ജയ്പൂര്‍: അങ്കണവാടിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 23 സ്ത്രീകളെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഇതില്‍ രാജസ്ഥാനിലെ സിരോഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ മഹേന്ദ്ര മേവാഡയ്ക്കും മുന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മിഷണര്‍ മഹേന്ദ്ര ചൗധരിക്കും എതിരെ കേസെടുത്തു.
പാലി ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി വാഗ്ദാനം നല്കി ഇരുവരും വഞ്ചിക്കുകയായിരുന്നു. മേവാഡയുടെയും ചൗധരിയുടെയും നിര്‍ദേശപ്രകാരം, അങ്കണവാടിയില്‍ ജോലിക്കായാണ് സ്ത്രീളെല്ലാവരും പാലിയില്‍ നിന്ന് സിരോഹിയിലെത്തിയത്. ഒരു വൈന്‍ ഷോപ്പില്‍ അവര്‍ക്ക് താമസവുമൊരുക്കിയിരുന്നു. സ്ത്രീകള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് അടങ്ങിയിരുന്നു. അത് കഴിച്ച ശേഷം ബോധരഹിതരായ സ്ത്രീകളെ അവര്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കി. മേവാധയും ചൗധരിയും കൂടാതെ കുറച്ചുപേര്‍ കൂടി അവിടെയുണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്.
ആരോപണവിധേയരിരുവരും ലൈംഗികാതിക്രമങ്ങള്‍ ചിത്രീകരിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ വീതം ആവശ്യപ്പെട്ടിരുന്നു. വെള്ളക്കടലാസുകളില്‍ വിരലടയാളം പതിപ്പിച്ചെടുത്തതായും പരാതിയില്‍ പറയുന്നു. മുമ്പും പരാതിയുമായി സ്ത്രീകള്‍ പോലീസിനെ സമീപിച്ചിരുന്നു. അന്ന് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് സമയമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. അവര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. പരാതി വ്യാജമാണെന്നാണ് അന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പരാസ് ചൗധരി പറഞ്ഞതെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് അന്വേഷണത്തില്‍ പുരോഗതിയുണ്ടായത്. സ്ത്രീകളുടെ ഹര്‍ജിയില്‍ രാജസ്ഥാന് ഹൈക്കോടതി കേസെടുക്കാന്‍ ഉത്തരവിട്ടു. സംഭവത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ അന്വേഷണ കമ്മിഷന് രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: