ജയ്പൂര്‍: രാജ്യത്തിന്റെ വികസനത്തിന് പൊതു സിവില്‍ നിയമം അനിവാര്യമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍.
പൊതുസിവില്‍ കോഡ് ആരുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമല്ല. എല്ലാവര്ക്കും തുല്യമായ നിയമങ്ങള്‍ ഉണ്ടാകണം. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതുകൊണ്ട് ഏതെങ്കിലും മതത്തിലോ ജാതിയിലോ ഉള്ള ആളുകളുടെ സ്വാതന്ത്ര്യം ഇല്ലാതാകില്ല. ഇത് സമത്വബോധം സൃഷ്ടിക്കും. വിവിധ മതങ്ങളും സമുദായങ്ങളും തമ്മില്‍ പരസ്പര ധാരണയും സൗഹാര്‍ദ്ദവും വര്‍ധിക്കും, അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സുരക്ഷാ ജാഗരണ്‍ മഞ്ച് രാജസ്ഥാന് ഘടകം മാളവ്യ നഗറിലെ പാഥേയ ഭവന് മഹര്‍ഷി നാരദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഒരു രാജ്യം, ഒരു നിയമം’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ്കുമാര്.
രാജ്യത്ത് എന്ത് നടപ്പാക്കിയാലും മുസ്ലീങ്ങള്‍ക്കെന്ത് സംഭവിക്കുമെന്ന ചോദ്യം ഉയരുന്നത് ഒരു പതിവായിരിക്കുകയാണെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഭാരതീയര്‍ക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യമുയരാറില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ പ്രീണനം തുടരുന്നത്? മുസ്ലിം സമൂഹം ഭാരതീയരായി മാറിയില്ലെന്നാണോ ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇന്ദ്രേഷ്കുമാര് ചോദിച്ചു. അതാണ് വാസ്തവമെങ്കില്‍ ആ വേര്‍തിരിവ് മാറണമെന്ന് അദ്ദേഹം പറഞ്ഞു.
നാല് തവണ വിവാഹം കഴിക്കാമെന്ന് ഇസ്ലാമിലെ എവിടെയും എഴുതിവച്ചിട്ടില്ല. അങ്ങനെയുണ്ടെന്ന് പറയുന്നവര്‍ കള്ളം പറയുകയാണ്. ബ്രിട്ടീഷുകാര്‍ വിഭജനം ആഗ്രഹിച്ചു. മതത്തിന്റെ പേരില്‍ നേതാക്കള്‍ ആ ആഗ്രഹം സാധിച്ചുകൊടുത്തു. ഒരാള്‍ ഭാരതവും മറ്റൊരാള്‍ പാകിസ്ഥാനും നേടി. നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. അംബേദ്കര്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നിവര്‍ക്ക് അംഗീകാരം ലഭിച്ചിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടുമായിരുന്നില്ല. മുസ്ലീങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന ഈ ചോദ്യം എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു. എല്ലാവരെയും അംഗീകരിക്കുന്ന ഒരു രാജ്യവും ഭാരതമല്ലാതെ ലോകത്ത് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങള്‍ക്കും ഇടം നല്കിയ ഒരേയൊരു രാജ്യമാണ് ഭാരതമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പൊതുസിവില്‍ നിയമം കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പരിപാടിയില്‍ സംസാരിച്ച രാജസ്ഥാന് ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ പറഞ്ഞു. ഇത് രാഷ്ട്രനിര്‍മാണത്തെയും ദേശീയോദ്ഗ്രഥനത്തെയും ശക്തിപ്പെടുത്തും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: