ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ തുടങ്ങാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഭാരത താരം വിരാട് കോഹ്ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് കുടുംബത്തോടൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന മുന്‍ ഭാരത നായകന്റെ ആവശ്യം ബിസിസിഐ അനുവദിക്കുകയായിരുന്നു. താരത്തിന്റെ വ്യക്തിപരമായ ആവശ്യത്തെ മാനിക്കണമെന്ന് ആരാധകരോട് ബിസിസിഐ ആവശ്യപ്പെട്ടു.
ഭാരത നായകന് രോഹിത് ശര്‍മ്മയുമായാണ് കോഹ്ലി തനിക്ക് വിട്ടുനില്ക്കേണ്ടിതിന്റെ അത്യാവശ്യം പങ്കുവച്ചത്. രോഹിത് അറിയിച്ചതനുസരിച്ച് ബിസിസിഐ കോഹ്ലിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. വാര്‍ത്താ കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം ഇന്നലെ വിശദമാക്കിയത്. രാജ്യത്തിനായി കളിക്കുകയെന്നതാണ് കോഹ്ലിയെ സംബന്ധിച്ച് മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കുന്നത്. പക്ഷെ വ്യക്തിപരമായ കാരണം ഒഴിവാക്കാനാവത്തതിനാല്‍ വിട്ടുനിന്നേ പറ്റൂ-ബിസിസിഐ വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കേണ്ടത് ആവശ്യമാണെന്നും, അതിന് ശേഷം താരം ടെസ്റ്റ് പരമ്പരയ്ക്ക് സജ്ജമായി തിരികെയെത്തുമെന്നും ബിസിസിഐ അറിയിച്ചു.
വ്യാഴാഴ്ച ഹൈദരാബാദിലാണ് ഭാരതവും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം. അഞ്ച് മത്സര പരമ്പരയില്‍ രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ വിശാഖപട്ടണത്ത് ആരംഭിക്കും. അടുത്ത 15ന് രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ കോഹ്ലി ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിനെതിരെ 42.36 റണ്‍സ് ശരാശരിയില്‍ 1991 റണ്‍സെടുത്തിട്ടുള്ള കോഹ്ലിക്ക് മികച്ച ട്രാക്ക് റിക്കാര്‍ഡാണുള്ളത്. താരത്തിന്റെ അഭാവത്തില്‍ നാലാം നമ്പര്‍ പൊസിഷനില്‍ ശ്രേയസ് അയ്യരെയോ കെ.എല്‍. രാഹുലിനെയോ കളിപ്പിക്കാനാണ് നീക്കം.
രഞ്ജി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി പരിചയ സമ്പന്നനായ ഭാരത ബാറ്റര്‍ ചേതേശ്വര്‍ പൂജാര ഇരട്ട സെഞ്ചുറി പ്രകടനമടക്കം നേടി മികച്ച ഫോമിലാണ്. താരത്തെ തിരിച്ച് ടീമിലെടുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലും ചിലപ്പോള്‍ കോഹ്ലി പിന്മാറുന്ന ഒഴിവില്‍ കളിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനില്‍ പുതുമുഖത്തെ പരീക്ഷിച്ചേക്കില്ല.
വ്യക്തിപരമായ കാരണത്താല്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പരമ്പരയില്‍ നിന്നും പൂര്‍ണമായും ഒഴിവായിരുന്നു. ഭാരതത്തിലേക്ക് പുറപ്പെട്ട ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം ബ്രൂക്ക് ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രിയോടെയാണ് ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ ഹൈദരാബാദില്‍ എത്തിയത്. കോഹ്ലി അടക്കമുള്ള ഭാരത താരങ്ങള്‍ ശനിയാഴ്ച ഹൈദരാബാദിലെത്തി. ഞായറാഴ്ച മുതല്‍ പരിശീലനം ആരംഭിക്കുകയും ചെയ്തു. ഇതിന്
ശേഷമാണ് കോഹ്ലി പിന്മാറാന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: