‘രാജ്യം നല്‍കുന്ന ആദരവാണ് പദ്മപുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം. ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്’. പദ്മ പുരസ്‌ക്കാരത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എഴുതിയതാണിത്. ചിലര്‍ക്ക് പുരസ്‌ക്കാരം നല്‍കാത്തതാണ് കോണ്‍ഗ്രസ് നേതാവിനെ ചൊടിപ്പിച്ചത്.
‘ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നെങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാകണമെന്നതില്‍ തര്‍ക്കമില്ല. 1998ല്‍ പദ്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. പി.ഭാസ്‌കരന്‍ മാഷിന്റെയും ഒ.എന്‍.വിയുടേയും സമകാലികനാണ് ശ്രീകുമാരന്‍ തമ്പി. പദ്മ പുരസ്‌ക്കാരത്തിന് എന്നേ അര്‍ഹന്‍. എന്താണ് പുരസ്‌കാര പട്ടികയില്‍ ആ പേരില്ലാത്തത്’ എന്ന സതീശന്റെ ചോദ്യവും ന്യായമാണ്. ചോദിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ അനര്‍ഹതയാണ് പ്രശ്നം. മമ്മൂട്ടി അവിടെതന്നെ നിന്ന കാല്‍ നൂറ്റാണ്ടിനിടയില്‍ 10 വര്‍ഷം കോണ്‍ഗ്രസിന് കേന്ദ്ര ഭരണം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പട്ടികയില്‍ പേരുവന്നില്ല. സതീശന്റെ എഴുത്തു കണ്ടാല്‍, 1998 ല്‍ കോണ്‍ഗ്രസ്സാണ് മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയതെന്ന് തോന്നും. ഐ.കെ.ഗുജറാള്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പ്രഖ്യാപിച്ച പുരസ്‌ക്കാരം നല്‍കിയപ്പോള്‍ ഭരിച്ചിരുന്നത് എ.ബി.വാജ്പേയി. ശുപാര്‍ശ ചെയ്തത് തമിഴ്നാടും.
1966ല്‍ സിനിമാ രംഗത്തു വന്ന ശ്രീകുമാരന്‍ തമ്പി സര്‍വകലാവല്ലഭനായി നിറഞ്ഞു നിന്ന കാലത്തെല്ലാം കോണ്‍ഗ്രസ്സായിരുന്നു കേന്ദ്ര ഭരണത്തില്‍. എന്നിട്ടും എന്തു കൊണ്ട് ആ പേര് പദ്മശ്രീ പട്ടികയില്‍ പെടുത്തിയില്ല. ശ്രീകുമാരന്‍ തമ്പിക്ക് പദ്മ പുരസ്‌ക്കാരം ലഭിക്കണമെന്ന കാര്യത്തില്‍ സംശയമുള്ളവര്‍ ബിജപിയില്‍ ഉണ്ടെന്നു തോന്നുന്നില്ല. എന്തുകൊണ്ട് കിട്ടുന്നില്ല എന്നത് ബിജെപി നേതാക്കള്‍ പരിശോധിച്ചാല്‍ അത് ന്യായം. 1954മുതല്‍ നല്‍കിവരുന്ന പദ്മ പുരസ്‌ക്കാരം മലയാളത്തിലെ സിനിമാ പ്രവര്‍ത്തകന് കിട്ടുന്നത് 20-ാം വര്‍ഷമാണ്. 1973 ല്‍ തിക്കുറുശ്ശി സുകുമാരന്‍ നായര്‍ക്ക്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കെ.ജെ.യേശുദാസിന് ലഭിച്ചു. അടൂര്‍ (1984), അരവിന്ദന്‍(1990), ഭരത് ഗോപി (1990),ബാലചന്ദ്രമേനോന്‍ (2007), തിലകന്‍(2009), റസൂല്‍ പൂക്കുട്ടി(2010), ഷാജി എന്‍ കരുണ്‍(2011), മധു(2013), കൈതപ്രം(2021) എന്നിവരാണ് കേരളത്തിന്റെ പട്ടികയില്‍ പദ്മശ്രീ കിട്ടിയ സിനിമാക്കാര്‍. 1998ല്‍ മമ്മൂട്ടിക്കും 2001ല്‍ മോഹന്‍ലാലിനും പദ്മ കിട്ടിയത് തമിഴ്നാടിന്റെ ശുപാര്‍ശയിലാണ്. 2003ല്‍ സുകുമാരിയും 2005ല്‍ ചിത്രയും 2006 ല്‍ ശോഭനയും 2011 ല്‍ ജയറാമും തമിഴ്‌നാടിന്റ ശുപാര്‍ശയില്‍ പദ്മ അവാര്‍ഡ് ലഭിച്ച മലയാള താരങ്ങളാണ്. സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശ മാനദണ്ഡമാക്കിയായിരുന്നു നേരത്തെ പുരസ്‌ക്കാരം നല്‍കി വന്നിരുന്നത്. 1975ല്‍ പദ്മശ്രീ കിട്ടിയ യേശുദാസിന് പദ്മഭൂഷണ്‍ കിട്ടിയത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍. അതും തമിഴ്നാടിന്റെ ശുപാര്‍ശയില്‍.
യേശുദാസിനു പുറമെ പദ്മഭൂഷണ്‍ ലഭിച്ച മലയാള സിനിമാക്കാര്‍ പ്രേംനസീറും(1983) മോഹന്‍ലാലും (2019) കെ.എസ്. ചിത്രയും (2021) മാത്രം. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ പരിഗണിക്കാതെ പുരസ്‌ക്കാരം നിശ്ചയിച്ചു തുടങ്ങിയ ശേഷമാണ് മോഹന്‍ലാലിനും ചിത്രയ്‌ക്കും പദ്മവിഭൂഷണ്‍ ലഭിച്ചത്. പദ്മവിഭൂഷണ്‍ ലഭിച്ച ഒരേയൊരു മലയാള സിനിമാക്കാരന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്(2006).
സാഹിത്യകാരന്മാരുടെ കാര്യം എടുത്താല്‍ വള്ളത്തോളാണ് ആദ്യമായി ‘പദ്മ’കൊണ്ടുവന്ന മലയാള സാഹിത്യകാരന്‍. 1954ല്‍ വള്ളത്തോളിന് പദ്മഭൂഷന്‍ ലഭിച്ചു. 14 വര്‍ഷത്തിനു ശേഷം ജി.ശങ്കരക്കുറുപ്പ് പദ്മഭൂഷന് അര്‍ഹനായി. വിദ്യാഭ്യാസവും സാഹിത്യവും ഒന്നായിചേര്‍ത്താണ് പുരസ്‌ക്കാരം നല്‍കിയിരുന്നത്. മനോരമ ചീഫ് എഡിറ്റര്‍ കെ.എം.ചെറിയാന്‍ (1971) പോത്തന്‍ ജോസഫ് (1973), കെ.സുകുമാരന്‍(1973), തകഴി(1985), ബാലാമണിയമ്മ(1987), കെ.എം.മാത്യു(1998), ഡി.സി.കിഴക്കേമുറി(1999), കെ.എം.ജോര്‍ജ്ജ്(2001), ഒ.വി.വിജയന്‍ (2003), എം.ടി.വാസുദേവന്‍ നായര്‍(2005), എം.വി.പൈലി(2006), ഫാ. ഗബ്രിയേല്‍ പൈലി(2007), എ.ശ്രീധരമേനോന്‍ (2009)എന്നീ 15 മലയാളികള്‍ക്കാണ് സാഹിത്യവിഭാഗത്തില്‍ പദ്മഭൂഷന്‍ കിട്ടിയത്.
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിക്ക് പദ്മശ്രീ നല്‍കിയതാണ് മമ്മൂട്ടിക്ക് നല്‍കാതിരുന്നതിനൊപ്പം വലിയ പാപമായി ആഘോഷിക്കുന്നത്. പദ്മപുരസ്‌ക്കാരം ഏര്‍പ്പെടുത്തി ആദ്യ മൂന്നു പതിറ്റാണ്ടിനിടയില്‍ പദ്മശ്രീ നല്‍കിയത് ആകെ 6 പേര്‍ക്ക്. അദ്യ തവണ മനോരമ ചീഫ് എഡിറ്റര്‍ കെ.എം.ചെറിയാന് (1965), കോളജ് പ്രിന്‍സിപ്പല്‍ പി.എം.ജോസഫ്(1967), കാലിക്കട്ട് സര്‍വകലാശാല ഹിന്ദി വിഭാഗം മേധാവി മാലിക് മുഹമ്മദ്(1973), സിബിഎസ്ഇ ചെയര്‍മാന്‍ ജസ്യൂട്ട് പാതിരി തോമസ്.വി.കുന്നുങ്കല്‍(1974), കേരള സര്‍വ്വകലാശാല പ്രസിദ്ധീകരണ വിഭാഗം മേധാവി മാത്യു കുഴിവേലി(1975), വൈക്കം മുഹമ്മദ് ബഷീര്‍ (1982) എന്നിവരായിരുന്നു അവര്‍. പിന്നീട് 20 പേര്‍ക്കുകൂടി ‘സാഹിത്യ’ പദ്മശ്രീ ലഭിച്ചു. ഭാഷാചരിത്രഗവേഷകന്‍ ശൂരനാട് കുഞ്ഞന്‍പിള്ള, ഭാഷാചരിത്രകാരന്‍ കെ.എം ജോര്‍ജ്ജ്, മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, കവി വിഷ്ണു നാരായണന്‍ നമ്പൂതിരി, നിരൂപകന്‍ ഡോ.വെള്ളായണി അര്‍ജുനന്‍, നിരൂപക ഡോ.എം.ലീലാവതി, കവയിത്രി സുഗതകുമാരി എന്നിവര്‍ക്കും കോണ്‍ഗ്രസ് ഭരണത്തില്‍ പദ്മശ്രീ ലഭിച്ചു. ഒഎന്‍വി, കെ.അയ്യപ്പപ്പണിക്കര്‍, പി.പരമേശ്വരന്‍, പുരുഷോത്തമ മല്ലയ്യ, അക്കിത്തം, ഡോ.എന്‍.ചന്ദ്രശേഖരന്‍ നായര്‍, ബാലന്‍ പൂതേരി, പി.നാരായണക്കുറുപ്പ്, ഡോ.സി.ഐ.ഐസക്ക് എന്നിവര്‍ക്ക് കോണ്‍ഗ്രസ് ഇതര സര്‍ക്കാറുകളും പദ്മശ്രീ നല്‍കി. ഇത്തവണ ഗൗരി ലക്ഷ്മിബായി, ഗുരു നാരായണപ്രസാദ്, പി.ചിത്രന്‍ നമ്പൂതിരി എന്നീ മൂന്നുപേര്‍ക്കും സാഹിത്യവിഭാഗത്തിലാണ് പദ്മശ്രീ.
സാഹിത്യ വിഭാഗത്തില്‍ പദ്മയിലെ പരമോന്നത പുരസ്‌ക്കാരം പദ്മവിഭൂഷണന്‍ ലഭിച്ചത് നാലുപേര്‍ക്കുമാത്രം. ഡോ.ജോണ്‍ മത്തായി (1959), ഡോ.കെ.എന്‍.രാജ് (2000). ഒ.എന്‍.വി കുറുപ്പ് (2011), പി.പരമേശ്വരന്‍ (2018) എന്നിവര്‍. സര്‍ഗ്ഗാത്മക സാഹിത്യത്തിനുമാത്രമായുള്ള പുരസ്‌ക്കാരമല്ല പദ്മ പുരസ്‌ക്കാരം എന്ന തിരിച്ചറിവില്ലാത്തവരാണ് ഗൗരി ലക്ഷ്മിബായിക്ക് പദ്മശ്രീ നല്‍കിയതിനെതിരെ ബഹളം ഉണ്ടാക്കുന്നത്. തിരിച്ചറിവുണ്ടാകാന്‍ ലഭിച്ചവരുടെ സംഭാവനകളെന്തെന്ന് വിലയിരുത്തിയാല്‍ മതി.
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പത്മ കിട്ടിയ അപൂര്‍വതയും കേരളത്തിനുണ്ട്. കെ എം ചെറിയാന്‍, കെ എം മാത്യു, മാമ്മന്‍ മാത്യു. മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍മാര്‍. ചെറിയാനും മാത്യുവും സഹോദരന്മാര്‍. മാത്യുവിന്റ മകന്‍ മാമ്മന്‍. ചെറിയാന് പത്മശ്രീയും പത്മഭൂഷണും . മാത്യുവിന് പത്മഭൂഷന്‍, മാമ്മന് പത്മശ്രീ. ഇവരുടെ മഹത്തായ രചനകള്‍ ഏതാണ്. തലയെടുപ്പുള്ള മാധ്യമപ്രവര്‍ത്തകരായിരുന്ന പത്രാധിപര്‍ കെ സുകുമാരനും പോത്തന്‍ ജോസഫിനും പത്മഭൂഷന്‍ ലഭിച്ചിട്ടും സ്വന്തം പേരില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള എം പി വീരേന്ദ്രകുമാറിന് പത്മശ്രീ പോലും കിട്ടിയിട്ടില്ല എന്നതും ശ്രദ്ധേയം
ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത് എന്നാണ് വി.ഡി.സതീശന്‍ പറയുന്നത്. അവസാനം കോണ്‍ഗസ്ര് അധികാരത്തിലിരുന്നപ്പോള്‍ നല്‍കിയ പുരസ്‌ക്കാരങ്ങള്‍ അത് ശരിവയ്‌ക്കും. 2010ല്‍ സാമൂഹ്യ സേവന വിഭാഗത്തില്‍പ്പെടുത്തി പദ്മശ്രീ നല്‍കിയത് മേളം പറമ്പില്‍ കുര്യന്‍ ജോസഫിന്. മേളം കറിമസാലയുടെ ഉടമയ്‌ക്ക് പുരസ്‌ക്കാരം നല്‍കിയതിനു പറഞ്ഞ കാരണം, അദ്ദേഹം നിരവധി ആശുപത്രികളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നു എന്നതാണ്. യുസഫലി (2008), സി.കെ.മോനോന്‍(2008) അസാദ് മൂപ്പന്‍(2011) എന്നിവര്‍ക്കും സാമൂഹ്യ സേവകര്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പദ്മശ്രീ കിട്ടി. പദ്മ പുരസ്‌ക്കാരം കിട്ടുന്നവരെ പ്രഞ്ചിയേട്ടന്മാരായി കാണുന്ന മനോഗതി രൂപപ്പെട്ടത് ഇത്തരത്തിലുള്ള പുരസ്‌കാരങ്ങള്‍ക്കു ശേഷമാണ്.
പദ്മ പുരസ്‌കാരത്തിന്റെ അന്തസ്സും വിശ്വാസ്യതയും ബഹുമാനവും ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ‘മന്‍ കി ബാത്തില്‍’പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. 2014നെ അപേക്ഷിച്ച് ഇത്തവണ 28 മടങ്ങ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചത് വിശ്വാസ്യതയുടെ തെളിവായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ ദശകത്തില്‍ പദ്മപുരസ്‌കാരങ്ങളുടെ സമ്പ്രദായം പൂര്‍ണ്ണമായും മാറി. ഇപ്പോഴത് ജനകീയ പദ്മയായി മാറി. പദ്മപുരസ്‌കാര സമ്പ്രദായത്തിലും ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ആളുകള്‍ക്ക് സ്വയം നാമനിര്‍ദ്ദേശം ചെയ്യാന്‍ അവസരമുണ്ട്. അടിത്തട്ടിലുള്ളവരുമായി ഇടപഴകി സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച നിരവധി നാട്ടുകാര്‍ക്ക് ഇത്തവണയും പദ്മ പുരസ്‌കാരം ലഭിച്ചു. ഈ പ്രചോദകരായ ആളുകളുടെ ജീവിതയാത്രയെക്കുറിച്ചറിയാന്‍ രാജ്യത്തുടനീളം വളരെയധികം ആകാംക്ഷയുണ്ട്. പദ്മ പുരസ്‌ക്കാര പ്രഖ്യാപനത്തിന് ശേഷം ഇത്തരക്കാര്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നു. പദ്മ അവാര്‍ഡ് ജേതാക്കളില്‍ ഭൂരിഭാഗവും അവരവരുടെ മേഖലകളില്‍ അതുല്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. പദ്മ പുരസ്‌കാര ജേതാക്കളില്‍ ഓരോരുത്തരുടെയും സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാണ്.’ പ്രധാനമന്ത്രി അഭിമാനത്തോടെ പുരസ്‌ക്കാരത്തെ കുറിച്ച് പറയുമ്പോള്‍ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ച് ആളാകാന്‍ ശ്രമിക്കുകയാണ് ചിലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: