സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഭാരത ഫുട്ബോള്‍ ടീം 117ലേക്ക് ഇടിഞ്ഞു. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ അടക്കമുള്ള അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് പിന്നാലെ പ്രസിദ്ധപ്പെടുത്തിയ റാങ്ക് പട്ടികയിലാണ് ഭാരതം ഏറെ പിന്നിലേക്ക് പോയത്.
പുതുക്കിയ റാങ്ക് പട്ടിക പ്രകാരം 15 സ്ഥാനങ്ങള്‍ പിന്നിലേക്ക് ഇടിഞ്ഞ് 117-ാമതാണ് ഭാരതം. ഖത്തറില്‍ നടന്ന വന്‍കരയിലെ വമ്പന്‍ പോരാട്ടത്തില്‍ ഒരു മത്സരം പോലും ജയിക്കാതെ ആദ്യ റൗണ്ടില്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ ടീം പുറത്തായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്, സിറിയ ടീമുകളോടാണ് ഭാരതം പരാജയപ്പെട്ടു.
ഇഗോര്‍ സ്റ്റിമാക്ക് പരിശീലക പദവിയിലെത്തിയ ശേഷം ഭാരതം ആദ്യമായാണ് ഇത്രയും വലിയ താഴ്ച്ചയിലേക്ക് പോകുന്നത്. ഇതിന് മുമ്പ് 2016ല്‍ 107-ാം റാങ്കിലേക്ക് താഴ്ന്നെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്രയും വലിയ വീഴ്ച്ച ഉണ്ടായിരുന്നില്ല.
ഏഷ്യന്‍, ആഫ്രിക്കന്‍ കപ്പുകളില്‍ നേട്ടം കൊയ്ത് ടീമുകള്‍
ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ഏഷ്യന്‍ കപ്പ് ഫുട്ബോളിലും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിലും വിവിധ ടീമുകള്‍ നടത്തിയ പ്രകടനം റാങ്ക് പട്ടികയില്‍ പ്രതിഫലിച്ചു. ആഫ്രിക്കന്‍ ടൂര്‍ണമെന്റില്‍ ഏറെ മുന്നേറാന്‍ സാധിച്ചില്ലെങ്കിലും കരുത്തരായ മൊറോക്കോ അമേരിക്കയെ മറികടന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി 12-ാമതെത്തി. ആഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും മുന്നിലുള്ളത് ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന മൊറോക്കോ ആണ്. ജേതാക്കളായ ഐവറി കോസ്റ്റ് പത്ത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 39-ാം റാങ്കിലേക്ക് കുതിച്ചു. ഫൈനലിലെത്തിയ നൈജീരിയ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 28-ാമതായി.
ഏഷ്യന്‍ കപ്പില്‍ ജേതാക്കളായ ഖത്തര്‍ വന്‍ കുതിച്ചുചാട്ടമാണ് റാങ്ക് പട്ടികയില്‍ രേഖപ്പെടുത്തിയത്. 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37-ാം റാങ്കിലേക്കുയര്‍ന്നു. 2022 ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായിരിക്കെ വലിയ മങ്ങലേറ്റ ഖത്തറിന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലൂടെ മുഖം രക്ഷിക്കാന്‍ സാധിച്ചു. റണ്ണറപ്പുകളായ ജോര്‍ദാന്‍ 70-ാം റാങ്കിലേക്ക് ഉയര്‍ന്നു. ഒരു സ്ഥാനം കുറവാണെങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാന് ആണ് മുന്നില്‍. 18-ാം റാങ്കിലാണ് ടീം ഉള്ളത്.
റാങ്ക് പട്ടികയില്‍ ആദ്യ പത്ത് റാങ്കിങ്ങിലെ സ്ഥാനങ്ങള്‍ അതേപടി തുടര്‍ന്നു. ലോക ജേതാക്കളായ അര്‍ജന്റീനയാണ് ഒന്നാമത്. ഫ്രാന്‍സ് രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതുമാണുള്ളത്. ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: