തിരുവനന്തപുരം: താന്‍ സാഹിത്യ അക്കാദമിയ്ക്ക് വേണ്ടി എഴുതിയ പുതിയ കേരളഗാനം സ്വന്തം ചെലവില്‍ റെക്കോഡ് ചെയ്ത് ലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി യൂട്യൂബില്‍ അധികം വൈകാതെ അപ്ലോഡ് ചെയ്യുമെന്ന് ശ്രീകുമാരന്‍തമ്പി. സാഹിത്യഅക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും സെക്രട്ടറി അബൂബക്കറും അപേക്ഷിച്ചതനുസരിച്ച് ശ്രീകുമാരന്‍ തമ്പി രചിച്ച കേരളാഗാനം തിരസ്കരിച്ചതില്‍ പ്രതിഷേധിച്ചാണ് ശ്രീകുമാരന്‍ തമ്പിയുടെ ഈ തീരുമാനം.
“എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകര്‍പ്പവകാശം വേണ്ട. വിദ്യാലയങ്ങള്‍ക്കും സാംസ്കാരിക സംഘടനകള്‍ക്കും കുട്ടികള്‍ക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം.” – ശ്രീകുമാരന്‍ തമ്പി പറയുന്നു.
“കേരളത്തെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരന് എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഇത് മാത്രമാണ്.”- ശ്രീകുമാരന്‍ തമ്പി പറയുന്നു.
കഴിഞ്ഞ ദിവസം തനിക്ക് സാഹിത്യ അക്കാദമിയില്‍ നിന്നും ഉണ്ടായ കയ്പേറിയ അനുഭവം ബാലചന്ദ്രന് ചുള്ളിക്കാട് തുറന്നുപറഞ്ഞപ്പോഴാണ് തനിക്ക് സാഹിത്യ അക്കാദമി ഭാരവാഹികളില്‍ നിന്നും ഉണ്ടായ അവഗണനയെക്കുറിച്ച് ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ശ്രീകുമാരന്‍ തമ്പിയും പ്രതികരിച്ചത്.
എവിടെയും എല്ലാക്കാലത്തും ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്ന് അക്കാദമി സെക്രട്ടറിയായ അബൂബക്കര്‍ പറഞ്ഞതനുസരിച്ചാണ് ശ്രീകുമാരന്‍തമ്പി അത്തരമൊരു ഗാനം എഴുതിനല്‍കിയത്. എന്നാല്‍ ശ്രീകുമാരന്‍ തമ്പിയെ അറിയിക്കാതെ അക്കാദമി ആ ഗാനം നിരസിക്കുകയായിരുന്നു. അതിനെതിരെയാണ് ശ്രീകുമാരന്‍ തമ്പി തന്റെ ഗാനം സ്വന്തം പോക്കറ്റിലെ പണം ഉപയോഗിച്ച് റെക്കോഡ് ചെയ്ത് യൂട്യൂബിലൂടെ പരസ്യമാക്കാന്‍ തീരുമാനിച്ചത്. സാഹിത്യ അക്കാദമിക്ക് കൂടുതല്‍ നാണക്കേടുണ്ടാകുന്നതാണ് ശ്രീകുമാരന്‍തമ്പിയുടെ ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: