കാഠ്മണ്ഡു : ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് 1997-ന് മുമ്പ് വിരമിച്ച ഗൂർഖ സൈനികർക്ക് തക്കതായ ആനുകൂല്യം നൽകാൻ ആവശ്യപ്പെട്ട് നേപ്പാൾ ഉപപ്രധാനമന്ത്രി പൂർണ ഖഡ്ക. ഹിമാലയൻ രാഷ്ട്രം സന്ദർശിക്കുന്ന യുകെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ പാട്രിക് സാൻഡേഴ്സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധ മന്ത്രി കൂടിയായ ഖഡ്ക ഈ ആവശ്യം ഉന്നയിച്ചത്.
സാൻഡേഴ്സ് പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ പ്രചണ്ഡയെയും ഖഡ്കയെയും വിദേശകാര്യ മന്ത്രി എൻപി സൗദിനെയും ചൊവ്വാഴ്ച സന്ദർശിച്ചു. 1997-ന് മുമ്പ് ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് വിരമിച്ച ഗൂർഖ സൈനികരുടെ ആശങ്കകൾ പരിഹരിക്കാൻ ഖഡ്ക സാൻഡേഴ്സിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് സൈന്യത്തിന് തുല്യമായ ആനുകൂല്യങ്ങളും പെൻഷനുകളും ആവശ്യപ്പെടുകയും ചെയ്തു.
നേപ്പാളും യുകെയും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരു കൂട്ടരും സംസാരിച്ചു. ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, നിയമവാഴ്ച, സ്വാതന്ത്ര്യം, മാനുഷിക മൂല്യങ്ങൾ, അന്തസ്സ് എന്നിവയിൽ ഇരു രാജ്യങ്ങളും ഒരേ മൂല്യങ്ങൾ പങ്കിടുന്നുണ്ടെന്നും ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് കരസേനാ മേധാവിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയിൽ, വിദേശകാര്യ മന്ത്രി സൗദ്, മുൻ ബ്രിട്ടീഷ് ഗൂർഖ സൈനികരുടെ പെൻഷൻ സംബന്ധിച്ച ആവശ്യങ്ങൾ പരിഹരിക്കാൻ യുകെ സർക്കാരിനോട് അഭ്യർത്ഥിച്ചു. മറുപടിയായി, മുൻ സൈനികർ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് യുകെ സർക്കാർ ഗൗരവതരമായിട്ടെടുക്കുമെന്നും സാൻഡേഴ്സ് ഉറപ്പുനൽകുകയും പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
കൂടാതെ നേപ്പാളിലെ ഭാവി സഹായ പദ്ധതിയിൽ തൊഴിൽ സൃഷ്ടിക്കുന്നതിലും ടൂറിസവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ ബ്രിട്ടീഷ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നേപ്പാളിലെ ഗൂർഖകൾ ഏകദേശം 200 വർഷമായി ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ആർമിയുടെ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, നിലവിൽ 4,000-ലധികം ഗൂർഖകൾ ബ്രിഗേഡ് ഓഫ് ഗൂർഖയിൽ ജോലി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: