ന്യൂദല്‍ഹി : മറ്റ് രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുന്നത് ഇന്ത്യന്‍ നയമല്ലെന്ന് വിദേശകാര്യ മന്ത്രാലയം.കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെടുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഇന്ത്യ രംഗത്തു വന്നത്.
കാനഡയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതെന്നും വിദേശ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നതായി കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദേശ മന്ത്രാലയം അതിനെ ഖണ്ഡിച്ച് രംഗത്ത് വന്നത്.
”മറ്റ് രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ല. വാസ്തവത്തില്‍, ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കാനഡയാണ്,”- വിദേശ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഈ വിഷയം കനേഡിയന്‍ അധികാരികളോട് ഇന്ത്യ പലവട്ടം സംസാരിച്ചിട്ടുണ്ടെന്നും ആശങ്കകള്‍ ഫലപ്രദമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാനഡയില്‍ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കഴിഞ്ഞ സെപ്തംബറില്‍ ആരോപിച്ചിരുന്നു.ട്രൂഡോയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ കാനഡക്കാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും നവംബറില്‍ അത് പുനഃസ്ഥാപിച്ചു. ഒക്ടോബറില്‍ 41 കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ വിട്ടു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജഞരുടെ എണ്ണത്തിന് അനുസൃതമായ എണ്ണം കാനേഡിയന്‍ നയതന്ത്രജ്ഞര്‍ മാത്രം ഇന്ത്യയില്‍ മതിയെന്ന ഇന്ത്യന്‍ നിലപാടിന്റെ ഭാഗമായാണിത്.
നേരത്തേ ഇന്ത്യയിലെ കര്‍ഷക സമരത്തിലുള്‍പ്പെടെ ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പങ്കുണ്ടായിരുന്നു. ഇതിന് പിന്നില്‍ കനേഡിയന്‍ ഇടപെടലും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: