കുവൈറ്റ് സിറ്റി: പ്രവാസി കുടുംബാംഗങ്ങൾക്കും, വിനോദസഞ്ചാരികൾക്കും, വാണിജ്യ ആവശ്യങ്ങൾക്കുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുമുള്ള വിസിറ്റ് വിസകൾ പുനരാരംഭിക്കുന്നത് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ അറിയിപ്പ് പ്രകാരം, ഇത്തരം വിസകൾ അനുവദിക്കുന്ന നടപടികൾ ഫെബ്രുവരി 7, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. ഏതാനം പുതിയ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഇത്തരം വിസകൾ അനുവദിക്കുന്നത്. ഇത്തരം അപേക്ഷകൾ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് വകുപ്പ് ഓഫീസുകളിൽ നൽകാവുന്നതാണ്. എന്നാൽ ഇതിന് ‘മറ്റ’ സംവിധാനത്തിലൂടെയുള്ള മുൻകൂർ അനുമതി നിർബന്ധമാണ്.
പ്രവാസി കുടുംബാംഗങ്ങൾക്കുള്ള വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ഏറെയാണ് :
- ഇത്തരം വിസകൾ കുവൈറ്റിൽ സാധുതയുള്ള റസിഡൻസിയുള്ളവരും ചുരുങ്ങിയത് 400 ദിനാറെങ്കിലും വേതനമുള്ളവരുമായ പ്രവാസികളുടെ മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കാണ് ലഭിക്കുന്നത്. മറ്റു ബന്ധുക്കൾക്ക് ഇത്തരം വിസകൾ ലഭിക്കുന്നതിന് അപേക്ഷിക്കുന്ന പ്രവാസിയ്ക്ക് ചുരുങ്ങിയത് 800 ദിനാർ വേതനമുണ്ടായിരിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
- വിസിറ്റ് വിസ അനുവദിക്കുന്നതിന് കുവൈറ്റിലേക്കും തിരികെയുമുള്ള വിമാനടിക്കറ്റ് ഉണ്ടായിരിക്കണം.
- ഇത്തരം സന്ദർശനങ്ങളിലെത്തുന്നവർ റെസിഡൻസി വിസകളിലേക്ക് മാറില്ലെന്ന് ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഉണ്ടായിരിക്കണം.
- വിസ കാലാവധി കൃത്യമായി പാലിക്കാമെന്ന് ഉറപ്പ് നൽകേണ്ടതാണ്.
- ഇത്തരം വിസകളിലെത്തുന്നവർക്ക് ചികിത്സ ആവശ്യമാകുന്ന സാഹചര്യത്തിൽ ഇതിനായി സ്വകാര്യ ആശുപത്രികളെയും, ആരോഗ്യ പരിചരണ കേന്ദ്രങ്ങളെയും സമീപിക്കേണ്ടതാണ്. ഇവർക്ക് സർക്കാർ ആശുപത്രികളിലുള്ള ചികിത്സ അനുവദിക്കുന്നതല്ല.
- വിസ കാലാവധി സംബന്ധിച്ച് വീഴ്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ വകുപ്പ് സന്ദർശകർക്കും, ഇവരുടെ സ്പോൺസർക്കും എതിരെ നിയമനടപടികൾ ആരംഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: