ന്യൂദല്‍ഹി: കുടുംബ പെന്‍ഷനായി മക്കളെ നോമിനേറ്റ് ചെയ്യാന്‍ വനിതാ ജീവനക്കാര്‍ക്ക് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതായി അറിയിച്ചത്. പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് 2021-ലെ കേന്ദ്ര സിവില്‍ സര്‍വീസസ് (പെന്ഷന്) ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.
ദാമ്പത്യതര്‍ക്കം വിവാഹമോചന നടപടികളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍, ഗാര്‍ഹിക പീഡനക്കേസുകള്‍, സ്ത്രീധനത്തര്‍ക്കങ്ങള്‍ തുടങ്ങിയ കേസുകളില്‍പ്പെട്ടവർക്ക് ഇത് ഗുണകരമാകും. നേരത്തെ ജീവിതപങ്കാളിയെ മാത്രമേ നോമിനിയാക്കാന്‍ പറ്റുമായിരുന്നുള്ളൂ. ഇപ്പോള്‍ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ മരിച്ചാല്‍ ലഭിക്കുന്ന കുടുംബ പെന്ഷന് തങ്ങളുടെ ആണ്മക്കളുടെയോ പെണ്മക്കളുടെയോ നോമിനിയായി വെക്കാം. ജീവനക്കാരി ബന്ധപ്പെട്ട വകുപ്പിന്റെ ആസ്ഥാനത്താണ് അപേക്ഷിക്കേണ്ടത്. ജീവനക്കാരിക്ക് കുട്ടികളില്ലെങ്കിൽ ഭർത്താവിന് പെൻഷൻ ലഭിക്കും.
കുട്ടികൾ മാനസിക വെല്ലുവിളി നേരിടുന്നവർ, പ്രായപൂർത്തിയാകാത്തവർ എന്നിവരാണെങ്കിൽ ജീവനക്കാരിയുടെ മരണശേഷം പെൻഷൻ ഭർത്താവിന് ലഭിക്കും. കുട്ടി പ്രായപൂർത്തിയാകുമ്പോൾ പെൻഷൻ കുട്ടിക്ക് ലഭിച്ചു തുടങ്ങും. നേരത്തെ ചില പ്രത്യേക സാഹചര്യങ്ങളിലും ജീവത പങ്കാളി മരിക്കുകയോ ബന്ധം വേര്‍പ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ മറ്റു കുടുംബാംഗങ്ങളെ നോമിനിയായി വെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് ഇത്തരമൊരു ഭേദഗതിക്ക് പിന്നിലെന്ന് കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: