ന്യൂദല്‍ഹി: ഇന്ന് ന്യൂദല്‍ഹിയില്‍ നടന്ന 14ാമത് ദേശീയ സമ്മതിദായക ദിനാചരണത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.
തദവസരത്തില്‍, 2023 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് 2023 ലെ മികച്ച ഇലക്ടറല്‍ പ്രാക്ടീസ്സ് അവാര്‍ഡുകള്‍ രാഷ്ട്രപതി സമ്മാനിച്ചു. വോട്ടര്‍മാരുടെ ബോധവല്‍ക്കരണത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതിന് സര്‍ക്കാര്‍ വകുപ്പുകളും മാധ്യമ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന പങ്കാളികള്‍ക്കും അവാര്‍ഡുകള്‍ നല്കി.
നമ്മുടെ ജനാധിപത്യത്തിന്റെ മഹത്തായ യാത്രയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. ഇതുവരെ 17 പൊതു തിരഞ്ഞെടുപ്പുകളും 400 ലേറെ നിയമസഭാ തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ വിജയകരമായ ഉപയോഗം ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങള്‍ക്കും മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും തെരഞ്ഞെടുപ്പു കമ്മീഷന് സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പോളിംഗ് സ്റ്റേഷനുകളില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇത്തരം ശ്രമങ്ങളിലൂടെ നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ പേരെ ഉള്‍കൊള്ളുന്നതായി അവര്‍ അഭിപ്രായപ്പെട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറില്‍ നിന്ന് ‘2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ഇസിഐ സംരംഭങ്ങളുടെ’ ആദ്യ കോപ്പി രാഷ്ട്രപതി ഏറ്റുവാങ്ങി. ‘വോട്ട് ചെയ്യുന്നത് പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യുന്നു’ എന്നതാണ് 2024ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: