ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്ഐഡിസിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിഎംആര്‍എല്ലില്‍ രണ്ടു ദിവസത്തെ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്എഫ്ഐഒ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
എക്സാലോജിക് സൊല്യൂഷന്‍സിനെതിരെ നടക്കുന്ന അന്വേഷണം റദ്ദാക്കണമെന്നും അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അന്വേഷണം പ്രഖ്യാപിക്കാന്‍ ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും കമ്പനിക്കെതിരെയുളള എല്ലാ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ എക്സാലോജിക്ക് ആവശ്യപ്പെടുന്നുണ്ട്.
ഹര്‍ജി തീര്‍പ്പാകുന്നതുവരെ കോര്‍പറേറ്റ് ലോ സര്‍വിസ് ഓഫീസര്‍ എം. അരുണ്‍ പ്രസാദിന്റെ സംഘം സെര്‍ച്ച്, ചോദ്യം ചെയ്യല്‍ തുടങ്ങിയ നടപടികളൊന്നും എക്സാലോജിക്കിനും കമ്പനി ഉടമ വീണ വിജയനുമെതിരെ നടത്തരുതെന്ന നിര്‍ദേശം കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ബന്ധപ്പെട്ട നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് തിടുക്കത്തില്‍ എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വീണ ആരോപിച്ചു. ആദ്യം ഉത്തരവിട്ട വകുപ്പുതല അന്വേഷണം ഭേദഗതി ചെയ്ത് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത് ഏകപക്ഷീയവും സംശയാസ്പദവുമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: