകയും ചെയ്തു. വനംവകുപ്പിന്റെ ജീപ്പിന് മുകളില്‍ പ്രതിഷേധക്കാർ റീത്ത് വെച്ചു. അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്റെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചു. അതിവൈകാരിക പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്.
പോളിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപിലെ വനം വാച്ചര്‍ പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം. പുല്‍പ്പള്ളി ബസ സ്റ്റാന്‍ഡിനകത്താണ് മൃതദേഹവുമായുള്ള നാട്ടുകാരുടെ പ്രതിഷേധം. പോളിന്റെ ബന്ധുക്കള്‍, വിവിധ സഭാ പ്രതിനിധികള്‍, രാഷ്‌ട്രീയക്കാര്‍ തുടങ്ങിയവരും പ്രതിഷേധത്തിലുണ്ട്.
പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്
വന്യജീവി ആക്രമണത്തിനെതിരെ ജനരോഷം അണപൊട്ടിയ പുൽപ്പള്ളിയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ ലാത്തിച്ചാർജ്. ഉച്ചയ്‌ക്ക് 12.50 ഓടെയാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് അവരെ പോലീസ് നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: