ന്യൂഡൽഹി: രാജ്യത്തിന്റെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-ത്രീഡി എസ് വിക്ഷേപണം ഇന്ന്. ഇസ്രോയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണിത്. വൈകിട്ട് 5.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിക്ഷേപണം നടക്കും. ജിഎസ്എൽവി എഫ്-14 ആണ് വിക്ഷേപണ വാഹനം.
ജിഎസ്എൽവിയുടെ 16-ാമത് ദൗത്യമാണിത്. പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഗ്രഹം വിനിയോഗിക്കും. കാട്ടുതീയുൾപ്പെടെ തിരിച്ചറിയുന്നതിനും മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കുന്നതിനും ഇൻസാറ്റ് 3ഡിഎസ് നൽകുന്ന വിവരങ്ങളിലൂടെ സാധിക്കും.
കാലാവസ്ഥാനിരീക്ഷണം, വാർത്താവിനിമയം, ടെലിവിഷൻ സംപ്രേഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (ഇൻസാറ്റ്) ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് ഇൻസാറ്റ് 3 ഡിഎസ്. ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിർമിച്ച ഇൻസാറ്റ് 3 ഡിഎസ് ഇപ്പോൾ ഭ്രമണപഥത്തിലുള്ള ഇൻസാറ്റ് 3 ഡി, 3 ഡിആർ എന്നീ ഉപഗ്രങ്ങളുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഏറ്റെടുക്കുക.
1982-ൽ വിക്ഷേപിച്ച ഇൻസാറ്റ് 1 എ ആയിരുന്നു ഈ ശ്രേണിയിലെ ആദ്യത്തേതെങ്കിലും അത് വിജയിച്ചില്ല. എന്നാൽ, ഇൻസാറ്റ് 1 ബി പത്തുവർഷക്കാലം വിജയകരമായി പ്രവർത്തിച്ചു. ഈ ശ്രേണിയിലെ അവസാന ഉപഗ്രഹം ഇൻസാറ്റ് 3 ഡിആർ 2016 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: