തിരുവനന്തപുരം: നിയമസഭയില്‍ പ്രമേയം പാസാക്കിയാല്‍ നാളെ മുതല്‍ കാട്ടാനയും കടുവയും നാട്ടിലിറങ്ങില്ലെന്ന് കരുതാന്‍ അപാര തൊലിക്കട്ടിവേണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ആനയെയും കടുവയെയും ഇറക്കിവിട്ടത് നരേന്ദ്രമോദിയാണെന്ന് പറയാത്തത് ഭാഗ്യം. കേരളത്തെയും നിയമസഭയെയും ഇങ്ങനെ അപഹാസ്യമാക്കാതെ കേന്ദ്രം നിര്‍ദേശിച്ചുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
2019 മുതല്‍ മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാനുള്ള നടപടികള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് 31 കോടി കൊടുത്തു. ആ 31 കോടി എന്തുചെയ്തെന്നും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തുക കേന്ദ്രം ഉയര്‍ത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാക്കി. നിസാര പരിക്കേറ്റവര്‍ക്ക് 25000 രൂപയും നല്‍കും. ഇത് കേരളത്തില്‍ കൊടുക്കുന്നുണ്ടോ. 2017 മുതല്‍ എഴുന്നൂറിലേറെ പേര് കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2021ല്‍ ഇതുസംബന്ധിച്ച് എങ്ങിനെ ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് 2022 ജൂണ്‍ മൂന്നിന് വീണ്ടും സംസ്ഥാനത്തിന് നിര്‍ദേശം നല്കി.
മുള്ളുവേലി, സൗരോര്‍ജ്ജ വൈദ്യുതവേലി, വള്ളിച്ചെടി ഉപയോഗിച്ചുള്ള ജൈവവേലി, അതിര്‍ത്തി ഭിത്തികള്‍ ഇതൊക്കെ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കൃഷി നടത്താനും മരങ്ങളും കുറ്റിക്കാടുകളുമായി യോജിച്ചുപോകുന്ന കാര്‍ഷിക വനവത്കരണ മാതൃകകള്‍ നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലെന്തെങ്കിലും കേരളം നടപ്പാക്കിയിട്ടുണ്ടോ. അരി കിട്ടാതിരുന്നാല്‍ മോദി, പെന്ഷന് കിട്ടാതിരുന്നാല്‍ മോദി, ആനയും കടുവയും ഇറങ്ങിയാല്‍ അതിനും മോദി എന്നു പറഞ്ഞ് ജനങ്ങളെ അപഹസിക്കരുതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: