തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്ന വാദമുഖങ്ങള്‍ ഉയര്‍ത്തിയ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി ഇഡി. തോമസ് ഐസക്കിന് മസാലബോണ്ടില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് ഇഡി ബുധനാഴ്ച കോടതിയില്‍ വാദിച്ചത്.
കിഫ്ബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനപ്രകാരമാണ് മസാല ബോണ്ടിറക്കാന്‍ തീരുമാനിച്ചതെന്ന വാദമാണ് തോമസ് ഐസക്ക് മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കിഫ്ബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ മിനിറ്റ്സും പുറത്തുവന്നിരിക്കുകയാണ്. മസാല ബോണ്ട് സംബന്ധിച്ച തീരുമാനമെടുത്ത യോഗത്തില്‍ സര്‍ക്കാരിന്റെ ഭാഗമല്ലാത്തവരും പങ്കെടുത്തെന്നും ഇഡി വാദിക്കുന്നു.
മസാല ബോണ്ട് ഇറക്കിയതിലും അവസാനിപ്പിക്കുന്നതിലും തോമസ് ഐസക്ക് നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നുവെന്നും പറയുന്നു. മസാല ബോണ്ട് കേസ് അട്ടിമറിക്കാന്‍ കിഫ്ബി ശ്രമിക്കുന്നതായും ഇഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തിന് നേരത്തെ നല്കിയ മറുപടിയ്ക്ക് പിന്നാലെയാണ് തോമസ് ഐസക്കിന്റെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
നാല് തവണ തോമസ് ഐസക്ക് സമന്‍സ് അവഗണിച്ചെന്നും ഇപ്പോള്‍ മാത്രമാണ് ഇഡിക്ക് വിശദീകരണം നല്കുന്ന തരത്തില്‍ മറുപടി നല്‍കിയതെന്നും പറയുന്നു. ബോണ്ടിറക്കിയതില്‍ വ്യക്തിപരമായ ഉത്തരവാദിത്വമില്ലെന്നും ധനമന്ത്രി എന്ന നിലയില്‍ കിഫ്ബിയുടെ ബോര്‍ഡംഗമായിരുന്നു എന്നത് മാത്രമേ തനിക്ക് മസാല ബോണ്ടുമായി ബന്ധമുള്ളൂ എന്നും പറഞ്ഞ് ഒഴിഞ്ഞുമാറുന്ന നിലപാടാണ് തോമസ് ഐസക്ക് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: