തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ച ഗവർണർക്കെതിരെയുള്ള വിമർശനമാക്കി മാറ്റി ഭരണപക്ഷം. നയപ്രഖ്യാപനത്തിൽ ഗവർണർ ഭരണഘടനാ ബാധ്യത മാത്രമാണ് നിറവേറ്റിയതെന്ന് പ്രമേയം അവതരിപ്പിച്ച സിപിഐ എംഎൽഎ ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
കൊല്ലം നിലമേലിൽ ഗവർണർ ചെയ്തത് നില ഇല്ലാത്ത നടപടിയാണ്. ഗവർണർ പദവി തന്നെ വേണ്ടെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങൾ വായിക്കാൻ ഗവർണർക്ക് തോന്നിയില്ലെന്നും നിലമേലിൽ കാട്ടിയത് പുതിയ അടവാണെന്നും ഇ.ചന്ദ്രശേഖരൻ ആരോപിച്ചു. ഗവർണറെ മാമുക്കോയയുടെ ഹാസ്യ കഥാപാത്രം കീലേരി അച്ചുവിനോട് പരോക്ഷമായി ഉപമിച്ചായിരുന്നു കെ.കെ ഷൈലജ സംസാരിച്ചത്. ഗവർണർ തരം താഴരുതെന്നും കെ.കെ ഷൈലജ പറഞ്ഞു.
25നായിരുന്നു സഭയിൽ സർക്കാറിന്റെ നയപ്രഖ്യാപനം. എന്നാൽ, നയപ്രഖ്യാപനം ഗവർണർ വെറും ഒരു മിനിറ്റും 17 സെക്കൻഡും മാത്രമായി ഒതുക്കുകയായിരുന്നു. ആമുഖമായി ഒരു വരിയും അവസാന ഒരു ഖണ്ഡികയും മാത്രമാണ് ഗവർണർ വായിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചുരുക്കിയുള്ള നയപ്രഖ്യാപനം.
അതേസമയം സഭയിൽ നന്ദിപ്രമേയ ചർച്ച തുടരുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. ക്ഷേമ പെൻഷൻ മുടങ്ങിയതിലുള്ള അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലി റങ്ങി പ്രതിഷേധിച്ചിരുന്നു. എന്നാൽസഭാ നടപടികൾ തുടർന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: