ന്യൂദൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ ഭാരത് തോടോ അന്യായ യാത്ര എന്ന് വിശേഷിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദ. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച അദ്ദേഹം പുതിയ രാജ്യം ആവശ്യപ്പെടുന്ന കോൺഗ്രസ് എംപി ഡി. കെ. സുരേഷിന്റെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കളുടെ മൗനത്തെ ചോദ്യം ചെയ്തു. ചരക്ക് സേവന നികുതിയിലേക്ക് ദക്ഷിണേന്ത്യ കൂടുതൽ സംഭാവന നൽകുന്നുണ്ടെന്നും എന്നാൽ ജിഎസ്ടിയുടെ വലിയൊരു ഭാഗം ഉത്തരേന്ത്യയിലാണ് ചെലവഴിക്കുന്നതെന്നും ഇത് അനീതിയാണെന്നും വരും ദിവസങ്ങളിൽ പ്രത്യേക രാജ്യം ആവശ്യപ്പെടുമെന്നും പാർലമെൻ്റ് അംഗം ഡി. കെ. സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രസ്താവനയെ അപലപിക്കാത്തത് എന്തുകൊണ്ടാണെന്നും നദ്ദ ചോദിച്ചു.
പ്രതിപക്ഷം ജാതി സെൻസസ് ആവശ്യപ്പെടുന്നു. എന്നാൽ ഞങ്ങൾ രാജ്യത്ത് ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിങ്ങനെ നാല് ജാതികളുണ്ടെന്നാണ് വിശ്വസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അവരുടെ ഉന്നമനത്തിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വം രാജ്യത്തെ കുംഭകോണത്തിൽ നിന്ന് വിജയത്തിലേക്കും സ്പോർട്സിൽ നിന്ന് ബഹിരാകാശത്തിലേക്കും കൊണ്ടുപോയി. 500 വർഷത്തെ പോരാട്ടത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനും ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കാനും ഞങ്ങൾക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുക്കൾക്കെതിരെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് സൈന്യത്തിനുണ്ട്. സാമ്പത്തികമായി ദുർബ്ബല രാജ്യമായിരുന്ന ഭാരതം ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സാമ്പത്തിക രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസനം സ്തംഭിപ്പിച്ചതിന് ഹിമാചലിലെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച നദ്ദ, മൊത്തം 620 സർക്കാർ ഓഫീസുകളുടെയും 19 ഡിഗ്രി കോളേജുകളുടെയും 286 സ്കൂളുകളുടെയും വിജ്ഞാപനം പിൻവലിച്ചതായി പറഞ്ഞു. കൂടാതെ, സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് 200 കോടി രൂപ ഇനിയും നൽകാനിരിക്കുന്നതിനാൽ എച്ച്ഐഎം കെയർ കാർഡുകൾ സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് പറഞ്ഞതിന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനെ പരിഹസിച്ച നദ്ദ, കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള മഴക്കെടുതിയിൽ ഹിമാചൽ പ്രദേശിന് 11,000 വീടുകൾ കൂടി നിർമ്മിക്കാനുള്ള അനുമതി കൂടാതെ 1782 കോടി രൂപ പ്രധാനമന്ത്രി നൽകിയിട്ടുണ്ടെന്നും പറഞ്ഞു. എല്ലാ വീട്ടിലും ടാപ്പ് വെള്ളം നൽകുമെന്ന ഉറപ്പ് മോദി സർക്കാർ നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് കുടുംബങ്ങൾക്ക് ഗരീബ് കല്യാൺ യോജനയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കോൺഗ്രസിനെ തിരഞ്ഞെടുത്തതിലെ തെറ്റ് ഹിമാചലിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളും ബിജെപിക്ക് നൽകാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ, പാർട്ടി എംപിമാരും എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: