ന്യൂദല്‍ഹി: രാജ്യം ശക്തമായ വളര്‍ച്ചയാണ് എല്ലാ മേഖലകളിലും കാഴ്ചവയ്ക്കുന്നത്. അതില്‍ യുവാക്കളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് മോദി സര്‍ക്കാര്‍ അവരുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
സ്കില്‍ ഇന്ത്യ മിഷനു കീഴില്‍ 1.4 കോടി യുവാക്കളെയാണ് പരിശീലിപ്പിച്ചത്. 54 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യവും പുനര്‍ നൈപുണ്യവും നല്‍കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ 2024ലെ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നരേന്ദ്രമോദിക്ക് കീഴിലുള്ള സര്‍ക്കാര്‍ 3000 പുതിയ ഐടിഐകളാണ് രാജ്യത്ത് സ്ഥാപിച്ചത്. ഏഴു ഐഐടികള്‍, 16 ഐഐഐടികള്‍, ഏഴു ഐഐഎമ്മുകള്‍, 15 എയിംസ്, 390 സര്‍വ്വകലാശാലകള്‍ എന്നിങ്ങനെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചതെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
നമ്മുടെ യുവരാജ്യത്തിന് ഉയര്‍ന്ന അഭിലാഷങ്ങളും വര്‍ത്തമാനകാലത്തെ അഭിമാനവും ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ഞങ്ങളുടെ ഗവണ്മെന്റ് അതിന്റെ മഹത്തായ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ള ജനങ്ങളാല്‍ വീണ്ടും അനുഗ്രഹിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഈ സര്‍ക്കാര്‍ രാജ്യത്തെ നാലു വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അത് ഗരീബ്, മഹിളായെ, യുവ, അന്നദാതാവ് (പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ )എന്നിങ്ങനെയാണ്. അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളുമാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനകള്‍. ഈ വിഭാഗങ്ങള്‍ ഉയര്‍ന്നാല്‍ രാജ്യം ഉയരുമെന്നാണ് നമ്മുടെ കാഴ്ച്ചപാട്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അഗാധമായ നല്ല പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും ഭാവിയിലേക്ക് ഉറ്റുനോക്കുന്നു. രാജ്യം വലിയ വെല്ലുവിളികളെ അഭിമുഖീകരിച്ചിരുന്ന കാലത്താണ് സബ്കാ സാത്ത്, സബ്കാ വികാസ് മന്ത്രവുമായി ജനങ്ങളുടെ അനുഗ്രഹത്തോടെ, നമ്മുടെ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014ല്‍ അധികാരത്തില്‍ എത്തിയത്. ഇന്ന് രാജ്യം അഭിമുഖീകരിച്ച വെല്ലുവിളികളെ സര്‍ക്കാര്‍ കൃത്യമായി അതിജീവിക്കുകയും ചെയ്തുവെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: