കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ആര്‍ടിസിയിലെയും കെഎസ്ഇബിയിലെയും നഷ്ടത്തിന് കാരണം അധികാരികളുടെ ഉത്തരവാദിത്ത രാഹിത്യമാണെന്നു മുന്‍എംപിയും ഇടതുസഹയാത്രികനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. സാധാരണക്കാര്‍ രൊക്കം പണം കൊടുക്കുന്ന സേവനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ നല്‍കുന്നത്. എന്നിട്ടും എങ്ങനെ ഇവ നഷ്ടത്തിലോടുന്നു എന്ന ചോദ്യത്തിന് ഉത്തരവാദിത്തമുള്ളവര്‍ ഇല്ല എന്ന ഉത്തരമാണുള്ളതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.
ഭാരതത്തില്‍ റഷ്യന്‍ മാതൃകയുടെ അനുകരണം ശരിയല്ലെന്ന് നേരത്തെതന്നെ നിലപാടുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളത്തു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലയിലുള്ള പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് ചിന്തിക്കാതെ പൊതുമേഖലയെത്തന്നെ ഒഴിവാക്കി സ്വകാര്യസംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് രാജ്യം. 1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി ചിലമാറ്റങ്ങള്‍ രാജ്യത്ത് ഉണ്ടായി. പിന്നീട് വാജ്പേയി അധികാരത്തില്‍ വന്നപ്പോള്‍ സമീപനത്തില്‍ മാറ്റമുണ്ടായില്ല.
പൊതുമേഖലയെന്നത് അനാവശ്യമായ, ആവശ്യമില്ലാത്ത ഭാരമാണെന്നും അത് എന്തിന് ചുമക്കണമെന്നുമുള്ള ചിന്ത കടന്നുവന്നു. നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന പുരോഗതിയുടെ അടയാളങ്ങളില്‍ പലതും അടയാളപ്പെടുത്തിയതും നിര്‍മിച്ചെടുത്തതും സ്വകാര്യ മേഖലയാണ്, അദ്ദേഹം പറഞ്ഞു.
പൊതുമേഖലയില്‍ ചില അനാവശ്യ പ്രവണതകള്‍ ഉണ്ടെന്ന് മുന്‍ മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം സാമ്പത്തിക ലാഭം ഉണ്ടാക്കുവാന്‍ മാത്രമുള്ളതല്ലെന്നും അവ കാലഹരണപ്പെട്ട സംവിധാനമാണ് പിന്തുടരുന്നതെന്നും പല കാരണങ്ങളാല്‍ അത് മാറ്റുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്നതിലെ കാലതാമസം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിറകോട്ട് അടിക്കുന്നു. പൊതുഗതാഗത സംവിധാനത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ബാധ്യത സംസ്ഥാനസര്‍ക്കാരിന് മാത്രമല്ല എല്ലാ ഭരണസംവിധാനങ്ങള്‍ക്കുമുണ്ട്, അദ്ദേഹം പറഞ്ഞു.
അടുത്ത കാലത്തായി പൊതുമേഖലയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ മാധ്യമങ്ങളില്‍ വളരെ കുറവാണെന്നു സാമ്പത്തിക വിദഗ്ധന്‍ ഡോ. പ്രിയേഷ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രക്ഷപ്പെടണമെങ്കില്‍ ഇടതുപക്ഷ യൂണിയനുകള്‍ വിചാരിച്ചാല്‍ മതിയെന്ന ഡോ. അമര്‍ത്യാ സെന്നിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. പൊതുമേഖലയില്ലാതെ സ്വകാര്യമേഖലയ്ക്ക് നിലനില്പില്ല. സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്ക് പൊതുമേഖല കൂടിയേ തീരൂ, അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: