‘ഷട് ഭകാര’ങ്ങളില്‍ നാലാമത്തേത് ഭാഷയാണ്. കുടുംബത്തില്‍ മാതൃഭാഷയ്ക്ക് പ്രാമുഖ്യം കൊടുക്കണം. കാരണം ഭാഷ, പാരമ്പര്യത്തിന്റേയും സംസ്ക്കാരത്തിന്റേയും ബീജവാഹകരാണ്. വ്യക്തിക്കെന്ന പോലെ സമൂഹത്തിനും വികാരവിചാരങ്ങളുണ്ടണ്ട്. അത് ഭാഷയില്‍കൂടിയാണ് പ്രകടമാകുന്നത്. ഉദാഹരണത്തിന് എല്ലാം എന്നര്‍ത്ഥത്തില്‍ നാം ‘ഉപ്പു തൊട്ടു കര്‍പ്പൂരം വരെ’ എന്നു പ്രയോഗിക്കുന്നു. എന്നാല്‍ ഇതേ ആശയം ഇംഗ്ലീഷില്‍ pin to piano എന്നു പറയുന്നു. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയാകുമ്പോള്‍ പാചകം മുതല്‍ പൂജനം വരെ എന്ന ചിന്തയാണ്. എന്നാല്‍ pin to piano ഓഫീസില്‍ നിന്ന് നിശാശാലകളിലേക്കാണ് നമ്മുടെ ഭാവനകളെ നയിക്കുന്നത്. അതായത്, ഭാഷയും നമ്മുടെ ഭാവനകളെ സ്വാധീനിക്കുന്നുവെന്ന് ചുരുക്കം. ‘ധര്‍മം എന്ന പദത്തിന് സമാനാര്‍ഥ പദങ്ങള്‍ മറ്റു ഭാഷകളില്‍ ഇല്ലാത്തതിനു കാരണം ധര്‍മബോധം അവരെ സ്വാധീനിച്ചിരുന്നില്ല എന്നതു തന്നെ. മാതൃഭാഷ പെറ്റമ്മയും മറ്റു ഭാഷകള്‍ പോറ്റമ്മയുമാണ്.
ഭാഷ എന്നതുകൊണ്ട് ഏതു ഭാഷ എന്നതിലുപരി, ഭാഷാപ്രയോഗശൈലിയും ചിന്തനീയം തന്നെ. ഭാഷ പ്രയോഗിക്കുമ്പോള്‍ സ്നേഹത്തിന്റേയും ആദരവിന്റേയും ‘മേമ്പൊടി’ ചേര്‍ക്കണം. ഉദാഹരണത്തിന് മക്കളോടായാലും ‘വാ’, ‘പോ’ എന്നിങ്ങനെ പറയുന്നതിനു പകരം ‘വരൂ’, ‘ പോകൂ’ എന്നു പറഞ്ഞു ശീലിക്കണം. ‘എടാ’, ‘എടീ’ പ്രയോഗങ്ങളും സംസ്ക്കാര തകര്‍ച്ചയെ സൂചിപ്പിക്കുന്നതാണ്.
ഒരു രസികന്‍ ഒരു വീടിനെ ‘മൃഗശാല’ എന്നാണ് വിശേഷിപ്പിച്ചത്. കാരണം വീട്ടിലെ അംഗങ്ങള്‍ പരസ്പരം സംബോധന ചെയ്തത് മൃഗശാലയിലെ മൃഗങ്ങളുടെ പേരു പറഞ്ഞായിരുന്നുവത്രേ.
അതുപോലെ, സംസാരത്തില്‍, അസത്യപ്രയോഗം, ചതി, വഞ്ചന, കലഹം എന്നിവ വീട്ടിലെ ഐശ്വര്യ ദേവതയെ അകറ്റി നിര്‍ത്തുന്നതായിരിക്കും. മാതൃഭാഷയെ, സ്നേഹിക്കണം എന്നു പറയുന്നതിനര്‍ഥം മറ്റു ഭാഷകളെ വെറുക്കണം എന്നല്ല. എത്രയും ഭാഷകള്‍ പ്രയോഗിക്കാന്‍ കഴിയുന്നത് വ്യക്തിയുടെ മികവു തന്നെയാണ്. നമ്മുടെ മാതൃഭാഷ അറിയാത്തവരുമായി സംവദിക്കാന്‍ ഇതു സഹായകരവുമായിരിക്കും. ഇംഗ്ലീഷുഭാഷ അറിഞ്ഞിരുന്നതിനാലാണ് സ്വാമി വിവേകാനന്ദന് ചിക്കാഗോയില്‍ പോയി ഭാരതമഹിമ പാശ്ചാത്യര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തത്. എന്നാല്‍ മലയാളവും ഇംഗ്ലീഷും (മറ്റു ഭാഷകളും) കൂട്ടിക്കലര്‍ത്തി പറഞ്ഞ് രണ്ടു ഭാഷയുടേയും സൗന്ദര്യം നഷ്ടമാക്കുന്നത് കഷ്ടം തന്നെ!
‘ഷട് ഭ കാര’ങ്ങളില്‍ അഞ്ചാമത്തേത് ഭൂഷ. ഒരു വ്യക്തിയുടെ ‘ഉള്ളിന്റെ ഭാഷ’ പുറത്തെ ‘ഭൂഷ’യില്‍ നിന്നറിയാം എന്നു പറയാറുണ്ട്. ഇന്നു ചില ‘പരിഷ്ക്കാരികളുടെ’ വേഷം കണ്ടാല്‍ വസ്ത്രം നഗ്നത മറയ്ക്കാനല്ല, പ്രദര്‍ശിപ്പിക്കാനാണ് എന്നു തോന്നിപ്പോകും. വസ്ത്രവിധാനത്തില്‍, സമൂഹമനസ്സ്, വേദനിക്കുന്നില്ല, എന്ന് ഉറപ്പു വരുത്തുന്നതിനാലാണ് മാന്യത കുടികൊളളുന്നത്. താന്‍ മറ്റുള്ളവരേയും മാനിക്കുന്നുവെന്ന് വസ്ത്രവിധാനത്തിലും പ്രകടമാക്കേണ്ടതുണ്ട്.
നാം ധരിക്കുന്ന വേഷം അവസരത്തെ ആദരിക്കുന്നതായിരിക്കണം. ഉദാഹരണത്തിന് സര്‍വാലങ്കാര വിഭൂഷിതനായി, ഒരാള്‍ ഒരു മരണവീട് സന്ദര്‍ശിക്കുന്നത് വിവരക്കേടല്ലെങ്കില്‍ ധിക്കാരം എന്നേ പറയാവൂ. വീടിനകത്തും പുറത്തും ചെരിപ്പു ധരിക്കുന്നത് ഇന്നു പരിഷ്ക്കാരത്തിന്റെ ഭാഗമാക്കപ്പെട്ടിരിക്കുന്നു. വേദികളില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കര്‍മം നിര്‍വഹിക്കുന്നതും വധൂവരന്മാരെ ആശീര്‍വദിക്കുന്നതും എല്ലാം ചെരിപ്പു ധരിച്ചുകൊണ്ടു തന്നെയാണ്. ക്ഷേത്രത്തിനകത്തു പാദരക്ഷ ഉപേക്ഷിക്കണമെന്നു പറഞ്ഞത് വേദിയുടെ ‘പവിത്രത’ കാത്തുസൂക്ഷിക്കാനാണ്. അതല്ലാതെ ദേവന് ചെരിപ്പു വിരോധി ആയതിനാലല്ല! പൊതുവേദികളുടെ പവിത്രതയും നാം മാനിക്കേണ്ടതുണ്ട്.
വേഷത്തിന്റെ അഭാവവും പ്രഭാവവും നിന്ദ്യമാണ് എന്നും ചിന്തിക്കപ്പെടുന്നു. ഒരു സദസ്സിനനുസരിച്ച് വേഷം ഉദാഹരണത്തിന് ഗണവേഷം (uniform) ധരിക്കാതിരിക്കുന്നത് അനുചിതമാണ്. വേഷത്തിലെ ആര്‍ഭാടവും അനൗചിത്യം തന്നെ. ചിലരെ കാണുമ്പോള്‍ വസ്ത്രാഭരണകടകളുടെ പരസ്യ ചുമതല അവര്‍ ഏറ്റെടുത്തിട്ടുണ്ട് എന്നു തോന്നിപ്പോകും. പരിമിതമായ ആഭരണങ്ങള്‍ വ്യക്തിത്വത്തെ പ്രശോഭിപ്പിക്കുമ്പോള്‍ ആടയാഭരണങ്ങളിലെ അതിപ്രസരം വ്യക്തിത്വശോഭയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.
വീടുകളില്‍ വസ്ത്രം, അന്നം, വൈദ്യുതി, വെള്ളം, ധനം എന്നിവയിലെല്ലാം മിതത്വം പാലിക്കേണ്ടതുണ്ട്. ഇതോടൊപ്പം സമയത്തേയും പരിഗണിക്കണം. അവനവന്റേയും മറ്റുള്ളവരുടേയും സമയം വൃഥാവിലാക്കാതിരിക്കാന് വേണ്ട മുന്‍കരുതലുകളും നാം സ്വീകരിക്കണം. നമ്മുടെ നിത്യോപയോഗ സാധനങ്ങളൊന്നും തന്നെ ദുര്‍വ്യയം ചെയ്യരുതെന്ന് താല്പര്യം.
‘ഷട് ഭകാരങ്ങ’ളില്‍ ആറാമത്തേതാണ് ഭ്രമണ്‍ അഥവാ പ്രവാസശീലം. നമുക്ക് അയല്‍വാസികളുമായി ശക്തമായ ആത്മബന്ധം പുലര്‍ത്താന്‍ കഴിയണം. ഇതു സമൂഹശക്തിയുടെ ഭാഗമാണ്. അവരുമായി അകൃത്രിമമായ സഹവാസം നാം ഉറപ്പുവരുത്തണം. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം അയല്‍വാസികളുടെ വീടു സന്ദര്‍ശിക്കുന്നത് ശീലമാക്കണം.
കൂടാതെ തീര്‍ഥാടനങ്ങളും ക്ഷേത്രദര്‍ശനങ്ങളും ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട്. കുടുംബ ക്ഷേത്രത്തില്‍ കുടുംബത്തോടു ചേര്‍ന്നും കുറച്ചകലെ വരുന്ന ക്ഷേത്രങ്ങളില്‍ അയല്‍വാസികളോടൊത്തും തീര്‍ഥാടനം നടത്തുന്നത് സമാജസമരസത ഊട്ടിവളര്‍ത്താന്‍ സഹായിക്കും. കൂടാതെ വര്‍ഷത്തിലൊരിക്കലെങ്കിലും കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലെ തീര്‍ഥാടന കേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും ചരിത്രപ്രധാനസ്ഥലങ്ങളും സന്ദര്‍ശിക്കണം. ഇതെല്ലാം നമ്മുടെ മാതൃഭൂമിയുടെ വിരാട്രൂപമാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: