(കൃഷ്ണാര്‍ജുന സംവാദം)
ഭഗവാനെ അങ്ങ് പറഞ്ഞ ആ ബുദ്ധിമാന്റെ ലക്ഷണം എന്താണ്?
യാതൊരാളുടെ ശാസ്ത്രസമ്മതമായ സര്‍വകര്‍മ്മങ്ങളും കാമത്തോടും സങ്കല്പത്തോടും കൂടാതെ ഇരിക്കുന്നുവോ, ജ്ഞാനമാകുന്ന അഗ്നിയാല്‍ ദഹിപ്പിക്കപ്പെട്ട കര്‍മ്മങ്ങളോടുകൂടിയ ആ മഹാപുരുഷനെ ജ്ഞാനികള്‍ പണ്ഡിതന് (ബുദ്ധിമാന്) എന്നു പറയുന്നു.
അങ്ങനെയുള്ള വ്യക്തിയുടെ സ്ഥിതി എന്താണ്?
ഏതൊരു വ്യക്തി സമസ്തകര്‍മ്മങ്ങളിലും അവയുടെ ഫലത്തിലും ആസക്തിയെ ത്യജിച്ച് ആത്മാനന്ദത്തില്‍ നിത്യതൃപ്തനായും, ആരെയും ആശ്രയിക്കാത്തവനുമായി ജീവിക്കുന്നുവോ, അയാള്‍ കര്‍മ്മത്തില്‍ നല്ലവണ്ണം ഏര്പ്പെട്ടവനായിരുന്നാലും, വാസ്തവത്തില്‍, ഒരു കര്‍മ്മവും ചെയ്യുന്നില്ല.
അഥവാ ഏതെങ്കിലും സാധകര്‍ നിവൃത്തി മാര്ഗതല്പരരാണെങ്കിലോ?
ആരുടെ അന്തഃകരണവും ഇന്ദ്രിയങ്ങളോടൊപ്പം ശരീരവും നിയന്ത്രിക്കപ്പെടുകയും സമസ്തഭോഗങ്ങളുടെയും സാമഗ്രികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തുവോ, അങ്ങനെയുള്ള ആശാരഹിതനായ വ്യക്തി കേവലം ശരീര സംബന്ധിയായ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്നാലും ബന്ധിക്കപ്പെടുന്നില്ല.
ഏതെങ്കിലും സാധകര്‍ പ്രവൃത്തി മാര്ഗതല്പരരാണെങ്കിലോ?
അവരും, വിചാരിക്കാതെ കിട്ടിയ ലാഭംകൊണ്ട് തൃപ്തിപ്പെടുന്നവനും, ഈര്‍ഷ്യ തെല്ലുമില്ലാത്തവനും, ഹര്ഷശോകാദി ദ്വന്ദ്വങ്ങള്‍ക്ക് സര്‍വഥാ അതീതനുമായി സിദ്ധികളിലും അസിദ്ധികളിലും സമഭാവത്തോടെ വര്‍ത്തിക്കുന്ന കര്‍മ്മയോഗി കര്‍മ്മങ്ങള്‍ ചെയ്താലും അവയുടെ ബന്ധനത്തില്പ്പെടുന്നില്ല. ആസക്തിയെല്ലാം ഉപേക്ഷിച്ചവനും, ദേഹാഭിമാനവും മമതയും ഇല്ലാത്തവനും, ചിത്തം സര്‍വദാ പരമാത്മാവില്‍ ഉറപ്പിച്ചവനുമായി, കേവലം യജ്ഞസമ്പാദനത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്ന സാധകന്റെ സമസ്തകര്‍മ്മങ്ങളും പൂര്‍ണമായും മാഞ്ഞുപോകുന്നു (അകര്മ്മമാകുന്നു).
പ്രതികരിക്കാൻ ഇവിടെ എഴുതുക: