തിരുവനന്തപുരം: കെഎസ്ആര്‍ടിസി യില്‍ ജനുവരി മാസത്തെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മാര്‍ച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മൂന്നു മാസവും, സാമൂഹ്യ പെന്‍ഷനുകള്‍ അഞ്ചു മാസത്തിലധികവും കുടിശികയാക്കിയ സര്‍ക്കാര്‍, അതേ ഗണത്തിലേയ്‌ക്ക് ജീവനക്കാരേയും തള്ളിവിടാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ അഭിഭാഷകര്‍ക്ക് നല്‍കി പെന്‍ഷനുകളും, ശമ്പളവും നല്‍കുന്നത് നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്. അജയകുമാര്‍ പറഞ്ഞു.
എംപ്ലോയീസ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വി. പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി എന്‍.എസ്. രണജിത്, എസ്.വി. ഷാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സി.എസ്. ശരത്, എ.എസ് പത്മകുമാര്‍, വി.ആര്‍. ആദര്‍ശ്, ടി. സുരേഷ് കുമാര്‍, വി.ആര്‍. അജിത്, കെ. സന്തോഷ്, ആര്‍. കവി രാജ്, ഡി. ബിജു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: