ജംഷെഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ സീസണിലെ ശേഷിച്ച മത്സരങ്ങളുള്‍പ്പെട്ട രണ്ടാം ഘട്ടത്തിന് നാളെ തുടക്കം. രാത്രി ഏഴരയ്ക്കാണ് മത്സരം. വേദി ജംഷെഡ്പുരിലെ ജെആര്‍ഡി ടാറ്റാ സ്പോര്‍ട്സ് കോംപ്ലെക്സ്. ആതിഥേയരായ ജംഷെഡ്പുര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
സീസണിലെ 13-ാം റൗണ്ട് മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. ഇതുവരെയുള്ള 12 മത്സരങ്ങളില്‍ എട്ട് വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആണ് 26 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. ചില ടീമുകള്‍ക്ക് 10ഉം 11ഉം മത്സരങ്ങളിലേ കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. പട്ടികയില്‍ കേരളത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള എഫ്സി ഗോവ ഇതുവരെ ജയിച്ചത് ഏഴ് കളികളാണ്. പക്ഷെ പത്ത് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ഈസ്റ്റ് ബംഗാള്‍ എഫ്സിയും പത്ത് വീതം മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. ഒഡീഷ എഫ്സി ഏഴ് വിജയവുമായി 24 പോയിന്റ് നേടിയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയത്തോടെ 22 പോയിന്റുമായി കരുത്തരായ മുംബൈ സ്റ്റി എഫ്സി നാലാം സ്ഥാനത്തുണ്ട്.
സീസണില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ കഴിയാത്തത് മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്കാണ്. സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് അവരുടെ പരിശീലകനെ ആഴ്ച്ചകള്‍ക്ക് മുമ്പ് ടീം മാനേജ്മെന്റ് പുറത്താക്കിയിരുന്നു. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത് രണ്ട് താരങ്ങളാണ്. കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രോവ് ഡയമന്റക്കോസും ഒഡീഷ എഫ്സിയുടെ റോയ് ക്രിസ്റ്റഫര്‍ കൃഷ്ണയും. ഇരുവരും ഏഴ് വീതം ഗോളുകളാണ് നേടിയിട്ടുള്ളത്.
ഡയമന്റക്കോസ് പത്ത് മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളടിച്ചതെങ്കില്‍ ക്രിസ്റ്റഫര്‍ കൃഷ്ണ 12 കളികളില്‍ നിന്നാണ് ഏഴ് ഗോളുകള്‍ നേടിയിരിക്കുന്നത്. ഇവര്‍ക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്നത് ആറ് ഗോളടിച്ച മുംബൈ എഫ്സി താരം ജോര്‍ജ് റോളണ്ടോ പെരെയ്റ ഡയസ് ആണ്. ഇന്ന് നേര്‍ക്കുനേര്‍ പോരാടാനിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണെത്തിനില്ക്കുന്നത്. എതിരാളികളായ ജംഷെഡ്പുര്‍ പത്താം സ്ഥാനത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: