ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതകളെപ്പറ്റി ധവളപത്രമിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി 10ന് പാര്‍ലമെന്റില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് ധവളപത്രം അവതരിപ്പിക്കും. ഇതിനായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. യുപിഎ കാലത്തെ രാജ്യത്തിന്റെ സാമ്പത്തിക ദുരവസ്ഥയും അതു സമ്പദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതങ്ങളും വിശദമാക്കുന്നതാണ് ധവളപത്രം. അക്കാലത്ത് ചെയ്യാന്‍ സാധിക്കുമായിരുന്ന സാമ്പത്തിക നടപടികളും പ്രതിപാദിക്കും.
ബജറ്റ് സമ്മേളനം ഫെബ്രുവരി പത്തുവരെ നീട്ടിയതായി കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ആക്രമണം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ധവളപത്രം വഴി ലക്ഷ്യമിടുന്നത്. യുപിഎയുടെ പത്തുവര്‍ഷവും എന്‍ഡിഎയുടെ പത്തുവര്‍ഷവും തമ്മിലുള്ള താരതമ്യം പ്രധാന അജണ്ടയായി കേന്ദ്രസര്‍ക്കാരും ബിജെപിയും ജനങ്ങള്‍ക്ക് മുന്നിലേക്ക് വെയ്ക്കാന്‍ ലക്ഷ്യമിടുന്നു. യുപിഎ കാലത്തെ കെടുകാര്യസ്ഥതകള്‍ വ്യക്തമാക്കി പ്രത്യേക ധവളപത്രം ഇറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കിയിരുന്നു. ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും പട്ടികജാതി പട്ടികവര്‍ഗ്ഗ ലിസ്റ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ രാജ്യസഭ ഇന്നലെ പാസാക്കി. ജമ്മു കശ്മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന നിയമ ഭേഗതി ബില്‍ ലോക്സഭയും പാസാക്കി.
ലോക്സഭയില്‍ ഇന്നലെ ഡിഎംകെ അംഗം ടി.ആര്. ബാലു കേന്ദ്രസഹമന്ത്രി എല്‍. മുരുഗനെതിരെ മോശം പരാമര്‍ശം നടത്തിയത് വിവാദമായി. മന്ത്രിയെന്ന നിലയിലും എംപിയെന്ന നിലയിലും മുരുഗന് യോഗ്യനല്ലെന്നായിരുന്നു ബാലുവിന്റെ പരാമര്‍ശം. കേന്ദ്രസര്‍ക്കാരിനെതിരായ ബാലുവിന്റെയും എ. രാജയുടേയും നിരന്തര വ്യാജ പ്രചാരണങ്ങളെ സഭയില്‍ ചോദ്യം ചെയ്തതിനായിരുന്നു മുരുഗനെതിരായ വിവാദ പ്രസ്താവന. പട്ടികജാതിക്കാരനായ മന്ത്രിയെ ഡിഎംകെ അംഗം അപമാനിക്കുകയാണെന്നും മാപ്പ് പറയണമെന്നും കേന്ദ്രപാര്ലമന്ററികാര്യസഹമന്ത്രി അര്ജ്ജുന് റാം മേഘ് വാള് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: