കൊച്ചി: വിമോചന സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റ് മരിച്ച രക്തസാക്ഷികളുടെ കല്ലറയില്‍ പൂച്ചെണ്ട് സമര്‍പ്പിച്ചുകൊണ്ടാണ് കേരള പദയാത്രയ്ക്ക് അങ്കമാലിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തുടക്കം കുറിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെ അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക സെമിത്തേരിയില്‍ എത്തിയ അദ്ദേഹം രക്തസാക്ഷികളായ കാലടി മാടശേരി ദേവസി, കൈപ്പട്ടൂര്‍ കൊച്ചപ്പിള്ളി പാപ്പച്ചന്, മറ്റൂര്‍ ചെമ്പശേരി വറീത്, മറ്റൂര്‍ കൊഴുക്കാര് പുതുശേരി പൗലോ, കൊറ്റം മുക്കട പള്ളന്‍ വറീത്, കൊറ്റമം കര്യപറമ്പന് വറീത്, കൊറ്റമം കോലഞ്ചേരി വീട്ടില്‍ പൗലോസ് എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ പൂച്ചെണ്ട് അര്‍പ്പിച്ചു. തുടര്‍ന്ന് പാരീഷ് ഹാളില്‍ എത്തിയ സുരേന്ദ്രന് വികാരി ഫാ. ജിമ്മി പൂച്ചക്കാട്ടിനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തി.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി പി. സുധീര്‍, ചാലക്കുടി ലോക്സഭാ മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ വി.കെ. ബസിത്കുമാര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ എം.എന്‍. ഗോപി, അഗസ്റ്റിന് കോലഞ്ചേരി, ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന്, ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ബ്രഹ്മരാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം ബിജു പുരുഷോത്തമന്, മണ്ഡലം പ്രസിഡന്റ് മനോജ്, ജനറല്‍ സെക്രട്ടറി ബിന്ദു, കൗണ്‍സിലര്‍ രഘു, എ.വി., സന്ദീപ് ശങ്കര്‍ തുടങ്ങിയവര്‍ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: