ഇംഫാൽ: മണിപ്പൂരിൽ അനധികൃതമായി നടത്തുന്ന പോപ്പി കൃഷി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. ഇവ അവസാനിപ്പിക്കുന്നതിനുള്ള നടപടികളും പുതുക്കിയ തന്ത്രങ്ങളും ആലോചിക്കുന്നതിനായി വ്യാഴാഴ്ച മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ അവലോകന യോഗം ചേർന്നു.
” അനധികൃത കൃഷിയിടങ്ങൾ കണ്ടെത്തുന്നതിനായി സാറ്റലൈറ്റ് മാപ്പിംഗ് നടക്കുന്നുണ്ട്, പോപ്പി തോട്ടങ്ങളുടെ സ്ഥാനങ്ങൾ മനസിലാക്കാൻ പ്രധാനമായും ഡ്രോണുകൾ വഴി സർവേകൾ നടത്തുകയാണ്,” – ബിരേൻ സിംഗ് പറഞ്ഞു. യോഗത്തിൽ പോപ്പി കൃഷിയുടെ ചിത്രങ്ങൾ കാങ്പോക്പി, ചുരാചന്ദ്പൂർ, സേനാപതി, ഉഖ്റുൽ ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാർക്ക് കൈമാറുകയും മറ്റ് ഏജൻസികളുടെ സഹായത്തോടെ ഈ മാസം അവസാനത്തോടെ തോട്ടങ്ങൾ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
പോപ്പി വിത്തുകളുടെ വിളവെടുപ്പ് കാലമാണ്, അതിനാൽ വിളവെടുപ്പിന് മുമ്പ് പോപ്പി തോട്ടങ്ങൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ഭാരതം-മ്യാൻമർ അതിർത്തിയിൽ ഫെൻസിങ് സ്ഥാപിക്കാനും ഫ്രീ മൂവ്മെൻ്റ് റെജിം (എഫ്എംആർ) താൽക്കാലികമായി നിർത്തിവയ്ക്കാനുമുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സിംഗ് നന്ദി പറഞ്ഞു.
അതിർത്തിയിൽ വേലികെട്ടാനുള്ള തീരുമാനത്തിന് മണിപ്പൂരിലെ നിയമസഭാംഗങ്ങൾക്കും ജനങ്ങൾക്കുമായി പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി ഷാ, എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, പാർട്ടി ഉദ്യോഗസ്ഥർ എന്നിവരോടും ഞാൻ നന്ദി പറയുന്നു,” -അദ്ദേഹം പറഞ്ഞു.
അതിർത്തിയുടെ 1 കിലോമീറ്റർ നീളത്തിൽ സങ്കീർണ്ണമായ ഹൈബ്രിഡ് ഫെൻസിംഗ് നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പുരോഗതി നേരിൽ കാണുകയും വിലയിരുത്തുകയും ചെയ്തു. കൂടാതെ നിയമവിരുദ്ധ തോക്ക് കടത്തലിനും കുടിയേറ്റത്തിനും സാധാരണയായി ഉപയോഗിക്കുന്ന 20 കിലോമീറ്റർ ദുർബലമായ മേഖലകളിൽ വേലി സ്ഥാപിക്കൽ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
മണിപ്പൂർ മ്യാൻമറുമായി 398 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നുണ്ട്. അതിൽ 10 കിലോമീറ്റർ ഇതിനകം വേലി കെട്ടിക്കഴിഞ്ഞു. 1,643 കിലോമീറ്റർ നീളമുള്ള ഭാരതം-മ്യാൻമർ അതിർത്തിയിൽ വേലികെട്ടി എഫ്എംആർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ഇംഫാൽ താഴ്വരയിലെ മെയ്തികൾ സ്വാഗതം ചെയ്തപ്പോൾ, മലനിരകളിലെ ആദിവാസി കുക്കികളും നാഗകളും ഈ നീക്കത്തെ എതിർത്തു. ഇത് അതിർത്തിയുടെ മറുവശത്തുള്ള ബന്ധുക്കളുമായുള്ള വംശീയ ബന്ധം വിച്ഛേദിക്കുമെന്ന് അവർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: