ന്യൂദല്‍ഹി: കൊട്ടിഘോഷിച്ച് രൂപീകരിച്ച ഇന്‍ഡി സഖ്യം പലവഴിക്കായതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും ഭിന്നതകള്‍ രൂക്ഷമാകുന്നു.
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്ര വന്‍ പരാജയമായതും കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. മധ്യപ്രദേശില്‍ നിന്ന് ഒഴിവു വരുന്ന ഒരു രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ കമല്‍നാഥ് പാര്‍ട്ടി വിട്ടേക്കുമെന്നാണ് വാര്‍ത്തകള്‍. കര്‍ണാടക, രാജസ്ഥാനടക്കം മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിലെ നേതാക്കള്‍ രാഹുല്‍ഗാന്ധിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് പ്രതിഷേധത്തിലാണ്.
നിയമസഭയിലെ ദയനീയ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്റിന് കമല്‍നാഥുമായി സ്വരച്ചേര്‍ച്ചയില്ല. ദല്‍ഹിയിലെത്തി സോണിയാഗാന്ധിയെ കണ്ട് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടെങ്കിലും കമല്‍നാഥിന് സീറ്റ് നല്‍കുന്നതിനോട് രാഹുലിന് എതിര്‍പ്പാണ്. ഫെബ്രു. 27ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ അഞ്ച് ഒഴിവാണുള്ളത്. നാല് സീറ്റുകള്‍ ബിജെപിക്ക് വിജയം ഉറപ്പാണ്. അവശേഷിക്കുന്ന ഒരു സീറ്റ് കോണ്‍ഗ്രസ് നേതാവായ അരുണ്‍ യാദവിന് നല്‍കാനാണ് രാഹുലിന് താത്പര്യം. എന്നാല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ കമല്‍നാഥ് പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. മധ്യപ്രദേശിലെ മാത്രമല്ല ദേശീയ തലത്തിലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാവും കമല്‍നാഥ് പോലുള്ള മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നത്. കമല്‍നാഥും മകനും ലോക്സഭാ എംപിയുമായ നകുല്‍നാഥും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ച കമല്‍നാഥ് തന്നെ നിഷേധിച്ചിരുന്നു.
പ്രധാനമന്ത്രിയെ പ്രശംസിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണത്തെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പ്രിയങ്കാഗാന്ധിക്കും മല്ലികാര്‍ജ്ജുന ഖാര്‍ഗെക്കും പോലും പാര്‍ട്ടിയില്‍ അപമാനമാണ് ലഭിക്കുന്നതെന്ന് പ്രമോദ് കൃഷ്ണം ഇന്നലെ പരിഹസിച്ചു. പാര്‍ട്ടി പ്രസിഡന്റിനെ റബര്‍ സ്റ്റാമ്പാക്കി വച്ചിരിക്കുന്നു. ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിക്ക് യാതൊരു ഉത്തരവാദിത്വങ്ങളും നല്‍കുന്നില്ല. ഇതാണ് രാഹുലിന്റെ യാത്രയില്‍ പ്രിയങ്ക പങ്കെടുക്കാതെ മാറിനില്‍ക്കുന്നത്, ആചാര്യ പ്രമോദ് കൃഷ്ണം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും പുറത്താക്കിയതില്‍ കോണ്‍ഗ്രസിനോട് നന്ദിയുണ്ടെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: