റായ് പൂര് :അയോധ്യയില്‍ രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ നടന്ന ജനവരി 22ന് ഛത്തീസ് ഗഡിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അധ്യാപകന് സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ഒരു പ്രതിജ്ഞയെടുപ്പിച്ചു: “ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുത്” എന്നായിരുന്നു ആ പ്രതിജ്ഞ. എന്തായാലും ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ ഈ പ്രധാന അധ്യാപകനെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും സസ്പെന്റും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി.
ബിലാസ് പൂരില്‍ ഭരാരി ഗ്രാമത്തിലെ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ രത്തൻലാൽ സരോവരാണ് (60) അറസ്റ്റിലയത്. ജനുവരി 22 നാണ് ഇയാൾ വിദ്യാര്‍ത്ഥികളെക്കൊണ്ടും ഏതാനും നാട്ടുകാരെക്കൊണ്ടും ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചത്. ഹിന്ദു ദൈവങ്ങളുടെ പേര് എടുത്ത് പറഞ്ഞ രത്തൻലാൽ ഇവരെയൊന്നും ആരാധിക്കരുതെന്നും ബുദ്ധമതം പിന്തുടരണമെന്നും ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ ഹിന്ദു സംഘടനാ പ്രവർത്തകന് രൂപേഷ് ശുക്ലയാണ് പൊലീസില്‍ പരാതി നല്കി.
അദ്ധ്യാപകനെതിരെ ഐപിസി സെക്ഷൻ 153-എ (മതം, വംശം മുതലായവയുടെ പേരിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക), 295 എ (മതവികാരം വ്രണപ്പെടുത്തുക) എന്നി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സരോവറിനെ സസ്പെൻഡ് ചെയ്തു. .ശിവന്, രാമന്, കൃഷ്ണന് തുടങ്ങിയ ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്നും ബുദ്ധമതം പിന്തുടരണമെന്നുമായിരുന്നു അദ്ദേഹം പ്രതിജ്ഞ ചൊല്ലിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: