കേന്ദ്രസര്‍ക്കാര്‍ വളരെ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്ന ഭാരത് അരി കേരളത്തിലും എത്തിയിരിക്കുന്നു. ദല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പീയുഷ് ഗോയല്‍ ഭാരത് അരി വിപണിയിലിറക്കിയതിനൊപ്പം കേരളത്തില്‍ തൃശൂരിലും ഈ അരിയുടെ വിതരണം ആരംഭിക്കുകയായിരുന്നു. കിലോക്ക് ഇരുപത്തിയൊന്‍പത് രൂപാ നിരക്കില്‍ അഞ്ച് കിലോയുടെയും പത്ത് കിലോയുടെയും പാക്കറ്റുകളിലായാണ് അരിയുടെ വിതരണം. രാജ്യത്ത് കേന്ദ്രീയ ഭണ്ഡാര്‍, നാഫെഡ്, എന്‍സിസിഎസ് എന്നിവയുടെ കടകളിലും മൊബൈല്‍ ഔട്ട്ലെറ്റുകളിലും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലുമായാണ് അരി വിതരണം ചെയ്യുന്നത്. ഇ-വാണിജ്യ ഔട്ട്ലെറ്റുകളിലൂടെയും അരി വിതരണം ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. ദല്‍ഹിയില്‍ അരിവിതരണത്തിന് തുടക്കം കുറിച്ച മന്ത്രി പീയുഷ് ഗോയല്‍ അരി വില്‍ക്കുന്ന നൂറ് മൊബൈല്‍ വാനുകള്‍ ഫഌഗ് ഓഫ് ചെയ്യുകയുമുണ്ടായി. ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവ കുറഞ്ഞ വിലയില്‍ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍ രാജ്യത്തെ രണ്ടായിരം നഗരങ്ങളില്‍ തുറന്നിരുന്നു. വന്‍വിജയമായ ഈ പദ്ധതിയുടെ ചുവടുപിടിച്ചാണ് അരിയും ഇപ്രകാരം വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഭാരത് അരിയുടെ വിതരണത്തിന് ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. സംഭരണശാലകളില്‍ വലിയതോതില്‍ ശേഖരിച്ചിട്ടുള്ള അരി രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സൗജന്യ നിരക്കില്‍ ഇങ്ങനെ വിതരണം ചെയ്യുന്നത്.
സാധാരണ ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി എണ്‍പത് കോടിയിലേറെ ആളുകള്‍ക്കാണ് സൗജന്യമായി അരി നല്‍കുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ഈ പദ്ധതി 2028 വരെ നീട്ടിയിരിക്കുകയുമാണ്. ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് മോദി സര്‍ക്കാര്‍ ഇതുചെയ്യുന്നത്. ലോകത്തുവച്ചുതന്നെ ഏറ്റവും വലിയ ഭക്ഷ്യ-പോഷകാഹാര പദ്ധതിയാണ് ഇതെന്ന് അറിയുമ്പോള്‍ മോദി സര്‍ക്കാര്‍ ജനക്ഷേമത്തിന് നല്കുന്ന മുന്‍ഗണന മനസ്സിലാക്കാന്‍ കഴിയും. ഇതിനു പുറമെ രാജ്യത്തെ ഭക്ഷ്യവിതരണ ശൃംഖല വഴിയും, മറ്റ് നിരവധി പദ്ധതികള്‍ വഴിയും കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. തൃശൂരിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വിതരണത്തിന് തുടക്കം കുറിച്ച ഭാരത് അരി എത്തിച്ചത് നാഷണല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന് ഓഫ് ഇന്ത്യ-എന്‍സിഡിഎസ് വാനുകളിലാണ്. വലിയ തിരക്കാണ് ഈ അരി വാങ്ങാന്‍ അനുഭവപ്പെട്ടത്. 150 ചാക്ക് പൊന്നി അരിയാണ് മണിക്കൂറുകള്‍ക്കകം വിറ്റഴിച്ചത്. കേരളത്തിലെ ബഹുഭൂരിപക്ഷം പേരും അരി ഭക്ഷണം കഴിക്കുന്നവരാണല്ലോ. എന്നാല്‍ അരിയുല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞുവരുന്നതിനാല്‍ തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നുമൊക്കെ അരി കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഉപഭോഗ സംസ്ഥാനമായ കേരളത്തിലെ അരി വിപണി വളരെ വലുതാണ്.
അരിയുപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യാതൊരു നിര്‍ദ്ദേശവുമില്ലാത്ത പിണറായി സര്‍ക്കാരിന്റെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഭാരത് അരി കേരളത്തിലെത്തുന്നത്. കിലോയ്ക്ക് അന്‍പതിലധികം രൂപ നല്‍കിയാണ് പൊതുവിപണിയില്‍നിന്ന് ആളുകള്‍ അരി വാങ്ങുന്നത്. ഇതിന്റെ പകുതി വിലയ്ക്ക് അരി കിട്ടുന്നത് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമായിരിക്കും. എന്നാല്‍ കേരളത്തില്‍ ആവശ്യക്കാര്‍ക്കൊക്കെ ഭാരത് അരി എത്തിച്ചുകൊടുക്കാനുള്ള സംവിധാനമുണ്ടോ എന്നത് ഒരു പ്രശ്നമാണ്. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും അരി എത്തിക്കാനാണ് എന്‍സിസിഎസ് തീരുമാനം. തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ സഹകരണ സംഘങ്ങളിലൂടെ അരി ലഭ്യമാക്കുമെന്നാണ് അറിയുന്നത്. ഇ-വാണിജ്യ പ്ലാറ്റ്ഫോമുകളിലൂടെയുള്ള അരി വിതരണം കേരളത്തില്‍ പ്രായോഗികമാണ്. ഇതിന് കേന്ദ്രസര്‍ക്കാര്‍തന്നെ മുന്‍കയ്യെടുക്കേണ്ടിവരും. കേന്ദ്രസര്‍ക്കാരില്‍നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് അരി ലഭിക്കുന്നത് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന് ഇഷ്ടമാവില്ല. അവര്‍ എങ്ങനെയെങ്കിലും ഇതിന് ഇടംകോലിടാന്‍ നോക്കും. കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രം നല്കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പേരില്‍ സഞ്ചികളിലാക്കി വിതരണംചെയ്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയവരാണല്ലോ ഇവര്‍. ഭാരത് അരിയുടെ കാര്യത്തില്‍ ഇതിനുള്ള അവസരമില്ലാത്തത് പിണറായി സര്‍ക്കാരിന് രുചിക്കില്ലെന്ന് ഉറപ്പ്. ഇതൊക്കെ മുന്നില്‍ക്കണ്ട് ഭാരത് അരിയുടെ വിതരണം കേരളത്തില്‍ സുഗമമാക്കാന്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബിജെപിക്ക് പ്രത്യേക ചുമതലയുണ്ട്. അത് നിര്‍വഹിച്ചാല്‍ കൂടുതല്‍ ജനപിന്തുണ അവര്‍ക്ക് ലഭിക്കും. വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് വലിയ ആശ്വാസവുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: