രാജാക്കാട്: ഇടുക്കി ജില്ലയിലെ പൂപ്പാറ ടൗണില്‍ പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ച 89 കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. 56 വ്യക്തികള്‍ കൈവശം വച്ചിരുന്ന 85 കെട്ടിടങ്ങളും മൂന്ന് ആരാധനാലയങ്ങളും ഒരു കുരിശടിയും ആണ് ഒഴിപ്പിച്ചത്. ഇതില്‍ 46 കടകളും 39 വീടുകളും ഉള്‍പ്പെടും. ഈ വീടുകളില്ലെല്ലാം താമസക്കാരുണ്ട്, ഇവരെ ഒഴിപ്പിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് ഓപ്പറേഷന് തുടങ്ങിയത്. നടപടികള്‍ ആരംഭിക്കും മുന്‍പ് പൂപ്പാറ ഉള്‍പ്പെടെ ശാന്തന്‍പാറ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ ജില്ല കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധിച്ച ഏഴ് പേരെ അറസ്റ്റ് ചെയ്തു.
പന്നിയാര്‍ പുഴയുടേതുള്‍പ്പെടെ പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയ കെട്ടിടങ്ങളാണ് ഏറ്റെടുത്തത്. കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ ആറ് ആഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കാന്‍ 17ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ എ.വി. ജോസ്, ഭൂരേഖ തഹസില്‍ദാര്‍ സീമ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘമാണ് നടപടി സ്വീകരിച്ചത്. രാവിലെ 10ന് ആരംഭിച്ച നടപടി വൈകിട്ട് 4 മണി വരെ നീണ്ടു.
പുറമ്പോക്കില്‍ നിര്‍മിച്ച കച്ചവട സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ എടുത്തു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് സമയം നല്‍കുകയാണ് ആദ്യം ചെയ്തത്. ചില കടയുടമകള്‍ പ്രതിഷേധിച്ചത് സംഘര്‍ഷമുണ്ടാക്കി. ഒഴിപ്പിക്കല്‍ നടപടികള്‍ ഒരാഴ്ച കൂടി നീട്ടണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. റവന്യൂ അധികൃതര്‍ ഇത് അംഗീകരിച്ചില്ല.
ഒരു കട പൂട്ടാനുള്ള ശ്രമത്തിനിടയില്‍ വ്യാപാരികള്‍ പ്രതിഷേധിക്കുകയും പോലീസുമായി ഉന്തിലും തള്ളലും ഏര്‍പ്പെടുകയും ചെയ്തു. പ്രതിഷേധക്കാരായ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചില വ്യാപാരികള്‍ സ്വമേധയ കടയില്‍ നിന്നും സാധനങ്ങള്‍ എടുത്തുമാറ്റി. അപേക്ഷ നല്കിയാല് അടച്ച് പൂട്ടിയ കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റാന്‍ വ്യാപാരികള്‍ക്ക് അവസരം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
മൂന്നാര്‍ ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ 300 ഓളം പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നായി നൂറില്‍പരം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: