കൊൽക്കത്ത: റിപ്പബ്ലിക് ദിനത്തിൽ ബംഗാളി ഭാഷയിൽ പ്രസംഗിച്ച് ഗവർണർ ഡോ. സിവിആനന്ദബോസ് ഒരിക്കൽ കൂടി ബംഗാൾ ജനതയെ വിസ്മയിപ്പിച്ചു. ദൂരദർശൻ വഴി 24 മിനിറ്റു നേരം ബംഗാളി ഭാഷയിൽ മഹാത്മാഗാന്ധി, രവീന്ദ്ര നാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ തുടങ്ങിയവരുടെ സംഭാവനകൾ, സന്ദേശങ്ങൾ, ഭാരതത്തിന്റെ, വിശേഷിച്ച് ബംഗാളിന്റെ മഹത്തായ പാരമ്പര്യങ്ങൾ, ഭാരതത്തിന്റെ സമീപകാല നേട്ടങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു നടത്തിയ പ്രഭാഷണം നിമിഷനേരങ്ങൾക്കുള്ളിൽ ബംഗാളി ദൃശ്യമാധ്യമങ്ങൾ അത്യധികം പ്രാധാന്യത്തോടെയാണ് സംപ്രേഷണം ചെയ്തത്.
ഗവർണറായി ചുമതലയെടുക്കുമ്പോൾ തന്നെ ബംഗാൾ ഭാഷാ പഠനത്തിനും തുടക്കം കുറിച്ച ആനന്ദബോസ് ഒരു കൊല്ലത്തിനുള്ളിൽ ബംഗാളി ഭാഷയിൽ പ്രസംഗിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആറുമാസത്തിനുള്ളിൽ തന്നെ സംഘർഷ ബാധിത പ്രദേശങ്ങളിൽ ബംഗാളിഭാഷയിൽ പ്രസംഗത്തിന്റെ അരങ്ങേറ്റം നടത്തി അദ്ദേഹം ജനങ്ങളെ വിസ്മയിപ്പിച്ചു.
തുടർന്ന് ബംഗാളി ജനതയെ നേരിട്ട് സംബോധന ചെയ്യേണ്ട സന്ദർഭങ്ങളിലെല്ലാം ഏറെ ഗൃഹപാഠം ചെയ്ത് ബംഗാളിയിൽ തന്നെ പ്രസംഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഉള്ളടക്കത്തിലും ഉച്ചാരണ ശുദ്ധിയിലും അദ്ദേഹം പുലർത്തുന്ന ജാഗ്രതയും ശുഷ്കാന്തിയും ഭാഷാപ്രേമികൾ ഏറെ കൗതുകത്തോടും ആശ്ചര്യത്തോടുമാണ് നിരീക്ഷിക്കുന്നത്.
നേരത്തെ സ്വാതന്ത്ര്യദിനം, ബംഗാൾ സ്ഥാപകദിനം, ദുർഗാപൂജ, ദീപാവലി ആഘോഷവേളകളിലും സർവകലാശാല വിവാദവിഷയങ്ങളിലും ബംഗാളിഭാഷയിൽ പ്രസംഗിച്ച് ഗവർണർ ആനന്ദബോസ് ബംഗാൾ ജനതയുടെ മനം കവർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: