കാശിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിശ്വാസപ്രകാരം പൂജ നടത്താന്‍ അനുമതി നല്കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ചരിത്രപരമാണ്. മസ്ജിദിനകത്തെ നിരവധി നിലവറകളിലൊന്നായ വ്യാസ നിലവറയിലെ ശൃംഗാര്‍ ഗൗരി അഥവാ പാര്‍വതി ദേവിയുടെ വിഗ്രഹത്തിനു മുന്നിലും ഇതര പ്രതിഷ്ഠകള്‍ക്കു മുന്നിലുമുള്ള പൂജകള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. പൂജ നടത്തുന്ന സ്ഥലത്തെ ഇരുമ്പുവേലി പൊളിച്ചുമാറ്റാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം ഹിന്ദുക്കള്‍ക്ക് പൂജ നടത്തുന്നതിനുള്ള സൗകര്യമൊരുക്കാനും, കാശിവിശ്വനാഥ ട്രസ്റ്റ് പൂജാരിയെ ഇതിന് അനുവദിക്കാനുമാണ് കോടതി നിര്‍ദേശിച്ചത്. പൂജ ഉടന്‍ ആരംഭിക്കുമെന്ന് അനുകൂല ഉത്തരവ് ലഭിച്ച ഹര്‍ജിക്കാരുടെ അഭിഭാഷകന് പ്രഖ്യാപിക്കുകയും ചെയ്തു. ശൃംഗാര്‍ ഗൗരിയെ ആരാധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാസ നിലവറയുടെ ഉടമസ്ഥതയുള്ള കുടുംബത്തിലെ അംഗമാണ് കോടതിയെ സമീപിച്ചത്. നിലവറ പള്ളിക്കകത്താണെങ്കിലും കാലങ്ങളായി ഇതിന്റെ കൈവശാവകാശം വാരാണസിയിലെ വ്യാസ കുടുംബത്തിനാണ്. തങ്ങളുടെ ആരാധനാവകാശം പുനഃസ്ഥാപിച്ചു കിട്ടാന്‍ ഈ കുടുംബം മസ്ജിദ് അധികൃതരുമായി നിരന്തരം നിയമയുദ്ധത്തിലായിരുന്നു. ഇതിന്റെ അനന്തരഫലമെന്നോണമാണ് ആരാധനയ്ക്കുള്ള അനുമതി കോടതി നല്‍കിയിരിക്കുന്നത്. മസ്ജിദിന്റെ ഹൈന്ദവ സ്വഭാവം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന കേസുമായി ഇപ്പോഴത്തെ വിധിക്ക് ബന്ധമില്ല. ആ കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
ഹിന്ദുക്കള്‍ക്ക് മസ്ജിദിനകത്തെ വിഗ്രഹത്തില്‍ ആരാധനാവകാശം നല്കിയ ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് അധികൃതര്‍ സുപ്രീകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രശ്നത്തിലിടപെടാനോ ജില്ലാ കോടതി ഉത്തരവ് റദ്ദാക്കാനോ സുപ്രീംകോടതി തയ്യാറായില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് ചിഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് മസ്ജിദ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയെങ്കിലും അവിടെനിന്നും തിരിച്ചടി നേരിട്ടു. ഒരാഴ്ചയ്ക്കകം ആരാധന നടത്താനുള്ള അനുമതിയാണ് ലഭിച്ചതെങ്കിലും, കോടതി ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പൂജ തുടങ്ങിയെന്ന് മസ്ജിദ് അധികൃതരുടെ അഭിഭാഷകന് വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ജനുവരി 31 ലെ ജില്ലാ കോടതി ഉത്തരവു പ്രകാരം ജില്ലാ അധികൃതര്‍ വ്യാസ നിലവറയിലെ കമ്പിവേലികള്‍ നീക്കം ചെയ്യുകയും, പൂജാരിക്ക് അവിടെ പ്രവേശിക്കാനുള്ള പാതയൊരുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വൈകിട്ടുതന്നെ വ്യാസ കുടുംബത്തിലെ അംഗങ്ങള്‍ നിലവറയിലെത്തി ആരാധന നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ദിവസേന അഞ്ച് ആരതികള്‍ വീതം നടന്നുവരികയുമാണ്. ജില്ലാ കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതിയും ഹൈക്കോടതിയും തയ്യാറാവാത്തതിനാല്‍ ഹിന്ദുക്കളുടെ ആരാധന തുടരും. ഇത് പ്രശ്നങ്ങളുണ്ടാക്കുമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. അതിനു പകരം ക്രമസമാധാനപാലത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ അധികൃതരോട് ആവശ്യപ്പെടുകയാണ് ചെയ്തത്.
മസ്ജിദിനകത്തെ വിഗ്രഹാരാധനയ്ക്ക് അവസരമൊരുക്കിയതോടെ ഹിന്ദുക്കള്‍ക്ക് അവിഹിതമായ ഒരു അവകാശം നല്കുകയല്ല കോടതി ചെയ്തതെന്ന കാര്യം പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപകുതിയില്‍ മുഗള്‍ ആക്രമണകാരിയും ഭരണാധികാരിയുമായിരുന്ന ഔറംഗസീബാണ് കാശിവിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചത്. ക്ഷേത്ര ഭാഗങ്ങള്‍ മസ്ജിദിന്റെ ഭാഗമായി നിലനിര്‍ത്തുകയും ചെയ്തു. ഹിന്ദുക്കളെ അപമാനിക്കാനും, അവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനും വേണ്ടി ബോധപൂര്‍വമാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ ക്ഷേത്രത്തിനു മേലുള്ള അവകാശം ഹിന്ദുക്കള്‍ കയ്യൊഴിഞ്ഞിരുന്നില്ല. പില്ക്കാലത്തും അവര്‍ ആരാധന തുടര്‍ന്നു. 1992ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവാണ് വര്‍ഗീയപ്രീണനത്തിന്റെ ഭാഗമായി ഇത് നിരോധിച്ചത്. നിയമവിരുദ്ധമായ ഈ നിരോധനം നീക്കുക മാത്രമാണ് ഇപ്പോള്‍ കോടതി ചെയ്തിരിക്കുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം മസ്ജിദിന്റെ വളപ്പ് പുരാവസ്തുവകുപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇങ്ങനെയൊരു പരിശോധനയുടെ ആവശ്യമില്ലാതെ തന്നെ ജ്ഞാന്‍വാപി മസ്ജിദ് ക്ഷേത്രമായിരുന്നെന്ന് അവിടം സന്ദര്‍ശിച്ചവര്‍ക്കു ബോധ്യപ്പെടും. ഇതു സംബന്ധിച്ച വിധി വരാനിരിക്കുന്നതേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഹിന്ദുക്കള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം തിരിച്ചുകിട്ടിയിട്ടുള്ളത്. അയോദ്ധ്യയ്ക്കു പുറമെ കാശിയും മഥുരയും തങ്ങള്‍ക്ക് കൈമാറണമെന്നത് ഹിന്ദുക്കളുടെ നെടുനാളത്തെ ആവശ്യമാണ്. തങ്ങളുടെ പുണ്യനഗരങ്ങളോടും മഹാക്ഷേത്രങ്ങളോടും ഹിന്ദുക്കള്‍ക്കുള്ള വികാരം ഉള്‍ക്കൊണ്ട് അങ്ങനെ ചെയ്യാനുള്ള സന്മനസ്സ് മുസ്ലിം സമൂഹം കാണിക്കണം. അയോദ്ധ്യ അവര്‍ക്ക് വഴികാട്ടിയാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: