ജയ്പൂർ : കർഷകർക്കും സാധാരണക്കാർക്കും കൈത്താങ്ങായി രാജസ്ഥാൻ സർക്കാർ. വിധവകൾക്കും പ്രായമായവർക്കും സാമൂഹ്യ സുരക്ഷാ പെൻഷനും ഗോതമ്പ് വിളയുടെ മിനിമം താങ്ങുവിലയിൽ കർഷകർക്ക് ബോണസും വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ചൊവ്വാഴ്ച പറഞ്ഞു. സംസ്ഥാന നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിലുള്ള തുക ആദ്യഘട്ടത്തിൽ പ്രതിവർഷം 6,000 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്താൻ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ഗോതമ്പിന് എംഎസ്പിയിൽ ബോണസ് നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നതായി ശർമ പറഞ്ഞു. ആദ്യഘട്ടത്തിൽ ഗോതമ്പിന് 125 രൂപ ബോണസ് നൽകും, അതിനുശേഷം സംസ്ഥാനത്ത് അതിന്റെ എംഎസ്പി 2,275 രൂപയിൽ നിന്ന് 2,400 രൂപയായി ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അവശതയനുഭവിക്കുന്നവർക്ക് കൃത്യമായ സാമൂഹിക സുരക്ഷ ഒരുക്കുന്നതിനായി പ്രതിമാസ സുരക്ഷാ പെൻഷൻ 1000 രൂപയിൽ നിന്ന് 1150 രൂപയായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് താമസിക്കുന്ന പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് പ്രത്യേക പദ്ധതി പ്രകാരം വീടും മറ്റ് സൗകര്യങ്ങളും നൽകുമെന്നും ശർമ്മ പറഞ്ഞു. ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. സംസ്ഥാനത്ത് നിയമവാഴ്ച സ്ഥാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേ സമയം പ്രീണനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ സർക്കാർ തീരുമാനങ്ങളെടുത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ഇന്ന് സംസ്ഥാനത്തെ ഭരണഘടനയും നിയമവും അനുസരിച്ചായിരിക്കും സർക്കാർ നയിക്കുകയെന്നും പ്രീണനത്തിലൂടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കോൺഗ്രസ് ഭരണത്തിൽ കരൗലി, ജലവാർ, ഉദയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ നടന്ന വർഗീയ സംഭവങ്ങളെ പരാമർശിച്ചു കൊണ്ടായിരുന്നു ശർമ്മ ഇക്കാര്യം സൂചിപ്പിച്ചത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുൻ ഭരണത്തിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്നയിച്ച മന്ത്രിയെ കോൺഗ്രസ് സർക്കാർ പിരിച്ചുവിടുകയാണുണ്ടായത്. മുൻ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ രാജേന്ദ്ര സിംഗ് ഗുധയെ പരാമർശിച്ച് ശർമ്മ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്തായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്ത് നടന്ന പേപ്പർ ചോർച്ചയെക്കുറിച്ച് സംസാരിച്ച ശർമ്മ, താൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷനിൽ വിശ്വാസ്യത ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥാപനത്തിനെതിരെ ചോദ്യങ്ങൾ ഉയർന്നുവരുന്നു. പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടു. പേപ്പർ ചോർച്ചയിൽ ആർപിഎസ്സി അംഗങ്ങളെ അറസ്റ്റ് ചെയ്തു. ഇപ്പോൾ, യുവാക്കളെ വഞ്ചിക്കുന്നത് ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പേപ്പർ ചോർച്ച സംഭവങ്ങൾ രാജസ്ഥാൻ പോലീസിന്റെ എസ്ഐടി അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ കേസുകൾ സിബിഐ അന്വേഷിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ “രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം രാമന്റെയും രാമസേതുവിന്റെയും അസ്തിത്വം നിഷേധിച്ചവരെ പൊതുജനം തള്ളിക്കളഞ്ഞുവെന്നും പറഞ്ഞു. രാജ്യത്തിന്റെ ആത്മീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക പുരോഗതിയുടെയും പ്രതീകമാണ് രാമക്ഷേത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: