പഞ്ഞപ്പാട്ടു പാടുകയാണ് കേരള സര്‍ക്കാര്‍. ഒന്നിനും കാശില്ല. പാവപ്പെട്ട രോഗികള്‍ മരുന്നുവാങ്ങാന്‍പോലും ഗതിയില്ലാതെ വലയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ മരുന്നില്ലേയില്ല. പുറമെ നിന്ന് കടമെങ്കിലും വാങ്ങാമെന്നുവച്ചാല്‍ അതിന് മരുന്നുകിട്ടണ്ടെ. മരുന്നുകമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക കോടികളാണ്. എന്നാലും മരുന്നുമന്ത്രിയുടെ തള്ളിന് ഒരു കുറവുമില്ല. എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി. വികസിത രാജ്യത്തേക്കാള്‍ കെങ്കേമമാണ് ഇവിടുത്തെ സജ്ജീകരണങ്ങളെന്നാണ് വീമ്പടി. എന്നാല്‍ മുഖ്യമന്ത്രിക്ക് മൂക്കടപ്പ് വന്നാല്‍ ഉടന്‍ പറക്കണം അമേരിക്കയിലേക്ക്. കോണ്‍ഗ്രസ് നേതാവിന് ശബ്ദം കുറഞ്ഞാലും എടുത്തോടണം അമേരിക്കയിലേക്ക്. ലക്ഷങ്ങളാണ് ഇങ്ങനെ പോകുന്നവര്‍ക്ക് ചെലവ്. അതൊക്കെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്. പണമെത്ര ചെലവായാലെന്താ, പത്രാസല്ലെ പ്രധാനം.
മന്ത്രിമാര്‍ക്ക് കണ്ണാടി വാങ്ങാന്‍ ആയിരങ്ങള്‍ ചെലവാക്കുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി കണ്ണടവാങ്ങിയതിന്റെ കാശുണ്ടെങ്കില്‍ പത്തുപേര്‍ക്കുള്ള സാമൂഹ്യക്ഷേമപെന്ഷന് നല്‍കാമായിരുന്നു. പെന്ഷന് കിട്ടാതെ കര്ഷകന് ആത്മഹത്യചെയ്യുന്നു. വികലാംഗര്‍ ജീവന് വെടിയുന്നു. മുഖ്യമന്ത്രിയുടെ വസതിയിലെ ഒന്നാംനിലയില്‍ കയറാന്‍ 25 ലക്ഷം മുടക്കി ലിഫ്റ്റ്, കന്നുകാലിയെ വാങ്ങാനും തൊഴുത്തുകെട്ടാനും ചാണകക്കുഴി കുത്താനും ലക്ഷങ്ങള്‍. മുഖ്യമന്ത്രി യുപിയിലേതല്ല, കേരളത്തിലേതാണെന്നോര്‍ക്കണം. യുപി മുഖ്യമന്ത്രി സംന്യാസിയാണല്ലൊ. പശുവിനെ വാങ്ങുന്നതും പോറ്റുന്നതും പുണ്യമാണെന്നും കരുതുന്നയാളാണ്. പക്ഷേ, കേരള മുഖ്യന് സന്യാസിയല്ല, കമ്മ്യൂണിസ്റ്റ്. എന്നിട്ടും പശുക്കളോട് പ്രേമം. സംഘികളെ ചാണകമെന്നാക്ഷേപിക്കുന്നവരുടെ തൊഴുത്ത് പ്രേമം കെങ്കേമം. അതിനായി ലക്ഷങ്ങള്‍ മുടക്കിയാലെന്താ? അതും പത്രാസാണല്ലൊ. നീന്തല്‍ കുളത്തിന്റെ ചെലവ് ലക്ഷങ്ങള്‍ വേറെ.
27കോടി മുടക്കി തിരുവനന്തപുരത്തൊരു പത്രാസ് നടത്തി. അതിന് 10 കോടി കൂടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സ്പോണ്‍സര്‍മാരെ കണ്ടെത്തി ശേഖരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, ആ വഴിക്ക് എത്ര കിട്ടി എന്നതിന് ഒരു കൈയും കണക്കുമില്ല. അതിനുശേഷമാണ് കോടിയിലധികം മുടക്കി ആര്‍ഭാടപൂര്‍വം ബസ് ഒരുക്കി മന്ത്രിമാരുടെയാത്ര. അതുകൊണ്ടെന്ത് നേടി എന്നാരും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല എന്നല്ലെ ചൊല്ല്. എല്ലാ മന്ത്രിമാരും ഒരൊറ്റ ബസില്‍ യാത്ര. അത് നല്ല കാര്യം തന്നെ. മന്ത്രിമാരെല്ലാരും കാറില്‍ പോയാലെന്താവും ചെലവ്? ചോദ്യം അസലായി. പക്ഷേ ബസിനൊപ്പം മന്ത്രിമാരുടെയെല്ലാം കാറുമുണ്ടായിരുന്നു. വകുപ്പുദ്യോഗസ്ഥരും സെക്യൂരിറ്റിക്കാരായ പോലീസുവണ്ടിയും മഞ്ചേശ്വരം മുതല്‍ പാറശാലവരെ പിന്തുടര്ന്നു. ഇതിനെല്ലാം കൂടി എത്രചെലവായി എന്നും ചോദിക്കുന്നു. പണം ചെലവാകട്ടെ എന്നാലല്ലെ പത്രാസ് കാണിക്കാന്‍ പറ്റൂ.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നത് പരാതി കേള്‍ക്കാനും നിവേദനം സ്വീകരിക്കാനുമാണെന്നായിരുന്നു അദ്യം കേട്ടത്. പിന്നടല്ലെ ഗുട്ടന്‍സ് മനസ്സിലായത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു നിവേദനം പോലും നേരിട്ട് സ്വീകരിച്ചില്ല. അതിനെല്ലാം പ്രത്യേകം പ്രത്യേകം മേശയിട്ടിരിക്കുന്നു ഉദ്യോഗസ്ഥര്‍. നിവേദനങ്ങള്‍ സ്വീകരിക്കപ്പെടും എന്ന ബോഡും വച്ച് – ഇതിലെത്ര നിവേദനങ്ങള്‍ തീര്‍പ്പായി എന്നതും ഒരു തമാശ എന്ന് കണക്കാക്കിയാല്‍ മതി. മ്യൂസിയത്തിലായിരിക്കും മന്ത്രിമാര്‍ സഞ്ചരിച്ച ഈ ബസിന്റെ ഇരിപ്പിടം എന്ന് കേട്ടിരുന്നു. എന്നാല്‍ ആ ബസ് ഇപ്പോള്‍ തിരുവനന്തപുരത്ത് പോലീസ് ക്യാമ്പില്‍. അവരുടെ സംരക്ഷണത്തില്‍ കഴിയുകയാണ്. ആരും കാണാതെയുള്ള ഈ വാസത്തിന് ചെലവൊന്നുമില്ല. പക്ഷേ പണ്ട് പറഞ്ഞതെന്തായി എന്നാരും ചോദിക്കരുത്. പത്രാസല്ലെ നമുക്ക് പ്രധാനം.
ഇനി വേറൊരു വിഷയമെടുക്കാം. സര്‍ക്കാറിന്റെയും പാര്‍ട്ടിയുടേയും കേമത്തം സംരക്ഷിക്കപ്പെടണം. പത്രാസ് സംരക്ഷിക്കുകയും വേണം. പണമില്ലെന്ന് പാടിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വാദം കേള്‍ക്കാന്‍ ഭരണകക്ഷിക്ക് മാത്രമല്ല പ്രതിപക്ഷത്തിനും ബാദ്ധ്യതയില്ലെ. അത് നിയമസഭയില്‍ അടിന്തിര പ്രമേയമായി നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തിയാല്‍ തീരുമോ? ഇരുപക്ഷത്തുള്ളവരും ഘോരഘോരം ചര്‍ച്ച നടത്തി. കേന്ദ്രമാണ് കേരളത്തെ ഞെക്കുന്നതെന്ന് ഭരണകക്ഷി. കേരളത്തിന്റെ നികുതി വരുമാനം കുറവാണെന്ന് പ്രതിപക്ഷം. അമ്മനിരക്കീട്ടും മോളുനിരക്കീട്ടും നാഴിയുടെ മൂട് തേഞ്ഞു എന്നുപറഞ്ഞതുപോലെയായി. ഈ പേരില്‍ ഫെബ്രുവരി 8ന് ദല്‍ഹിയില്‍ നടക്കുന്ന സമരത്തിന് കോപ്പുകൂട്ടാന്‍ പ്രതിപക്ഷത്തിന്റെ സംഭാവന നന്നായി എന്ന് മുഖ്യമന്ത്രി. അതെങ്കിലും ചെയ്ത് സര്‍ക്കാരിനെ തുണയ്ക്കാന്‍ കഴിഞ്ഞല്ലൊ എന്ന സംതൃപ്തിയില്‍ പ്രതിപക്ഷവും.
ഖജനാവില്‍ പണമില്ലെന്ന് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പാടിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന് വക്കീല്‍ ഫീസ് കൊടുക്കാന്‍ ഒരു ദാരിദ്ര്യവുമില്ല. പല കേസുകളിലും തോറ്റുകൊടുക്കാന്‍ വക്കീലിനെ കണ്ടെത്തുന്ന സര്‍ക്കാര്‍ ചില കേസുകളില്‍ മേലെയും താഴെയും നോക്കാതെ ഫീസ് കൊടുക്കും. അതിലൊന്നാണ് നിയമസഭയിലെ തമ്മിലടിക്കേസ്. അതിനെത്രയാണ് സര്‍ക്കാര്‍ നല്‍കിയതെന്നല്ലെ. വെറും 16.50 ലക്ഷം മാത്രം. പ്രതികളെ രക്ഷിക്കാനാണിത്. പ്രതികളെ രക്ഷിക്കാന്‍ അതിലും കൂടുതല്‍ ചെലവാക്കിയിട്ടുണ്ട്. അതിലൊന്നാണ് പെരിയ ഇരട്ടക്കൊലക്കേസ്. ഇതില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനടക്കം 21 പ്രതികളാണുള്ളത്. യൂത്ത് കോണ്‍ഗ്രസുകാരായിരുന്നു ഇരകള്‍. ശരത്ലാലും കൃപേഷും. ഇതില്‍ പ്രതികള്‍ക്കുവേണ്ടി ആദ്യം ഹാജരായതാരെന്നല്ലെ കോണ്‍ഗ്രസ് നേതാവ് സി.കെ. ശ്രീധരന്. ഇതിനെതിരെ കെ.സുധാകരന് ഉറഞ്ഞുതുള്ളുക തന്നെ ചെയ്തു. ഒടുവില്‍ സുപ്രീം കോടതി വക്കീലിന്റെ സഹായം തേടി. ഒരു കോടി 14 ലക്ഷം രൂപ. മട്ടന്നൂരിലെ ഷുഹൈബ് കേസിലും ഖജനാവ് കാലിയാണോ എന്ന് നോക്കിയില്ല. 96.34 ലക്ഷം രൂപ മാര്‍ക്സിസ്റ്റ് പ്രതികള്‍ക്കായി ചെലവാക്കി. സോളാര്‍ കേസിന് 1.40 കോടി, ഇതരസംസ്ഥാന ലോട്ടറി കേസ് 1.78 കോടി, ലൈഫ് മിഷന് കേസ് 55 ലക്ഷം. ചെറുവള്ളി എസ്റ്റേറ്റ് കേസ് 16.50 ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഗത്ഭരായ വക്കീലന്മാര്ക്ക് നല്കിയ ഫീസ്.
ഇതിനേക്കാള്‍ പ്രധാനമാണ് ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ കേസിനായി വക്കീലിനെ തേടിയത്. വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാന്‍ കെഎസ്ഐഡിസി ഇറക്കിയത് സുപ്രീം കോടതിയില്‍ അയോധ്യ രാമജന്മഭൂമി കേസില്‍ രാംലല്ലയ്ക്കു വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥന് എന്ന അഭിഭാഷകനെ. ഹൈക്കോടതിയില്‍ കഴിഞ്ഞ 24ന് ഓണ്‍ലൈനായി ഹാജരായ ഇദ്ദേഹം ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു കെഎസ്ഐഡിസിക്കു കത്തു നല്കി. പുറമേ ഓഫിസ് ചാര്‍ജും നല്‍കണം. തുടര്‍ന്നുള്ള സിറ്റിങ്ങുകളിലും ഇദ്ദേഹം തന്നെ ഹാജരാകുമെന്നാണു സൂചന. മൊത്തം 27.75 ലക്ഷം രൂപയായത്രെ.
വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ടു വിവാദത്തിലായ സിഎംആര്‍എല്ലില്‍ 13.4% അഥവാ 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്. എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള പണമിടപാടു സംബന്ധിച്ചു കെഎസ്ഐഡിസി നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതിനെത്തുടര്‍ന്നു കമ്പനി നിയമം 210 പ്രകാരമുള്ള അന്വേഷണം കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം നടത്തുന്നു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജിയില്‍ നാലാം എതിര്‍കക്ഷിയുമാണ് കെഎസ്ഐഡിസി.
അന്വേഷണക്കുരുക്കു മുറുകുന്ന സാഹചര്യത്തിലാണു മുതിര്‍ന്ന അഭിഭാഷകനെ സമീപിച്ചത്. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുടെ മാനേജ്മെന്റ് സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ ഇതിനു മുതിരില്ല. ഈ കേസ് കുത്തിപ്പൊക്കിയ മാത്യുകുഴല്‍നാടനേയും ഷിബു ജോര്‍ജിനെയും പൂട്ടാന്‍ പറ്റാവുന്ന പണിയൊക്കെ ചെയ്യുന്നുണ്ട്. കുഴല്നാടന് ഇടുക്കിയില്‍ 50 സെന്റ് സ്ഥലം വെട്ടിപ്പിടിച്ചു എന്ന് ആക്ഷേപവും നടപടിയും തുടങ്ങി. ഇനി എന്തൊക്കെ കാണേണ്ടിവരുമെന്ന് കാത്തിരിക്കാം. എന്തോന്ന് കാത്തിരിക്കാന്‍. പണം പോട്ടെ പത്രാസല്ലെ നമുക്ക് പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: