കൊട്ടാരക്കര: കേരളത്തിലെ ക്രമസമാധാനം തകരാന്‍ കാരണം പോലീസിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയാണെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്. കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സദാനന്ദ ഗുരു സമാധിയുടെ ശതാബ്ദി വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അണികള്‍ സ്വയം വിശ്വസിക്കുന്നത് മറ്റുള്ളവരെ ഭയപ്പെടുത്താമെന്നാണ്. താന്‍ എങ്ങും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വാമി വിവേകാനന്ദനാണ് തന്റെ ആദര്‍ശമെന്നും പ്രശ്നങ്ങളെ നേരിട്ടുകൊണ്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അക്രമികള്‍ക്കെതിരെ പോലീസ് നടപടി ഉണ്ടാകാത്തത്തില്‍ അത്ഭുതമില്ല. കാരണം ഇതിനു പിന്നില്‍ മുഖ്യമന്ത്രിയാണ്. ഭരണപരാജയത്തില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
കേരളത്തെ 40 വര്‍ഷത്തിലധികം സേവിച്ചവര്ക്കുള്ള പെന്ഷന് പോലും കൊടുക്കാന്‍ സാഹചര്യം ഇല്ലാത്ത സര്‍ക്കാരാണ് 7 വര്‍ഷമായി കേരളം ഭരിക്കുന്നത്. സാമൂഹിക ക്ഷേമപെന്ഷന് കിട്ടാതെ പലരും ആത്മഹത്യ ചെയ്യുന്ന വാര്‍ത്തയാണ് നിത്യവും കേരളത്തില്‍. കേരളത്തിലെ സാമൂഹിക പരിവര്‍ത്തനം പഠിക്കുമ്പോള്‍ അതിന് നേതൃത്വം നല്കിയ സദാനന്ദ സ്വാമിയെ പഠിക്കേണ്ടതുണ്ട്. അത് വിവിധ സര്‍വകലാശാലകളില്‍ പഠനവിഷയമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സദാനന്ദഗുരു സമാധി ശതാബ്ദി വാര്‍ഷിക പരിപാടികള്‍ക്ക് സദാനന്ദപുരം അവധൂത ആശ്രമം മഠാധിപതി ചിദാനന്ദ ഭാരതി ഭദ്രദീപം കൊളുത്തി. ചടങ്ങില്‍ സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വിഭാഗ് സംഘചാലക് ഡോ. ബി. എസ്. പ്രദീപ് സദാനന്ദ സന്ദേശം നല്കി.
അയ്യപ്പസേവാ സമാജം സംസ്ഥാന അധ്യക്ഷന്‍ വി.കെ. വിശ്വനാഥന്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍കുമാര്‍, വിശ്വകര്‍മ്മ സഭ താലൂക്ക് യൂണിയന് പ്രസിഡന്റ് മുരളി യദുകുലം, ആശ്രമം പിആര്‍ഒ കെ.ആര്. രാധാകൃഷ്ണന്, വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: