വേഷങ്ങള്‍ എല്ലാം അഴിച്ചുവച്ച് മലയാളത്തിന്റെ പ്രിയ കവി അരങ്ങൊഴിഞ്ഞു. മരണം എന്ന സത്യത്തെ അംഗീകരിക്കുമ്പോഴും ഈ വിയോഗം ഭാഷയ്ക്കും കാവ്യലോകത്തിനും തീരാനഷ്ടം തന്നെയാണ്. ഉപചാര വാക്കുകളുടെ കൃത്രിമത്വം ഇല്ലാതെ, കാപട്യം ഇല്ലാത്ത ചിരിയോടെ എല്ലാവരെയും ഒരുപോലെ ഹൃദയംകൊണ്ട് സ്വീകരിക്കുന്ന തനി നാട്ടിന്‍പു
റത്തുകാരനായിരുന്ന ഈ കവിയെ ഒരിക്കലും മറക്കുവാന്‍ കഴിയില്ല. താന്‍ ജീവിച്ചിരുന്ന ദേശം എന്ന ഗ്രാമത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ക്കുമ്പോള്‍ അദ്ദേഹം മനസ്സില്‍ കണ്ടത് ആ കൊച്ചുഗ്രാമത്തെ മാത്രമായിരുന്നില്ല, മലയാള ദേശത്തെ മുഴുവനുമായിരുന്നു എന്ന് വിശ്വസിക്കുവാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ രചനകള്‍ അത് കാണിച്ചുതരുന്നുമുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെയും വിവിധ ഭാവങ്ങള്‍ കവിതകളിലേക്ക് ആവാഹിച്ചുവയ്ക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
”മറ്റേതു നാട്ടില്‍ പറിച്ചു നട്ടാലുമെന്‍
പൊട്ടിയ നാരായവേരിന്റെ അറ്റത്ത്
പൊട്ടിച്ചിനച്ചു തഴയ്ക്കാന്‍
കൊതിപ്പു ഞാന്‍.”
മറുനാട്ടില്‍ എന്ന കവിതയിലെ ഈ വരികള്‍ വ്യക്തമാക്കുന്നതും സ്വന്തം നാടിനോടുള്ള അദമ്യമായ സ്നേഹവായപ് തന്നെയാണ്. ഇത്തരം വൃത്തഭംഗിയും ഭാവാര്‍ത്ഥ ഭംഗിയും നിറഞ്ഞ അസംഖ്യം കവിതകളും, ശൈലീഭദ്രമായ രചനകൊണ്ട് ശ്രദ്ധേയമായ എത്രയോ ശ്ലോകങ്ങളും ആസ്വാദകമനസ്സില്‍ സൃഷടിച്ച നിറച്ചാത്തുകള്‍ കാലത്തിനു സൂക്ഷിക്കാന്‍ നല്കി കവി യാത്രയായിക്കഴിഞ്ഞു.
ചെറുപ്പത്തില്‍ അക്ഷരശ്ലോക പഠനം തുടങ്ങിയപ്പോഴാണ് എന്‍.കെ. ദേശം എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. അതൊരു നാടിന്റെ പേരാണെന്ന് തിരിച്ചറിയുവാനും, ആ പേരിന് ഉടമയായ കവിയെ മനസ്സിലാക്കുവാനും പിന്നെയും അനേക വര്‍ഷങ്ങള്‍ എടുത്തു. മത്സരവേദികളിലെ വിധികര്‍ത്താവായും അക്ഷരശ്ശോക കാവ്യകേളി പരിശീലകനായും കവിയരങ്ങുകളില്‍ കവിയായും ഒക്കെ താന്‍കെട്ടിയ വേഷങ്ങളെല്ലാം അദ്ദേഹം ഭംഗിയായി ആടിതീര്‍ത്തു. സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും ഒരേ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിരുന്ന ദേശം സാറിന് അക്ഷരശ്ലോകവും മറ്റു കവിതകളും തമ്മില്‍ ഭേദം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ ‘ഹരിശ്രീ’ കളരിയിലെ കുട്ടികള്‍ക്ക് ശ്ലോകത്തിനും കാവ്യകേളിക്കും പരിശീലനം നല്കി. അതിലൂടെ അദ്ദേഹം പുതുതലമുറയ്ക്ക് പകര്ന്നുനല്കിയത് ഒരിക്കലും അണയാത്ത കാവ്യ സംസ്കാരമാണ്. താന്‍ പരിശീലിപ്പിക്കുന്ന കുട്ടികള്‍ എന്നോ മറ്റ് കളരിയിലെ കുട്ടികള്‍ എന്നോ ഭേദമില്ലാതെ എല്ലാവരെയും എപ്പോഴും നിറഞ്ഞ ചിരിയോടെ വാത്സല്യത്തോടെ അഭിനന്ദിക്കുമ്പോള്‍, നിര്‍ദ്ദേശങ്ങള്‍ തരുമ്പോള്‍ ഒരു ഗുരുനാഥന് എങ്ങനെയായിരിക്കണം എന്ന് അദ്ദേഹം കാണിച്ചു തരുകയായിരുന്നു. ശ്ലോകങ്ങളും കവിതകളും ധാരാളമുള്ള അദ്ദേഹത്തിന്റെ കാവ്യശേഖരത്തില്‍ വൃത്തനിബന്ധനയില്ലാത്ത കവിതകള്‍ കാണുക പ്രയാസമാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ അത് മനപ്പൂര്‍വമായിരുന്നില്ല-ഉള്ളില്‍ എന്നോ ഉറച്ചുപോയ താളങ്ങളും വൃത്തബോധവും കൊണ്ട് വൃത്തത്തില്‍ അല്ലാതെ കവിത പുറത്തേക്ക് വരാറില്ലായിരുന്നു. താളമേളങ്ങളുടെ നാടായ നമ്മുടെ കേരളത്തിന്റെ തനതു സംസ്കൃതിയെഅദ്ദേഹം അടിവരയിട്ട് ഉറപ്പിക്കുകയയിരുന്നു ഈ വാക്കുകളിലൂടെ.
തന്റെ സ്വഭാവത്തിലുള്ള അതേ ലാളിത്യം കവിതകളിലും സൂക്ഷിച്ച കവിയാണ് എന്‍.കെ. ദേശം. സൗമ്യവും ദീപ്തവും ആയിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍. കൊച്ചുകുട്ടികള്‍ പോലും പാടിനടക്കുന്ന ‘അമ്പല ഗോപുര നടയിലൊരാ നക്കൊമ്പനെ ഞാന്‍ കണ്ടേ’ എന്നു തുടങ്ങുന്ന കവിത മുതല്‍ വിശ്വപ്രസിദ്ധമായ ഗീതാഞ്ജലിയുടെ വിവര്‍ത്തനം വരെ അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. മലയാളത്തിന് സുന്ദരമായ കവിതകള്‍ സമ്മാനിച്ച വൈലോപ്പിള്ളി ശ്രീധരമേനോനുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി കവിതന്നെ പറഞ്ഞിട്ടുണ്ട്. കാവ്യഗുണത്തിന്റെ കാര്യത്തില്‍ ‘എനിക്ക് ഈ ദേശത്തിനോട് അസൂയയാണ്’ എന്ന് വൈലോപ്പിള്ളി പറഞ്ഞതായി തമാശരൂപത്തില്‍ അദ്ദേഹം ഓര്‍മ്മിക്കാറുണ്ട്.
എന്നാല്‍ മലയാളികള്‍ ഇന്നും ദേശം കവിതകളെ വേണ്ടത്ര പഠിക്കുകയോ പരിഗണിക്കുകയോ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല എന്നത് നിരാശാജനകംതന്നെ. കുറിക്കുകൊള്ളുന്ന നര്‍മ്മത്തിലൂടെ ഇത്രയും ശക്തമായ സാമൂഹ്യ വിമര്‍ശനം നടത്തിയിട്ടുള്ള കവി വേറെയുണ്ടോയെന്ന് സംശയമാണ്. തത്വചിന്താപരമായ വിഷയങ്ങളെയും ഏറ്റവും ലളിതമായി ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഉറക്കത്തിനിടയില്‍ കാണുന്ന സ്വപ്നം പോലെയാണ് ഈ ഭൂമിയിലെ ജീവിതം എന്ന സത്യത്തെ ഏറ്റവും ലളിതമായി തനി നാടന്‍ ശൈലിയില്‍ അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട് .’നാടോടികളുടെ പാട്ട്’ എന്ന കവിതയിലെ വരികള്‍ എന്നും പ്രസക്തമാണ്. ഈ ഭൂമിയില്‍ ഞങ്ങളും നിങ്ങളും ഇല്ല നമ്മള് മാത്രമേയുള്ളൂ എന്നു പറഞ്ഞുകൊണ്ട് എല്ലാവരും തുല്യരാണ് എന്ന് ചിന്തിക്കുന്ന കവിയെ നമുക്ക് ഈ കവിതയില്‍ കാണാം. മനുഷ്യന്റെ മഹത്വം മനസ്സിലാക്കി മനുഷ്യരാശിയുടെ ഒരുമ ആഗ്രഹിച്ചുകൊണ്ട് സാമൂഹ്യ സമരസ ഭാവനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വരികള്‍ ആണ് ഈ കവിതയെ ശ്രദ്ധേയമാക്കുന്നത്. കവിതയിലെ നാടോടികളെ പോലെതന്നെ ഉള്ളതുകൊണ്ട് സന്തോഷിക്കുകയും, ആ സന്തോഷം പങ്കിടുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയായിരുന്നു എന്‍.കെ. ദേശം എന്ന കവിക്ക് എന്നും ഉണ്ടായിരുന്നത്. ശീലിച്ചുപോന്ന മനസ്സിന്റെ നിസ്സംഗതാഭാവം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തനാക്കുന്നു. തനിക്ക് കിട്ടിയ അവാര്‍ഡുകളില്‍ അമിത സന്തോഷമോ കിട്ടാത്ത അവാര്‍ഡുകള്‍ക്ക് പിന്നാലെയുള്ള പരക്കംപാച്ചിലോ നിരാശയോ അദ്ദേഹത്തിന് ഇല്ല. തന്റെ കവിതകള്‍ കുട്ടികള്‍ ചൊല്ലി കേള്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും വലിയ സന്തോഷമായി കണ്ടിരുന്നത്. ഭാരതീയ പാരമ്പര്യത്തെയും സംസ്കൃതിയെയും മനസ്സിലേറ്റിക്കൊണ്ട് കാവ്യരചനയെ സാമൂഹ്യ സേവനമായി കണക്കാക്കിയിരുന്ന ഈ കവി താരജാഡകളും താന്‍പോരിമയും അരങ്ങുവാഴുന്നകാലത്ത് വേറിട്ടു നില്ക്കുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തെപ്പോലുള്ളവര്‍ ആയിരിക്കണം എന്നും നമ്മുടെ സാംസ്കാരിക രംഗത്തെ മാതൃക. കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ കവി എന്നും അമരന് ആയിരിക്കട്ടെ. ജീവിതവും കവിതയും രണ്ടല്ല, ഒന്നാണെന്ന് കാണിച്ചുതന്ന കവി ഗുരുവിന്റെ ഓര്‍മയ്ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: