ന്യൂദൽഹി: അതിർത്തി സുരക്ഷാ കാര്യങ്ങളിൽ കർക്കശ്യ നിലപാട് സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ രാജ്യങ്ങളുമായും സൗഹൃദ ബന്ധമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഭാരതത്തിന്റെ അതിർത്തി സുരക്ഷയിലും ജനങ്ങളുടെ സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.’നാളെക്കപ്പുറമുള്ള സുരക്ഷ ‘ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 വർഷത്തെ ഭരണത്തിൽ മോദി സർക്കാർ മൂന്ന് ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളുള്ള ‘ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശം എന്നിവിടങ്ങളിൽ വിജയകരമായിട്ടാണ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ ബാഹ്യവും ആഭ്യന്തരവുമായ നയം വ്യക്തമാണ്. മറ്റ് രാജ്യങ്ങളുമായുള്ള സൗഹൃദബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ അതിർത്തി സുരക്ഷയിലും ജനങ്ങളുടെ സുരക്ഷയിലും ഒരു വിട്ടുവീഴ്ചയുമില്ല, ” – അദ്ദേഹം പറഞ്ഞു.
പ്രീണന നയം മൂലം മുൻ സർക്കാരുകൾ നിരവധി ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് സൂചിപ്പിച്ച രാജ്യത്തിന്റെ മൂന്ന് ആഭ്യന്തര പ്രശ്നങ്ങളും മുൻ സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. “ഈ മൂന്ന് ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളുള്ള ഇടങ്ങൾ മോദി സർക്കാർ വിജയകരമായി നിയന്ത്രണത്തിലാക്കി, ഈ പ്രദേശങ്ങൾ ഇപ്പോൾ ഭാരതത്തിന്റെ വികസന യാത്രയുടെ ഭാഗമാണ്,”- അദ്ദേഹം പറഞ്ഞു.
മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് ജമ്മു കശ്മീരിൽ 2,600 സംഘടിത കല്ലേറുണ്ടായെന്നും 110-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 6,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ ജമ്മു കശ്മീരിൽ ഒരു കല്ലേറുണ്ടായിട്ടില്ല. കല്ലേറ് പൂജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി പ്രാബല്യത്തിൽ വന്ന മൂന്ന് നീതി നിയമങ്ങൾ നടപ്പിലാക്കിയ ശേഷം ഇവ ഏറ്റവും ആധുനികമായ നിയമങ്ങളായിരിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: