ന്യൂദല്‍ഹി: പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡില്‍ രൂപീകരിച്ച സമിതിക്ക് ലഭിച്ചത് 2,32,961 നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങള്‍ പഠിച്ചശേഷമാണ് സമിതി അന്തിമ കരട് തയ്യാറാക്കിയത്.
പുഷ്കര്‍ സിങ് ധാമി മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് പൊതുസിവില്‍ കോഡിന്റെ കരട് തയ്യാറാക്കുന്നതിനായി സമിതി രൂപീകരിച്ചത്. സമിതിക്ക് കീഴില്‍ രണ്ട് ഉപസമിതികള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. പൊതുസിവില്‍ കോഡിന്റെ കരട് തയ്യാറാക്കലായിരുന്നു ഒരു ഉപസമിതിയുടെ പ്രവര്‍ത്തനം. ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയുമായിരുന്നു രണ്ടാമത്തെ ഉപസമിതിയുടെ പ്രവര്‍ത്തനം.
രാജ്യത്തെ ആദ്യ ഗ്രാമമായ മനയില്‍ നിന്ന് ജനകീയ സംവാദ പരിപാടി ആരംഭിച്ച സമിതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. 43 പൊതുസംവാദ പരിപാടികളാണ് സംഘടിപ്പിച്ചത്.
2023 ജൂണ്‍ 14 ന് ദല്‍ഹിയില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ളവര്‍ക്കായി സംഘടിപ്പിച്ച സംവാദത്തോടെ പരിപാടി പൂര്‍ത്തിയാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നതിനായി ഒരു വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. എസ്എംഎസ്, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വഴിയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. വിവിധ മാധ്യമങ്ങളിലൂടെ 2,32,961 നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ജനങ്ങളുമായി സംവദിക്കുന്നതിനും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നതിനുമായി സമിതി 72 യോഗങ്ങള്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: