ഉത്തരാഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ എല്ലാ പൗരന്മാര്ക്കും ഒരുപോലെ ബാധകമാവുന്ന പൊതുസിവില്‍ നിയമം കൊണ്ടുവന്നത് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ വഴിത്തിരിവാണ്. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ പൊതു സിവില്‍ നിയമം പ്രാവര്‍ത്തികമാക്കുന്നത്. ഗോവയില്‍ ഇത്തരമൊരു നിയമം ബ്രിട്ടീഷുകാരുടെ കാലം മുതല്‍ നിലവിലുള്ളതാണ്. വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്ച്ചാവകാശം മുതലായവയ്ക്ക് മതങ്ങള്‍ക്കതീതമായ പൊതുനിയമം ബാധകമാകുന്ന നിയമം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്താണ് പാസാക്കിയത്. പൊതുസിവില്‍ നിയമം കൊണ്ടുവരുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. രാജ്യത്ത് പൊതുസിവില്‍ നിയമം കൊണ്ടുവരണമെന്ന ചര്‍ച്ച ഏറെക്കാലമായി നടക്കുന്നതാണ്. ഇതിന് അനുകൂലമായും പ്രതികൂലമായും നിരവധി വാദമുഖങ്ങള്‍ ഉയരുകയും ചെയ്തതാണ്. ഇങ്ങനെയൊരു നിയമം അനിവാര്യമാണെന്ന് പറയുന്നവരെ എതിര്‍ത്ത് ഈ നിയമം ആവശ്യമില്ലെന്നു വാദിക്കുന്ന ഒരു പ്രത്യേക വിഭാഗമുണ്ട്. പൊതു സിവില്‍ നിയമം പ്രായോഗികമല്ലെന്നു വാദിക്കുന്നവരുമുണ്ട്. എന്നാല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇത് പ്രാവര്‍ത്തികമാക്കി കാണിച്ചത് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. പൊതുസിവില്‍ നിയമത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അത് അസാധുവാണെന്നും കാണിക്കാന്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു.
പൊതുസിവില്‍ നിയമം ബിജെപിയുടെയും സംഘപരിവാറിന്റെയും സൃഷ്ടിയായാണ് അതിനെ എതിര്‍ക്കുന്നവര്‍ ചിത്രീകരിക്കാറുള്ളത്. ഇത് കാലങ്ങളായി നടക്കുന്ന ഒരു അസത്യ പ്രചാരണമാണ്. ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ പൊതു സിവില്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഭരണഘടനയുടെ മുഖ്യശില്പ്പിയും സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ നിയമമന്ത്രിയുമായിരുന്ന ഡോ. ബാബാസാഹേബ് അംബേദ്കര്‍ പൊതുസിവില്‍ നിയമത്തിന്റെ ശക്തനായ വക്താവായിരുന്നു. രാജ്യത്തിന് മുഴുവന്‍ ബാധകമാവുന്ന പൊതുസിവില്‍ നിയമം കൊണ്ടുവരണമെന്ന് പറയുന്ന നിരവധി സുപ്രീംകോടതിവിധികളുമുണ്ട്. എന്തുകൊണ്ട് ഇത് നടപ്പാക്കുന്നില്ല എന്ന് ചോദിക്കുന്ന വിധികളുണ്ടായിട്ടുണ്ട്. പക്ഷേ ചിലരുടെ സങ്കുചിത മതബോധത്തിന്റെയും വര്‍ഗീയ പ്രീണനത്തിന്റെയും വോട്ടുബാങ്കിന്റെയും പേരില്‍ ഇങ്ങനെയൊന്ന് പ്രാവര്‍ത്തികമാക്കാന്‍ ആറ് പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ താല്പര്യം കാണിച്ചില്ല. ബിജെപിയുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെ പ്രകടനപത്രികകളില്‍ മാത്രമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് പറയുന്നതിനൊപ്പം പൊതുസിവില്‍ കോഡ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമനിര്മാണത്തിനൊപ്പം പൊതുസിവില്‍ കോഡിന് അന്തരീക്ഷമൊരുക്കുന്ന നിരവധി നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിയമനിര്‍മാണം നടത്തിയിരിക്കുന്നതും, അതിന് വ്യാപകമായ സ്വീകാര്യത ലഭിക്കുന്നതും. പൊതുസിവില്‍ നിയമം മുസ്ലിം വിരുദ്ധമാണെന്ന ദുഷ്പ്രചാരണം ഇനി അധികകാലമൊന്നും നിലനില്ക്കാന് പോകുന്നില്ല.
യഥാര്‍ത്ഥത്തില്‍ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന തത്വത്തിന് അനുസൃതമാണ് പൊതുസിവില്‍ നിയമം. മതത്തിനകത്തും പുറത്തും പൗരന്മാര് അനുഭവിക്കുന്ന അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും അറുതിവരുത്താന്‍ പൊതുസിവില്‍ നിയമത്തിന് കഴിയും. മതത്തിന്റെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും അറുതിവരുത്താന്‍ ഈ നിയമത്തിനു കഴിയും. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ സ്ഥാപിതതാല്പര്യങ്ങള് പുലര്‍ത്തുന്ന മതനേതാക്കളും രാഷ്ട്രീയ നേതാക്കളും പൊതുസിവില്‍ നിയമം വരുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുപോരുകയാണ്. പുരുഷാധിപത്യത്തിന് കോട്ടം തട്ടുന്നുവെന്നതാണ് ഈ നേതാക്കളുടെ പ്രശ്നം. പൊതുസിവില്‍ നിയമം മുസ്ലിങ്ങളുടെ മതാചാരങ്ങളിലേക്ക് കടന്നുകയറുന്നതാണെന്ന പ്രചാരണം ചിലര്‍ കൊണ്ടുപിടിച്ചു നടത്തിവരുന്നുണ്ട്. ഏകീകൃത സിവില്‍ നിയമത്തെ ഏക സിവില്‍ നിയമമായി വക്രീകരിച്ചാണ് ഈ അസത്യപ്രചാരണം. എന്നാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പൊതു സിവില്‍ നിയമത്തെ പിന്തുണച്ച് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്മാന് ഷബാദ് ഷംസ് രംഗത്തുവന്നത് പലര്‍ക്കും മറുപടിയാണ്. പൊതുസിവില്‍ നിയമം ഇസ്ലാമിക വിശ്വാസങ്ങളെ ഹനിക്കുന്നതല്ലെന്നും, മുസ്ലിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമെന്നും ഷംസ് വ്യക്തമാക്കിയിരിക്കുകയാണ്. പൊതുസിവില്‍ നിയമം മുസ്ലിങ്ങളുടെ മതാചാരത്തെ ബാധിക്കില്ലെന്ന് കേരളത്തില്‍ ഡോ. ഹമീദ് ചേന്ദമംഗലൂരിനെപ്പോലുള്ളവര് പതിറ്റാണ്ടുകളായി പറയുന്നുണ്ട്. ഇത് ചെവിക്കൊള്ളാന്‍ തയ്യാറാവാതെ മതവിഭാഗീയതയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ വിജയിക്കാന്‍ പോകുന്നില്ല. ഇക്കൂട്ടര്‍ക്ക് ഇനിയെങ്കിലും വിവേകമുദിക്കുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: