ന്യൂദല്‍ഹി: സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനാണ് അയോദ്ധ്യ സാക്ഷ്യം വഹിച്ചതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ശ്രീരാമ ജന്മസ്ഥാനത്തെ അത്യന്തം പ്രൗഢമായ ക്ഷേത്രത്തില്‍ രാമവിഗ്രഹ പ്രതിഷ്ഠ നടന്ന ചരിത്ര നിമിഷത്തിനാണ് നാം സാക്ഷിയായത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പനുസരിച്ചാണ് ക്ഷേത്രം നിര്‍മിച്ചത്. ജനങ്ങളുടെ വിശ്വാസത്തിനൊപ്പം നീതിന്യായത്തിന്മേലുള്ള അവരുടെ വിശ്വാസ്യതയും തെളിയിക്കുന്നതാണ് അയോദ്ധ്യയിലെ ക്ഷേത്രം, ഭാരതത്തിന്റെ 75-ാം റിപ്പബ്ലിക് ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
75-ാം റിപ്പബ്ലിക് ദിനം രാജ്യയാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ്. റിപ്പബ്ലിക് ദിനമെന്നത് നമ്മുടെ അടിസ്ഥാന തത്ത്വങ്ങളെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലുമാണ്. ജനാധിപത്യം സാംസ്കാരിക വൈവിധ്യങ്ങളും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്നു. എല്ലാ വേര്‍തിരിവുകളും ഇല്ലാതാക്കാനും സാമൂഹ്യനീതി ഉറപ്പാക്കാനും ഭരണഘടനയുടെ സാന്നിധ്യം നമ്മെ സഹായിക്കുന്നു. രാജ്യത്തെ 140 കോടി ജനങ്ങളെ ഒരു കുടുംബമായി ചേര്‍ത്തു നിര്‍ത്തുകയാണ് ഈ റിപ്പബ്ലിക്. ലോകത്തെ ഏറ്റവും വലിയ കുടുംബമാണ് നമ്മുടേത്.
ജി20 ഉച്ചകോടി വിജയം രാജ്യത്തിനു വലിയ നേട്ടമായി. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കി, ലിംഗ സമത്വമെന്ന ആദര്‍ശത്തിലേക്ക് നാം കൂടുതല്‍ മുന്നേറുന്നു. നാരീശക്തി വന്ദന്‍ അധിനിയം സ്ത്രീ ശാക്തീകരണത്തിന് വിപ്ലവകരമായ സങ്കേതമായി മാറുകയും ഭരണ നിര്‍വഹണത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. ഭാരതത്തിന്റെ ചാന്ദ്ര, ആദിത്യ എല്‍ 1 ദൗത്യങ്ങള്‍ വലിയ നേട്ടങ്ങളാണ്. പുതിയ വര്‍ഷത്തില്‍ ഗഗന്യാന് അടക്കമുള്ള കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്കാണ് നാം തയാറെടുക്കുന്നത്. ശാസ്ത്ര മേഖലയിലെ നേട്ടങ്ങള്‍ കൂടുതല്‍ യുവാക്കള്‍ക്ക്, ശാസ്ത്ര, സാങ്കേതിക മേഖലകളിലെത്താന്‍ പ്രചോദനമേകുന്നു.
ശക്തമായ സാമ്പത്തിക ശക്തിയായി രാജ്യം വരുംവര്‍ഷങ്ങളിലും തുടരും. എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള വികസന പദ്ധതികള്‍ രാജ്യത്തെ നയിക്കുന്നു. അഞ്ചുവര്‍ഷത്തേക്കു കൂടി 81 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള ചരിത്രപരമായ തീരുമാനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു. എല്ലാവര്ക്കും കുടിവെള്ളം, അടച്ചുറപ്പുള്ള വീട് എന്നീ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഡിജിറ്റല്‍ വിപ്ലവവും ആയുഷ്മാന്‍ ഭാരത് അടക്കമുള്ള ഇന്‍ഷുറന്‍സ് പദ്ധതികളും പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും മതിയായ പരിരക്ഷയേകുന്നു. നമ്മുടെ കായികതാരങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച് രാജ്യത്തിന്റെ യശസുയര്‍ത്തി.
നിര്‍മിത ബുദ്ധിയും മെഷീന് ലേണിങ്ങും പോലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ ആവേശകരമായ അവസരങ്ങളാണ് യുവാക്കള്‍ക്കു നല്‍കുന്നത്. അവസര സമത്വം യുവാക്കള്‍ക്ക് ഉറപ്പാക്കാന്‍ സാധിക്കണം. യുവജനതയുടെ ആത്മവിശ്വാസമാണ് നാളത്തെ ഭാരതത്തെ കെട്ടിപ്പടുക്കുന്നത്. രാജ്യത്തെ നയിക്കുന്ന കര്‍ഷകരെയും തൊഴിലാളികളെയും അഭിനന്ദിക്കുന്നു. സായുധ സേനാംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു. രാജ്യത്തെ സര്‍വ തൊഴില്‍ മേഖലകളിലെയും ആളുകളെയും എല്ലാ പൗരന്മാരെയും റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ അഭിവാദ്യം ചെയ്യുന്നു, ആശംസകള്‍ നേരുന്നു, രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: